Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:14 AM IST Updated On
date_range 22 July 2018 11:14 AM ISTകര്‍ഷകരില്‍നിന്ന് സഹകരണ സംഘങ്ങള്‍ സ്ഥിരമായി നെല്ല് സംഭരിക്കും -മന്ത്രി കടകംപള്ളി
text_fieldsbookmark_border
തിരുവനന്തപുരം: കര്‍ഷകരില്‍നിന്ന് സഹകരണ സംഘങ്ങള്‍ നെല്ല് സംഭരിച്ച് മായം കലരാത്ത നല്ല അരിയാക്കി പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്ന സംവിധാനം സംസ്ഥാനത്ത് സ്ഥിരമായി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് ജില്ലയിലെ കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ. ബാലെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പ്രാവശ്യം 26,000 കര്‍ഷകര്‍ക്കാണ് ഈ സംവിധാനം പ്രയോജനപ്പെട്ടതെങ്കില്‍ ഇത്തവണ 78,000 കര്‍ഷകര്‍ക്ക് ഇതു ഗുണകരമാകുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഒരു കാരണവശാലും കര്‍ഷകരുടെ നെല്ല് പാടത്തു കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. സംഭരണവില സമയബന്ധിതമായി സഹകരണ സംഘങ്ങള്‍ കര്‍ഷകര്‍ക്കു നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി പറഞ്ഞു. നെല്ല് സംഭരണത്തിനാവശ്യമായ ഗോഡൗണ്‍ സൗകര്യം ഉറപ്പാക്കാനും നെല്ല് അരിയാക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ മില്ലുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് മില്ലുടമകളുമായി ഉടമ്പടിയിലെത്തുന്നതിനും ജില്ല കലക്ടറെ യോഗം ചുമതലപ്പെടുത്തി. ആവശ്യമായ തീരുമാനമെടുക്കുന്നതിന് ജില്ല കലക്ടര്‍ ചെയര്‍മാനും സഹകരണ ജോയൻറ് രജിസ്ട്രാര്‍ കണ്‍വീനറും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, ജില്ല സപ്ലൈ ഓഫിസര്‍, സിവില്‍ സപ്ലൈസ് റീജനല്‍ മാനേജര്‍, ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ എന്നിവര്‍ അംഗങ്ങളുമായി സ്ഥിരം സംവിധാനം രൂപവത്കരിക്കും. സംഭരണവില യഥാസമയം കര്‍ഷകരിലെത്തിക്കുന്നതിന് ജില്ല ബാങ്കിെൻറ നേതൃത്വത്തില്‍ 200 കോടി രൂപയുടെ കണ്‍സോർട്യം രൂപവത്കരിക്കാന്‍ സഹകരണ ജോയൻറ് രജിസ്ട്രാറെ ചുമതലപ്പെടുത്തി. പാലക്കാട് ജില്ലയിലെ മില്ലുടമകളുടെയും സഹകരണസംഘങ്ങളുടെയും കര്‍ഷകരുടെയും പ്രത്യേകം യോഗങ്ങള്‍ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ക്കും. യോഗത്തില്‍ എം.എല്‍.എമാരായ കെ. കൃഷ്ണന്‍കുട്ടി, പി. ഉണ്ണി, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി, കലക്ടര്‍ ഡി. ബാലമുരളി, സഹകരണ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story