Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2018 11:02 AM IST Updated On
date_range 1 July 2018 11:02 AM ISTഫോർമലിൻ: വിഴിഞ്ഞത്തെ 'നല്ലമീൻ' വാങ്ങാനും ആളില്ല
text_fieldsbookmark_border
വിഴിഞ്ഞം: ഓഖിക്ക് പിന്നാലെ ഫോർമലിൻ മീൻ വിഷയത്തിൽ തളർന്ന് വിഴിഞ്ഞം തീരം. ഫോർമലിൻ കലർന്ന മീനുകൾ വിപണി കീഴടക്കുമ്പോൾ 'നല്ല മീൻ' വാങ്ങാൻ വിഴിഞ്ഞത്ത് ആളില്ല. ശക്തമായ കാറ്റിെൻറ മുന്നറിയിപ്പ് ദിവസങ്ങളായി നിലനിൽക്കുന്നതിനാൽ കടലിൽ പോകാൻ കഴിയാതെ പല കുടുംബങ്ങളും പട്ടിണിയിലാണ്. ഫോർമലിൻ കലർന്ന മീനുകൾ വിപണിയിൽ വ്യാപകമെന്ന് വിവരം പുറത്തുവന്നതോടെയാണ് വിഴിഞ്ഞത്ത് ഉൾക്കടലിൽ പോകാതെ കരയോട് ചേർന്ന് മത്സ്യബന്ധനം നടത്തുന്നവർ എത്തിക്കുന്ന മീൻ വാങ്ങാനും വാങ്ങാനും പലരും മടിക്കുന്നത്. ഈ അവസരം മുതലെടുത്ത് തുച്ഛമായ വിലയ്ക്കാണ് വാൻകിടക്കാർ ഇപ്പോൾ മീൻ വാങ്ങിക്കൊണ്ട് പോകുന്നത്. മത്സ്യത്തൊഴിലാളികൾക്ക് അവരുടെ അദ്വാനത്തിെൻറ വില പോലും ലഭിക്കുന്നില്ല. തലച്ചുമടായി വീടുകളിൽ മത്സ്യ വിൽപനക്ക് പോകുന്ന സ്ത്രീകൾക്കും ഫോർമാലിൻ വിഷയത്തിെൻറ പേരിൽ കച്ചവടം കുറയുന്നു. ഒരുവള്ളം കടലിൽ പോയി മടങ്ങുമ്പോൾ 3500 മുതൽ 5000 രൂപ വരെ െചലവ് ആകുന്നുെണ്ടന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇപ്പോൾ ഇവർ പിടിച്ചുകൊണ്ട് വരുന്ന മീനിന് 3000 മുതൽ 4000 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. പലപ്പോഴും ചെലവാക്കിയ തുക പോലും ലഭിക്കുന്നില്ല. 1000 വള്ളങ്ങൾ കടലിൽ പോകുമ്പോൾ 100 വള്ളങ്ങൾക്ക് മാത്രമാണ് കുറച്ചെങ്കിലും മീൻ ലഭിക്കുന്നത്. ബാക്കിയുള്ളവക്ക് ഇന്ധന ചെലവ് പോലും ലഭിക്കാതെ തീരത്ത് അണയേണ്ട അവസ്ഥയാണ്. ഒരാഴ്ചയായി ഇതാണ് അവസ്ഥ. സാധാരണ ഈസമയം 50 രൂപ കിട്ടേണ്ട അയല മത്സ്യത്തിന് ഇപ്പോൾ 20പോലും ഇല്ല. 40 രൂപ വരെ കിട്ടേണ്ട ചൂര മീനിന് അഞ്ചു മുതൽ 10 രൂപ വരെയാണ് ലഭിക്കുന്നത്. ഇതിലൂടെ ലാഭം കൊയ്യുന്നത് മീൻ മൊത്തക്കച്ചവടക്കാരാണ്. മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്ത് തുച്ഛമായ വിലയ്ക്ക് മീൻ വാങ്ങി ഉയർന്ന വിലയ്ക്കാണ് ഇവർ വിൽക്കുന്നത്. വള്ളങ്ങളിൽനിന്ന് വാങ്ങുന്ന മീനും മറ്റു സ്ഥലങ്ങളിൽനിന്ന് വരുന്ന ഐസ് ഇട്ട മീനും കലർത്തിയാണ് കച്ചവടക്കാരുടെ വിൽപനയെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 'കടപ്പുറം മീൻ' എന്ന് പറഞ്ഞാണ് വിൽപന. ഐസ് ഇട്ട മീൻ പാകം ചെയ്തു കഴിക്കുമ്പോൾ രുചി ഉണ്ടാകാറില്ല. ഇതോടെ കടപ്പുറത്തെ മീൻ മുഴുവൻ മായം ആണെന്ന പ്രചാരണം ഉയരും. ഫോർമലിൻ മീൻ തടയാൻ പ്രസ്താവനകൾ ഇറക്കുന്ന സർക്കാർ അതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. അല്ലെങ്കിൽ മത്സ്യഗ്രാമങ്ങൾ മുഴുവൻ കൊടുംപട്ടിണിയിലേക്ക് പോകും. സർക്കാർ പരിഹാരം കാണാത്ത പക്ഷം സ്വയം പരിഹാരം കണ്ടെത്തേണ്ട അവസ്ഥയിലാണ് ഇവർ. പള്ളം പോലുള്ള സ്ഥലങ്ങളിൽ ഐസ് ഇട്ട മീനുകൾ ഇറക്കുന്നത് തടയുമെന്നാണ് ഇവർ പറയുന്നത്. ഇടവകകൾക്ക് ലാഭത്തിന് ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ തടയാനാണ് ചിലരുടെയെങ്കിലും തീരുമാനം. തങ്ങൾ കഷ്ടപ്പെട്ട് പിടിച്ചുകൊണ്ടുവരുന്ന ശുദ്ധമായ മത്സ്യം പാഴായി പോകുമ്പോൾ ഐസ് ഇട്ട വിഷ മത്സ്യം വിൽക്കാനും വാങ്ങാനും എങ്ങനെ സാധിക്കുെന്നന്നാണ് ഇവരുടെ കൂട്ടായ ചോദ്യം. തീരത്ത് ചാകര എന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകിയതും ഇവരെ ബാധിച്ചിട്ടുണ്ട്. ഇതിനാൽ ഇപ്പോൾ തുച്ഛമായ നിരക്കിൽ വിൽക്കുന്ന മത്സ്യം വീണ്ടും കുറഞ്ഞ വിലയ്ക്ക് നൽകാൻ പ്രേരിതമാകുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story