നദീജലസംഭരണത്തിന് ഗോവൻ ബന്ധാര മാതൃക നടപ്പാക്കുന്നു

05:51 AM
14/06/2018
*ആദ്യഘട്ടം അഞ്ച് നദികൾ തിരുവനന്തപുരം: വരൾച്ച പ്രതിരോധിക്കാൻ സംസ്ഥാനത്ത് ഗോവൻ മാതൃകയിൽ നദീജല സംഭരണികൾ നിർമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആദ്യഘട്ടം പാലക്കാട് തൂതപ്പുഴ, ഭവാനിപ്പുഴ, കാസർകോട് ചന്ദ്രഗിരി, വയനാട്ടിലെ പനമരം പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻ കോവിലാർ എന്നിവിടങ്ങളിലും ഉപനദികളിലുമാണ് ഗോവയിൽ 'ബന്ധാര' എന്ന് വിളിക്കുന്ന ജലസംഭരണികളുണ്ടാക്കാൻ തീരുമാനിച്ചത്. ഇത് പൂർത്തിയാകുമ്പോൾ 1938 കോടി ലിറ്റർ വെള്ളം കൂടുതൽ ലഭിക്കുമെന്നാണ് കണക്ക്. വരൾച്ച പ്രതിരോധ നടപടികൾ നിർദേശിക്കാൻ ജലസേചന വകുപ്പ് ചീഫ് എൻജിനീയർ ടെറൻസ് ആൻറണി (ഐ.ഡി.ആർ.ബി) ചെയർമാനായി സാങ്കേതിക സമിതിയെ ജലവിഭവ വകുപ്പ് നിയോഗിച്ചിരുന്നു. വി.എം. സുനിൽ (മിഷൻ മോണിറ്ററിങ് ടീം), എബ്രഹാം കോശി (കൺസൾട്ടൻറ്, ഹരിത കേരളം മിഷൻ) എന്നിവരും ജലസേചന വകുപ്പിലെ അഞ്ച് എൻജിനീയർമാരും അടങ്ങുന്നതായിരുന്നു സമിതി. സമിതിയുടെ ശിപാർശ പ്രകാരമാണ് ഗോവൻ മാതൃക പരീക്ഷിക്കാൻ തീരുമാനിച്ചത്. ഹരിത കേരള മിഷനുമായി സഹകരിച്ച് ജലവിഭവവകുപ്പാണ് ഇത് നടപ്പാക്കുക. വരൾച്ചയുടെ മുഖ്യകാരണം മഴക്കുറവല്ലെന്ന് പഠന സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. 1871 മുതൽ 2008 വരെയുള്ള മഴലഭ്യത സമിതി വിശകലനം ചെയ്തു. കാലവർഷത്തിൽ മഴക്കുറവ് രേഖപ്പെടുത്തിയെങ്കിലും തുലാവർഷവും വേനൽ മഴയും ശീതകാല മഴയും കൂടുതൽ ലഭിച്ചെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പെയ്യുന്ന മഴ വേഗം കടലിലേക്ക് ഒഴുകിപ്പോകുന്നതാണ് വരൾച്ചയുടെ പ്രധാന കാരണം. ലഭിക്കുന്ന മഴ ഉപരിതലത്തിലും ഭൂഗർഭത്തിലും വേണ്ടത്ര സംഭരിക്കപ്പെടുന്നില്ല. വനവിസ്തൃതിയിലും തണ്ണീർത്തട വിസ്തൃതിയിലും വന്ന കുറവ്, നദികളിലെ മണൽ ഖനനം എന്നിവ ഇതിന് കാരണമാണെന്ന് സമിതി അഭിപ്രായപ്പെട്ടു. മന്ത്രി മാത്യു ടി. തോമസ്, ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ഹരിത കേരള മിഷൻ ചെയർപേഴ്സൺ ടി.എൻ. സീമ, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കർ, സർക്കാറി​െൻറ വികസന ഉപദേഷ്ടാവ് സി.എസ്. രിത് തുടങ്ങിയവർ പങ്കെടുത്തു. എന്താണ് ബന്ധാര --------------------------- നദികളിൽ പണിയുന്ന െറഗുലേറ്ററി​െൻറ ലളിതവും ചെലവ് കുറഞ്ഞതും എളുപ്പം പ്രവർത്തിപ്പിക്കാവുന്നതുമായ മാതൃകയാണ് ഗോവൻ ബന്ധാരകൾ. ഗോവയിൽ നാനൂറിലധികം ബന്ധാരകൾ ഉപയോഗത്തിലുണ്ട്. നദിയിൽ കുറുകെ രണ്ടുമീറ്റർ ഇടവിട്ട് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചശേഷം ഫൈബർ റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്.ആർ.പി) കൊണ്ട് ഷട്ടർ ഇടുകയാണ് ചെയ്യുന്നത്. നദിയുടെ താഴ്ചക്കനുസരിച്ച് നാലോ അഞ്ചോ കിലോമീറ്റർ ഇടവിട്ട് ബന്ധാര പണിയും. മഴക്കാലം കഴിയുന്ന ഉടനെ ഷട്ടറുകളിട്ട് പൂർണ ഉയരത്തിൽ വെള്ളം സംഭരിക്കും. ജലനിരപ്പ് കുറയുന്നതനുസരിച്ച് ഷട്ടറുകൾ ഓരോന്നായി മാറ്റി വെള്ളം നിയന്ത്രിതമായി ഒഴുക്കിവിടും. മഴ തുടങ്ങിയാൽ ഷട്ടറുകൾ പൂർണമായി തുറക്കും. അതിനാൽ മഴക്കാലത്ത് നദികളിൽ സ്വാഭാവിക ഒഴുക്കുണ്ടാകും. പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാക്കാനും മത്സ്യസമ്പത്ത് സംരക്ഷിക്കാനും അതുമൂലം കഴിയും.
Loading...
COMMENTS