Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2018 11:14 AM IST Updated On
date_range 16 July 2018 11:14 AM ISTകനത്ത മഴയും കാറ്റും: വർക്കലയിൽ വ്യാപക കൃഷിനാശം
text_fieldsbookmark_border
വർക്കല: കനത്തമഴയിൽ വർക്കല മേഖലയിൽ വ്യാപകനാശം. താലൂക്കിലെ നാല് വീടുകൾക്ക് മുകളിൽ മരങ്ങൾ കടപുഴകി നാശമുണ്ടായി. രണ്ട് ഹെക്ടറിലധികം പച്ചക്കറിക്കൃഷിയും നശിച്ചു. മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി ലൈനുകളും തൂണുകളും തകർന്നു. പലയിടത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. അകത്തുമുറി, ചെമ്മരുതി, വെട്ടൂർ, നാവായിക്കുളം, കായൽപുറം എന്നിവിടങ്ങളിലാണ് വീടുകൾക്ക് നാശനഷ്ടമുണ്ടായത്. ഇരുപതോളം വീടുകൾക്ക് നാശനഷ്ടമുണ്ടായതായാണ് വിവരം. ഓണത്തിന് വിളവെടുക്കാൻ പാകത്തിൽ കൃഷി ചെയ്തിരുന്ന ജൈവ പച്ചക്കറി കൃഷിയുടെ മുക്കാൽ ഭാഗവും നശിച്ചു. ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ മാത്രം ഒന്നര ഹെക്ടറോളം പച്ചക്കറി കൃഷ് നശിച്ചു. വൻതോതിൽ കൃഷിയിറക്കിയ കോവൂർ, പനയറ, പാളയംകുന്ന് എന്നിവിടങ്ങളിലെ പച്ചക്കറി തോട്ടങ്ങൾ കാറ്റിൽപെട്ട് നശിച്ചു. രാവിലെ ആറരയോടെ അയിരൂർ കൊച്ചുപാരിപ്പള്ളി ജങ്ഷനിൽ പടിഞ്ഞാറേവിള വീട്ടിൽ പ്രഭാകരെൻറ പുരയിടത്തിൽ നിന്ന കൂറ്റൻ ഈട്ടി മരം കടപുഴകി റോഡിലേക്ക് വീണു. 11കെ.വി ലൈനും മറ്റു ലൈനുകളും പൊട്ടി. പൂർണമായും റോഡിനു കുറുകെ വീണ മരം നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന മുറിച്ചുമാറ്റി. നാലു മണിക്കൂറോളം കൊച്ചുപാരിപ്പള്ളി-ഗ്യാസ് പ്ലാൻറ്-പാരിപ്പള്ളി റോഡിലെ ഗതാഗതം സ്തംഭിച്ചു. രാവിലെ എട്ടരയോടെ നടയറ മുസ്ലിം ജമാഅത്ത് മസ്ജിദിന് സമീപത്തെ കൂറ്റൻ തെങ്ങ് റോഡിലേക്ക് കടപുഴകി. 11 കെ.വി ലൈനും എൽ.ടി ലൈനുകളും പൊട്ടിതാറുമാറായി. രാവിലെ വർക്കല മരക്കടമുക്കിന് സമീപം പന്തുവിളയിൽ വൈദ്യുതി ലൈനിനു മുകളിലൂടെ തേക്കുമരം ഒടിഞ്ഞുവീണു. പുത്തൻചന്ത പനമൂട് ക്ഷേത്രത്തിന് സമീപം മരം ഒടിഞ്ഞുവീണ് വൈദ്യുതി തൂൺ ഒടിയുകയും ലൈൻകമ്പികൾ പൊട്ടുകയും ചെയ്തു. മുണ്ടയിൽ മംഗല ആശുപത്രിക്ക് സമീപം തെങ്ങും കാട്ടുമരവും ഒടിഞ്ഞ് തോപ്പുവിളയിൽ രാജേന്ദ്രൻനായരുടെ വീടിന് മുകളിലേക്ക് വീണു. വീടിെൻറ ഷീറ്റ് മേഞ്ഞ ഭാഗത്ത് നാശനഷ്ടമുണ്ടായി. കായൽപുറം കുളങ്ങരവീട്ടിൽ അബ്ദുൽ റഫീഖിെൻറ വീടിന് മുകളിലേക്ക് തേക്കുമരം ഒടിഞ്ഞുവീണു മേൽക്കൂര ഭാഗികമായി തകർന്നു. ചെമ്മരുതി, ഇലകമൺ എന്നിവിടങ്ങളിലെ നെൽപാടങ്ങളിൽ മഴവെള്ളം നിറഞ്ഞുനിൽക്കുകയാണ്. മഴ കനക്കുകയാണെങ്കിൽ വെള്ളക്കെട്ടിൽ നിൽക്കുന്ന നെൽച്ചെടികൾ നശിക്കാനിടയാവും. തീരമേഖലയിലും മഴയും കാറ്റും കനത്തഭീതി വിതച്ചിട്ടുണ്ട്. കടൽതീരങ്ങൾ ഏതാണ്ട് വിജനമാണ്. കടൽക്ഷോഭം ഭയന്ന് മത്സ്യത്തൊഴിലാളികൾ ഞായറാഴ്ച മത്സ്യബന്ധനത്തിന് പോയില്ല. വീശിയടിക്കുന്ന തിരമാലകൾ തീരവും കവർന്നെടുക്കുന്നുണ്ട്. തീരപ്രദേശത്തും കനത്തകാറ്റ് നാശംവിതച്ചു. പലയിടങ്ങളിലും കൂറ്റൻ തെങ്ങുകൾ ഒടിഞ്ഞുവീണു. പാപനാശം കുന്നുകളും കനത്തമഴയുടെ ഭീഷണിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story