Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2018 10:44 AM IST Updated On
date_range 10 July 2018 10:44 AM ISTചില്ലറയല്ല കല്ലറക്കാര്യം
text_fieldsbookmark_border
അധികാരിവർഗത്തിെൻറ തിട്ടൂരങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ ആത്മാഭിമാനം പണയപ്പെടുത്താതെ നിവർന്നുനിന്ന് പടപൊരുതിയവരുടെ വീരസ്മരണകൾ ഇരമ്പുന്ന നാടാണ് കല്ലറ-പാേങ്ങാട്. 1939ല്‍ നടന്ന കല്ലറ-പാങ്ങോട് പ്രേക്ഷാഭമാണ് ഈ ഗ്രാമത്തിന് സ്വാതന്ത്യ്രസമരകാലത്തെ തിരുവിതാംകൂറിെൻറ രാഷ്ട്രീയചരിത്രത്തില്‍ സ്ഥാനം നേടിക്കൊടുത്തത്. വടക്ക് ഭരതന്നൂര്‍ മുതല്‍ തെക്ക് അരുവിപ്പുറം ആറ്റിെൻറ സമീപംവരെ നീളുന്ന പ്രദേശങ്ങളെയെല്ലാം ചേർത്ത് 'കല്ലറ-പാങ്ങോട്' എന്നാണ് പുറത്തുള്ളവർ വിളിച്ചിരുന്നത്. കാര്‍ഷികവൃത്തിയായിരുന്നു ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗം. കുരുമുളക്, അടയ്ക്ക, തേങ്ങ, അടയ്ക്ക, മരക്കിഴങ്ങ്, വാഴ, ഇഞ്ചി, വെറ്റില എന്നിവയുടെ ഉല്‍പാദനത്തില്‍ വർഷങ്ങൾക്കുമുേമ്പ പ്രശസ്തി നേടിയിരുന്നു ഇവിടം. തെക്കന്‍തിരുവിതാംകൂറിലെ പ്രധാനപ്പെട്ട മലഞ്ചരക്കുവിപണികളിലൊന്നായിരുന്നു കല്ലറ. സമൃദ്ധമായ ചരിത്ര പാരമ്പര്യം അവകാശപ്പെടാനുണ്ടെങ്കിലും കാലമാറ്റത്തിൽ വികസനവേഗത്തിനൊപ്പം പല കാരണങ്ങളാൽ ഒാടിയെത്താൻ കല്ലറ-പാങ്ങോട് മേഖലക്കായില്ല. അടിസ്ഥാനസൗകര്യങ്ങളിലടക്കം നിസ്സഹായതയും പങ്കപ്പാടുകളും മാത്രമാണ് ഒരുവേള തെക്കൻ ആലപ്പുഴ എന്ന് വിശേഷിപ്പിക്കാവുന്ന കല്ലറക്ക് പങ്കുവെക്കാനുള്ളത്. പ്രകൃതിരമണീയമാണ്, പക്ഷേ, മൂക്കുപൊത്താതെ നിവൃത്തിയില്ല സംസ്ഥാന പാതയിൽനിന്ന് മാറി, ജില്ലയിലെ പ്രധാന ടൂറിസം മേഖലയായ പൊന്മുടി സ്ഥിതിചെയ്യുന്ന പെരിങ്ങമ്മല പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന മലയോരഗ്രാമമാണ് പാങ്ങോട് പഞ്ചായത്ത്. പച്ചപിടിച്ച കുന്നുകളും ചെറുസമതലങ്ങളും താഴ്വാരകളും നിറഞ്ഞ ഭൂപ്രദേശം. 19 വാർഡുകളുള്ള പഞ്ചായത്തിൽ 35,000ത്തിന് മുകളിലാണ് ജനസംഖ്യ. ജനസംഖ്യയിൽ 90 ശതമാനവും കാർഷിക മേഖലയെ ആശ്രയിച്ച് കഴിയുന്നവർ. ഇവരിൽ 60 ശതമാനത്തോളവും കൃഷിയിലൂടെ ഉപജീവനം നടത്തുന്നവരാണ്. പട്ടികജാതി-വർഗ, പിന്നാക്ക വിഭാഗക്കാരാണ് ഏറെയും. ജില്ലയിലെതന്നെ ഏറ്റവും വലിയ പട്ടികജാതി കോളനിയായ ഭരതന്നൂർ അംബേദ്കർ കോളനി പഞ്ചായത്തിലാണ്. പട്ടികവർഗ വാർഡായ മണക്കോട്, പട്ടികവർഗത്തിന് മുൻതൂക്കമുള്ള അടപ്പുപാറ, വെള്ളയംദേശം എന്നീ വാർഡുകളും പാങ്ങോട് പഞ്ചായത്തിലാണ്. മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ അപര്യാപ്തത ജനങ്ങളെ വല്ലാതെ വെട്ടിലാക്കുന്നു. മാർക്കറ്റുകളും തെരുവോരങ്ങളും വനപ്രദേശങ്ങളുമെല്ലാം മാലിന്യംതള്ളൽ കേന്ദ്രങ്ങളായി മാറി. സ്വാതന്ത്ര്യസമര ചരിത്രത്തോളം പഴക്കമുള്ള പാങ്ങോട് മാർക്കറ്റ്, ഭരതന്നൂർ മാർക്കറ്റ് എന്നിവയാണ് നിലവിൽ പ്രവർത്തിക്കുന്ന പ്രധാന ചന്തകൾ. രണ്ടിടത്തും മാലിന്യ സംസ്കരണ സംവിധാനങ്ങളില്ല. പഞ്ചായത്ത് വാർഷിക ബജറ്റിൽ ലക്ഷങ്ങൾ വകയിരുത്തുന്നതല്ലാതെ പ്രാഥമിക നടപടി പോലും തുടങ്ങുന്നില്ല. പാങ്ങോട് മാർക്കറ്റ് മാലിന്യക്കൂമ്പാരമായി മാറിയിട്ട് കാലമേറെയായി. വേനൽമഴയിലും കാലവർഷത്തിലും മാലിന്യം അഴുകി ഇവിടെനിന്നുമുയരുന്ന ദുർഗന്ധം മേഖലയിലെ കച്ചവടക്കാരെയും പൊതുജനങ്ങളെയും ഏറെ വലക്കുന്നുണ്ട്. ചന്തയിൽ മുൻപഞ്ചായത്ത് ഭരണ സമിതി ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഷെഡുകൾ ഉപയോഗശൂന്യമായി നശിക്കുകയാണ്. ചന്തയിൽ ബാക്കിയാകുന്ന അഴുകിയ മത്സ്യങ്ങളും പച്ചക്കറികളുമൊക്കെ ഇതിന് പിന്നിലാണ് തള്ളുന്നത്. ഇവിടെനിന്ന് ഒരുമതിലിനപ്പുറമാണ് പാങ്ങോട് പൊലീസ് ക്വാർട്ടേഴ്സ്. ഈച്ചയും കൊതുകും ദുർഗന്ധവും മൂലം പൊലീസുകാരും പൊറുതിമുട്ടിയ അവസ്ഥയിലാണ്. ഷെഡുകളോ, മാർക്കറ്റിൽ നിർമിച്ച ശൗചാലയമോ ഒരുദിവസംപോലും ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഭരതന്നൂർ മാർക്കറ്റിെൻറയും അവസ്ഥ ഭിന്നമല്ല. ഇവിടത്തെ ശൗചാലയം പൊട്ടിപ്പൊളിഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. ഭരതന്നൂർ കഴിഞ്ഞുള്ള വനമേഖലകളായ മൈലമൂട്, പാണ്ടിയൻപാറ തുടങ്ങിയ പ്രദേശങ്ങളിൽ രാത്രി വാഹനങ്ങളിൽ മാലിന്യംകൊണ്ടുവന്ന് തള്ളുകയാണ്. ഇതിനെതിരെ പൊലീസോ പഞ്ചായത്തോ നടപടിയെടുക്കുന്നില്ല. വനാതിർത്തികളിൽ മാലിന്യമെത്തിയതോടെ കാട്ടുമൃഗങ്ങളും പാമ്പുകൾ അടക്കമുള്ള ഇഴജന്തുക്കളുമൊക്കെ നാട്ടിൻ പുറത്തേക്കിറങ്ങിത്തുടങ്ങി. പന്നികളും കുരങ്ങുകളും കൂട്ടത്തോടെ കാർഷിക വിളകൾ നശിപ്പിക്കുന്നതായും ഇതോടെ ഉപജീവനമാർഗം തന്നെ തടസ്സപ്പെടുന്നതായും കൃഷിക്കാർ പറയുന്നു. പഞ്ചായത്തിലെ പ്രധാന പാതയടക്കം ഗതാഗതയോഗ്യമല്ലാതായിട്ടും അധികൃതർ അനങ്ങുന്നില്ല. അതിനെക്കുറിച്ച് നാളെ... രതീഷ് പോങ്ങനാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story