Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:44 AM IST Updated On
date_range 20 Jun 2018 10:44 AM ISTരാഷ്ട്രീയ വർഗീയ വിദ്വേഷങ്ങൾക്ക് മറുപടി കലയിലൂടെ-കമൽ
text_fieldsbookmark_border
തിരുവനന്തപുരം: രാഷ്ട്രീയ വർഗീയ വിദ്വേഷങ്ങൾ വെല്ലുവിളി ഉയർത്തുമ്പോൾ കല അതിനുള്ള മറുപടിയും ആശ്വാസവുമാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. മലയാള സാംസ്കാരികവേദിയുടെ ഈ വർഷത്തെ കാക്കനാടൻ പുരസ്കാര സമർപ്പണ സമ്മേളനം പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള സാഹിത്യത്തിൽ ആധുനികതയുടെ അമരക്കാരനാണ് കാക്കനാടൻ. പച്ചയായ മനുഷ്യെൻറ ജീവിതകഥകളാണ് കാക്കനാടൻ മലയാളത്തിന് സമ്മാനിച്ചത്. ജീവിതത്തെ സത്യസന്ധമായും പച്ചയായും നോക്കിക്കാണാൻ ഒരു തലമുറയെ അദ്ദേഹം പഠിപ്പിക്കുകയും ചെയ്തു. എഴുപതുകളിൽ ഏറ്റവുമധികം വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഉഷ്ണമേഖല, അജ്ഞതയുടെ താഴ്വാരം, മഴനിഴൽ പ്രദേശം എന്നിവയൊക്കെ താനുൾപ്പെടുന്ന തലമുറയെ വിസ്മയിപ്പിച്ചുവെന്നും കമൽ പറഞ്ഞു. മലയാള സാംസ്കാരികവേദിയുടെ രണ്ടാമത് കാക്കനാടൻ പുരസ്കാരം അർഷാദ് ബത്തേരിക്ക് കമൽ സമ്മാനിച്ചു. 'മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും'എന്ന കൃതിയാണ് അവാർഡിന് അർഹമായത്. കവിയും മുൻ മന്ത്രിയുമായ പന്തളം സുധാകരൻ അധ്യക്ഷതവഹിച്ചു. കഥാകൃത്തുക്കളായ ബാബു കുഴിമറ്റം, ബി. മുരളി, സാഹിത്യ നിരൂപകൻ സുനിൽ സി.ഇ, അവാർഡ് ജേതാവ് അർഷാദ് ബത്തേരി എന്നിവർ സംസാരിച്ചു. മലയാള സാംസ്കാരിക വേദി ചെയർമാൻ അൻസാർ വർണന സ്വാഗതവും പ്രോഗ്രാം കൺവീനൻ അഡ്വ. സിദ്ധാർത്ഥൻ നന്ദിയും പറഞ്ഞു. കാക്കനാടൻ അവാർഡിനായുള്ള കഥാമത്സരം പൊതുവിഭാഗത്തിൽ ഒന്നാം നേടിയ അജിത് കട്ടയ്ക്കാലിനും രണ്ടാം സ്ഥാനം നേടിയ ഫർസാന അലിക്കും വിദ്യാർഥി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നൗഫലിനും രണ്ടാം സ്ഥാനം നേടിയ രോഹിണിക്കും അവാർഡും സർട്ടിഫിക്കറ്റും ചടങ്ങിൽ സമ്മാനിച്ചു. കോട്ടൺഹിൽ സ്കൂൾ ലൈബ്രറിക്ക് വായനദിനം പ്രമാണിച്ച് മലയാള സാംസ്കാരികവേദിയുടെ പുസ്തക കിറ്റും അർഷാദ് ബത്തേരിയുമായി സംവാദത്തിലേർപ്പെട്ട കോട്ടൺഹിൽ സ്കൂളിലെ എട്ടാം ക്ലാസുകാരായ വിദ്യാർഥിനികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കാക്കനാടൻ പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story