എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

05:53 AM
12/07/2018
കൊല്ലം: മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു. ജില്ലയില്‍ പുനലൂര്‍, പാലത്തറ, കുളത്തൂപ്പുഴ, ഇളമ്പള്ളൂര്‍, പിറവന്തൂര്‍, മേലില, വെസ്റ്റ് കല്ലട മേഖലകളില്‍ രോഗംകൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഈ വര്‍ഷം ഇതുവരെ 39 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും നാലു പേര്‍ മരണപ്പെടുകയും ചെയ്തു. വിവിധ ആശുപത്രികളില്‍ ചികിത്സതേടിയ 62 പേര്‍ക്ക് എലിപ്പനി ബാധിച്ചതായി സംശയിക്കപ്പെടുന്നു. പനി, കടുത്ത തലവേദന, ഇടുപ്പിലും മാംസപേശികളിലും കഠിനമായ വേദന, കണ്ണിന് ചുവപ്പ് നിറം, മൂത്രത്തിന് മഞ്ഞനിറം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍ മരണം സംഭവിക്കാം. എലിപ്പനിക്കെതിരെ ഫലപ്രദമായ ഡോക്സിസൈറ്റിന്‍ എന്ന മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. തൊഴിലുറപ്പ് ജീവനക്കാരും പാടത്ത് പണിയെടുക്കുന്നവരും മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും രോഗപ്രതിരോധത്തിനായി കൈയുറകളും ഗംബൂട്ടുകളും ഉപയോഗിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണം. തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ഒരുദിവസം മുമ്പ് ഡോക്സിസൈറ്റിന്‍ ഗുളിക കഴിക്കണം. മറ്റ് അസുഖങ്ങള്‍ക്ക് മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഈ ഗുളിക ഉപയോഗിക്കാം. പനിയോടൊപ്പം മഞ്ഞപ്പിത്തത്തി​െൻറ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കാം. സ്വയംചികിത്സ ഒഴിവാക്കി, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടണം. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മേഖലകളിലെ ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം -ഡി.എം.ഒ നിര്‍ദേശിച്ചു.
Loading...
COMMENTS