Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:51 AM IST Updated On
date_range 5 Jan 2018 10:51 AM ISTനീലക്കുറിഞ്ഞി സീസണിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തും
text_fieldsbookmark_border
തിരുവനന്തപുരം: നീലക്കുറിഞ്ഞി പൂക്കുംകാലത്ത് മൂന്നാറിലേക്ക് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ നിയന്ത്രിക്കുന്നതിന് ശാസ്ത്രീയ പഠനം നടത്തും. പ്രതിദിനം എത്ര സന്ദർശകർക്ക് അനുമതിനൽകാം, എത്ര വാഹനങ്ങൾ കടത്തിവിടാം, ഏർപ്പെടുത്തേണ്ട സുരക്ഷ മാനദണ്ഡങ്ങൾ തുടങ്ങിയവ സംബന്ധിച്ചാണ് പഠനംനടത്തുക. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വിനോദസഞ്ചാര, -വനംവകുപ്പുകൾ അവലോകന യോഗം ചേർന്നു. പന്ത്രണ്ടുവർഷം കൂടുമ്പോഴാണ് നീലക്കുറിഞ്ഞി പൂക്കുക. 2006ലായിരുന്നു അവസാനമായി നീലക്കുറിഞ്ഞി പൂത്തത്. മൂന്ന് മാസക്കാലം നീളുന്ന കുറിഞ്ഞി പൂക്കാല സീസണിൽ എട്ടുലക്ഷത്തോളം വിനോദ സഞ്ചാരികൾ മൂന്നാറിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീലഗിരി കുന്നുകൾ, പളനി മലകൾ, ഹൈറേഞ്ച് മലകൾ എന്നിവിടങ്ങളിലാണ് കുറിഞ്ഞി ചെടികൾ കൂടുതലായി കാണുന്നത്. മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനത്തിലും പരിസരപ്രദേശത്തും ഏക്കറുകളോളം നീലക്കുറിഞ്ഞി പൂത്തുനിൽക്കുമെന്നതിനാൽ ഇവിടെ സന്ദർശകരുടെ ബാഹുല്യം പ്രതീക്ഷിക്കുന്നുണ്ട്. ഇതിനുപുറമെ, മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള പാർക്കിങ് സൗകര്യം വിലയിരുത്താനും വന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം കണക്കിലെടുക്കാനുമായി നാറ്റ്പാക്കിനെ ചുമതലപ്പെടുത്തും. ക്രമസമാധാനപാലനത്തിന് കൂടുതൽ പൊലീസ് സേനയെ വിന്യസിക്കാനും തീരുമാനമായി. ശുചിമുറി സംവിധാനം കാര്യക്ഷമമാക്കൽ, പ്ലാസ്റ്റിക് നിയന്ത്രണം, മാലിന്യസംസ്കരണം തുടങ്ങിയവക്കും പദ്ധതികൾ ആവിഷ്കരിച്ചു. വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം ഇക്കാര്യത്തിൽ ഉറപ്പാക്കും. അവലോകനയോഗത്തിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ . രാജു, ടൂറിസം സെക്രട്ടറി റാണി ജോർജ്, വനം പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, ഇടുക്കി കലക്ടർ ജി.ആർ. ഗോകുൽ, ദേവികുളം സബ് കലക്ടർ വി.ആർ. പ്രേംകുമാർ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ടാറ്റ, കണ്ണൻ ദേവൻ കമ്പനികളുടെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story