Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2018 11:14 AM IST Updated On
date_range 4 March 2018 11:14 AM ISTകെ.എം.എം.എൽ പ്രദേശത്തെ ഭൂമി ഏറ്റെടുക്കൽ; നടപടി വേഗത്തിലാക്കും
text_fieldsbookmark_border
ചവറ: കെ.എം.എം.എൽ കമ്പനിയുടെ പ്രവർത്തനംമൂലം മലിനീകരിക്കപ്പെട്ട പരിസര ഭാഗങ്ങളിലെ ഭൂമി ഏറ്റെടുക്കൽ ജോലി വേഗത്തിലാക്കും. മാർച്ച് 31ന് മുമ്പ് വില സംബന്ധിച്ച അന്തിമ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കാൻ കലക്ടർ ഡോ. എസ്. കാർത്തികേയൻ കെ.എം.എം.എൽ െഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തഹസിൽദാർ നിശ്ചയിച്ച ഭൂമി വിലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിനാണ് സ്ഥലം എം.എൽ.എ, കെ.എം.എം.എൽ എം.ഡി എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തിയത്. ചിറ്റൂർ, പന്മന, പൊന്മന, കളരി വാർഡുകളിൽനിന്ന് 87 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്നത്. കമ്പനി പ്രവർത്തനം മൂലം ഏറ്റവുമധികം മലിനപ്പെട്ട ചിറ്റൂർ, പൊന്മന വാർഡുകളിൽനിന്ന് 152 ഏക്കർ, കളരി --30 ഏക്കർ, പന്മന -അഞ്ച് ഏക്കർ എന്നിങ്ങനെയാണ് ഭൂമി ഏറ്റെടുക്കുന്നത്. നാലു വാർഡുകളിലാകെ 2546 വസ്തു ഉടമകളാണ് ഉള്ളത്. പ്രധാന പാതക്കരികിലും അല്ലാതെയുമായുള്ള ഭൂമിയെ നാല് കാറ്റഗറിയായി തരംതിരിച്ചിരിക്കുന്ന വിലയാണ് കലക്ടർ യോഗത്തിൽ അവതരിപ്പിച്ചത്. ഭൂമിയിലെ കെട്ടിടങ്ങൾ മരങ്ങൾ എന്നിവക്ക് രണ്ടാംഘട്ടമായി വില നിശ്ചയിക്കും. 2,64,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെയാണ് നിശ്ചയിച്ച കാറ്റഗറി പ്രകാരം സെൻറിന് ലഭിക്കുന്നത്. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആക്ഷൻ കൗൺസിൽ ഭാരവാഹികൾ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ചർച്ചയിൽ ഭൂമി അടിയന്തരമായി ഏറ്റെടുക്കണമെന്ന പൊതുവികാരമാണ് ഉയർന്നത്. അഞ്ച് സെൻറ് വരെ ഭൂമിയുള്ള കുടുംബങ്ങൾക്ക് ഗുണകരമാകുന്ന പാക്കേജ് നടപ്പാക്കണമെന്ന നിർദേശം ചർച്ചയിൽ അംഗങ്ങൾ ഉയർത്തി. ദേശീയപാതയോട് ചേർന്ന കളരി വാർഡിലെ ഭൂമി വിലയിൽ മാറ്റം വരുത്തണമെന്ന അഭിപ്രായവും ഉയർന്നു. ന്യായവിലക്കൊപ്പം എക്സ്ഗ്രേഷ്യ ശതമാനത്തിൽ മാന്യമായ വർധനയുണ്ടാകണമെന്നും അംഗങ്ങൾ പറഞ്ഞു. 11 വർഷക്കാലം മുമ്പ് പൊന്മനയിൽ കെ.എം.എം.എൽ ഭൂമി ഏറ്റെടുത്തപ്പോൾ വിലയുടെ 68 ശതമാനമാണ് എക്സ്ഗ്രേഷ്യയായി നൽകിയത്. എന്നാൽ, ഭൂമി ഏറ്റെടുക്കുന്നത് മാത്രമാണ് പ്രധാന പരിഗണനയിലുള്ളതെന്ന് കലക്ടർ യോഗത്തെ അറിയിച്ചു. ഏറ്റെടുക്കുന്ന ഭൂമിയിൽ കിൻഫ്രയുമായി സഹകരിച്ച് ഭാവിയിൽ വരുന്ന പ്രവർത്തനങ്ങൾ രണ്ടാംഘട്ടമാണെന്നും പുനരധിവാസം തൊഴിൽ എന്നീ വിഷയങ്ങൾ തുടർ ചർച്ചയിലൂടെ പരിഹരിക്കുമെന്നും കലക്ടർ യോഗത്തെ അറിയിച്ചു. വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 320 കോടിയാണ് സർക്കാർ കണക്ക് കൂട്ടിയിരിക്കുന്നത്. മാർച്ച് 31നകം അന്തിമ വിലവിവരം ഉൾപ്പെടുത്തിയ പ്രോജക്ട് സർക്കാറിന് സമർപ്പിക്കുമെന്ന് കലക്ടർ പറഞ്ഞു. എൻ. വിജയൻപിള്ള എം.എൽ.എ, കമ്പനി എം.ഡി റോയി കുര്യൻ, ചവറ ബ്ലോക്ക് പ്രസിഡൻറ് തങ്കമണിപിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാലിനി, ജില്ല പഞ്ചായത്ത് അംഗം ശോഭ, ഡെപ്യൂട്ടി കലക്ടർ സുകു, തഹസിൽദാർ സുധാറാണി ഗ്രാമ-ബ്ലോക്ക് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story