Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:47 AM IST Updated On
date_range 5 March 2018 10:47 AM ISTമുൻ വോളിബാൾ താരം ജയ്സമ്മ ജെ.മുത്തേടത്തിനെ ആദരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: മുൻ രാജ്യാന്തര വോളിബാൾ താരവും കെ.എസ്.ഇ.ബി ജീവനക്കാരിയുമായ ജയ്സമ്മ ജെ.മുത്തേടത്തിന് കെ.എസ്.ഇ.ബി വനിത വോളിബാൾ താരങ്ങളുടെ ആദരവ്. ഈ മാസം അവസാനം സർവിസിൽനിന്ന് വിരമിക്കുന്ന ജയ്സമ്മക്ക് 1993 മുതൽ 2017 വരെ കെ.എസ്.ഇ.ബിക്കായി കളിച്ച താരങ്ങളാണ് ആദരവ് നൽകിയത്. കെ.എസ്.ഇ.ബിയിൽ വോളിബാൾ ടീം ഉണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രതിഭയാണ് ജയ്സമ്മ. 1984ൽ കെ.എസ്.ഇ.ബിയിൽ എത്തുമ്പോൾ ജയ്സമ്മ മാത്രമായിരുന്നു കെ.എസ്.ഇ.ബിയിലെ ഏക വോളിബാൾ കളിക്കാരി. വോളിബാളിനോടുള്ള ആത്മാർഥമായ സ്നേഹം മൂലം കളിക്കാരെ ഉൾപ്പെടുത്തി ടീം രൂപവത്കരിക്കാനും അതിന് ബോർഡ് അധികൃതരുടെ അനുമതി നേടിയെടുക്കാനും ഉൾപ്പെടെ ജയ്സമ്മ വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയാത്തതാണെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഒളിമ്പ്യ ചേംബറിൽ നടന്ന ചടങ്ങിൽ ദ്രോണാചാര്യ അവാർഡ് ജേതാവും രാജ്യാന്തര ബോക്സിങ് കോച്ചുമായ ഡി. ചന്ദ്രലാൽ, മുൻ ഐ.ജി എസ്. ഗോപിനാഥ് എന്നിവർ മുഖ്യാതിഥികളായി. ജോലി നേടിക്കഴിഞ്ഞാൽ കളിയെ മറക്കുന്ന രീതി പാടില്ലെന്ന് ജയ്സമ്മ പറഞ്ഞു. വോളിബാളിനെ സ്നേഹിക്കുകയും അതിൽ മുന്നേറാനായി കഠിനമായി പ്രയത്നിക്കുകയും വേണം. തടസ്സങ്ങൾ എന്തൊക്കെ ഉണ്ടെങ്കിലും അതിനെ ശ്രദ്ധിക്കാതെ കഠിനമായി പരിശ്രമിക്കുകയും യത്നിക്കുകയും ചെയ്താൽ കൂടുതൽ ഉയരങ്ങളിലേക്കു മുന്നേറാൻ സാധിക്കുമെന്നും ജയ്സമ്മ പറഞ്ഞു. രാജ്യാന്തര വോളിബാൾ താരം പി.ആർ. ശ്രീദേവി, വൈ.എഫ്.ഐ അംഗം ചാർലി ജേക്കബ്, അർജുന അവാർഡ് ജേതാവ് സിറിൽ സി. വെല്ലൂർ, മുൻ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അബ്ദുൽ റസാക്ക്, കെ.എസ്.ഇ.ബി സ്പോർട്സ് കോഓഡിനേറ്റർ ആർ. രാജേഷ്, ചീഫ് എൻജിനീയർ ആർ. അനിൽകുമാർ, മുൻ ഡയറക്ടർ ബി. നീന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story