Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:11 AM IST Updated On
date_range 21 Jun 2018 11:11 AM ISTസ്വാതന്ത്ര്യസമര പെൻഷനുവേണ്ടി രാഘവൻ നടത്തിയത് മൂന്നര പതിറ്റാണ്ട് നീണ്ട പോരാട്ടം
text_fieldsbookmark_border
തിരുവനന്തപുരം: സര്‍ സി.പിയുടെ പട്ടാളത്തിനെതിരെ പുറത്തെടുത്ത പോരാട്ടവീര്യമൊന്നും ജനാധിപത്യ സർക്കാറിെൻറ ചുവപ്പുനാട അഴിക്കാൻ മതിയാകില്ലെന്ന് കെ.ആർ. രാഘവന് മനസ്സിലായത് സ്വാതന്ത്ര്യസമര സേനാനി പെൻഷനുവേണ്ടി അപേക്ഷ നൽകിയപ്പോഴാണ്. 1981ലാണ് അപേക്ഷ സമർപ്പിച്ചതെങ്കിലും അത് അനുവദിച്ചുകിട്ടാൻ നടത്തിയ 'പോരാട്ടം' ചെറുതല്ല. 45 തവണ പല ഒാഫിസുകളിൽ അപേക്ഷ നൽകി. ഒടുവിൽ കഴിഞ്ഞദിവസം പെൻഷൻ അനുവദിച്ച് ഉത്തരവിറങ്ങി. പുന്നപ്ര-വയലാർ സമരത്തിെൻറ ഭാഗമായി നിലവറയിൽനിന്ന് രക്ഷപ്പെട്ട നാലുപേരിൽ ഒരാളായ ചേർത്തല കടക്കരപള്ളി പഞ്ചായത്തിലെ ചുള്ളിക്കൽത്തറ വീട്ടിൽ കെ.ആർ. രാഘവനാണ് (91) സംസ്ഥാന സർക്കാർ പെൻഷനുവേണ്ടി ഒാഫിസുകൾ കയറിയിറങ്ങിയത്. ഒൗദ്യോഗികരേഖകളുടെ പോരായ്മ ചൂണ്ടിക്കാട്ടി ആദ്യം നൽകിയ അപേക്ഷ നിരസിക്കുകയായിരുന്നെന്ന് കുടുംബാംഗങ്ങൾ പറയുന്നു. അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. പി.കെ. ചന്ദ്രാനന്ദെൻറ സർട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷ നൽകിയത്. നിരന്തരം അപേക്ഷകൾ നൽകി. 2017 ഏപ്രിൽ 23ന് നൽകിയ അപേക്ഷയിൽ പുനരന്വേഷണം നടത്തി വ്യക്തമായ ശിപാർശ സഹിതം റിപ്പോർട്ട് സമർപ്പിക്കാൻ ആലപ്പുഴ ജില്ല കലക്ടറോട് പൊതുഭരണവകുപ്പ് ആവശ്യപ്പെട്ടതാണ് വീണ്ടും ഫയലിന് ജീവൻവെക്കാൻ കാരണം. റിപ്പോർട്ടിനൊപ്പം ചേർത്തല തഹസിൽദാരുടെ കത്ത്, 1981 ജൂലൈ 27ന് സമർപ്പിച്ച അപേക്ഷയുടെ പകർപ്പ്, അപേക്ഷകനൊപ്പം ജയിൽവാസമനുഷ്ഠിച്ച പുന്നപ്ര ഹനുമാൻ പറമ്പിൽ ചക്രപാണിയുടെ വ്യക്തിപരിചയ സാക്ഷ്യപത്രത്തിെൻറ പകർപ്പ്, അപേക്ഷകനെക്കുറിച്ച് പരാമർശിച്ചിട്ടുള്ള പുസ്തകങ്ങളുടെയും പത്രവാർത്തകളുടെയും പ്രസക്തഭാഗങ്ങൾ എന്നിവയും കലക്ടർ ഉൾപ്പെടുത്തി. ജില്ല കലക്ടർ നടപടിക്രമം പുറപ്പെടുവിക്കുന്ന തീയതി മുതൽ രാഘവന് പെൻഷൻ ലഭിച്ചുതുടങ്ങും. മേനാശേരി സമരത്തിൽ ജീവൻ നഷ്ടമായ അനഘാശയെൻറ സഹോദരനാണ് രാഘവൻ. 1946 ഒക്ടോബർ 25നായിരുന്നു 13കാരനായ അനഘാശയെൻറ രക്തസാക്ഷിത്വം. എം.ജെ. ബാബു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story