Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപണ്ടകശ്ശാലയിൽ...

പണ്ടകശ്ശാലയിൽ നിലംപൊത്താനൊരുങ്ങി മൂന്നുനില കെട്ടിടം: അപകടഭീതിയിൽ ജനം; അനങ്ങാതെ പഞ്ചായത്ത്

text_fields
bookmark_border
*മൂന്നാംനിലയുടെ മേല്‍ക്കൂര പൂർണമായും തകര്‍ന്നു * കെട്ടിടത്തി​െൻറ ഒരു ഭാഗം അടര്‍ന്നുവീണ് കച്ചവടത്തിനെത്തിയ വൃദ്ധക്ക് പരിക്കേറ്റു * പൊളിച്ചുനീക്കാമെന്ന ഉറപ്പ് പഞ്ചായത്ത് പാലിച്ചില്ല ചിറയിന്‍കീഴ്: പണ്ടകശ്ശാല മാര്‍ക്കറ്റിലെ പാര്‍വതിപുരം ഷോപ്പിങ് കോംപ്ലക്‌സ് അപകടാവസ്ഥയില്‍. പൊളിച്ചുനീക്കണമെന്ന ആവശ്യം നടപ്പാക്കാത്തത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. അപകട ഭീതി കാരണം മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനോ വില്‍ക്കാനോ ജനങ്ങള്‍ വരാത്ത അവസ്ഥയാണ്. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിനു കീഴിലെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് പണ്ടകശ്ശാലയിലേത്. നൂറ്റാണ്ടിലേറെക്കാലമായി താലൂക്കിലെ പ്രധാന വാണിജ്യകേന്ദ്രമാണിവിടം. ജലഗതാഗത കാലത്താണ് ഇവിടം വാണിജ്യകേന്ദ്രമായി വളര്‍ന്നത്. അന്ന് മുതല്‍ പണ്ടകശ്ശാല മാര്‍ക്കറ്റ് താലൂക്കിലെ അറിയപ്പെടുന്ന വാണിജ്യ കേന്ദ്രമാണ്. ഇവിടത്തെ സാധ്യത മനസ്സിലാക്കിയാണ് 1988ല്‍ ബഹുനില ഷോപ്പിങ് കോംപ്ലക്‌സ് പണിതത്. മൂന്ന് നിലകളിലായി മുപ്പതോളം കടമുറികളും ഹാളും ഉള്‍പ്പെടുന്നതാണ് കെട്ടിടം. ഷോപ്പിങ് കോംപ്ലക്‌സി​െൻറ ഒരു വശം ചിറയിന്‍കീഴ് -കടയ്ക്കാവൂര്‍ റോഡിനും മറുവശം മാര്‍ക്കറ്റിനും അഭിമുഖമായും വരുന്ന രീതിയിലാണ്. പഞ്ചായത്തി​െൻറ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് മാര്‍ക്കറ്റും ഷോപ്പിങ് കോംപ്ലക്‌സും. എന്നാൽ, വര്‍ഷങ്ങളായി ഈ ബഹുനില കെട്ടിടം അപകടാവസ്ഥയിലാണ്. ആദ്യഘട്ടത്തില്‍ സീലിങ് അടര്‍ന്ന് വീഴാന്‍ തുടങ്ങി. നിലവില്‍ മൂന്നാം നിലയുടെ മേല്‍ക്കൂര പൂർണമായും തകര്‍ന്ന നിലയിലാണ്. ഭിത്തികളില്‍ വിള്ളല്‍ വീണും കാടുപിടിച്ചും കെട്ടിടം പൂർണമായും ജീര്‍ണാവസ്ഥയിലാണ്. നിലവില്‍ രണ്ട് സ്ഥാപനങ്ങള്‍ മാത്രമാണ് ഈ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്നത്. മാവേലി സ്റ്റോറും പ്ലംബിങ് സാധന വില്‍പന കേന്ദ്രവും. കെട്ടിടം തകര്‍ന്ന് വീഴാന്‍ തുടങ്ങിയതോടെ ഇതര സ്ഥാപനങ്ങളെല്ലാം ഇവിടെ നിന്ന് ഒഴിഞ്ഞുപോയി. ഒരുമാസം മുമ്പ് കെട്ടിടത്തി​െൻറ ഒരു ഭാഗം അടര്‍ന്നുവീണ് മാര്‍ക്കറ്റിനുള്ളില്‍ കച്ചവടത്തിനെത്തിയ ബേബി എന്ന വൃദ്ധക്ക് പരിക്കേറ്റിരുന്നു. ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്. മാര്‍ക്കറ്റിനുള്ളില്‍ കച്ചവടക്കാര്‍ക്കിരിക്കാൻ തയാറാക്കിയിരുന്ന ഷെഡുകളും തകര്‍ന്നു. ഷെഡുകളുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജീര്‍ണാവസ്ഥയിലുള്ള കൂറ്റന്‍ കെട്ടിടം പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. കഴിഞ്ഞ വര്‍ഷം ആദ്യം നടന്ന ഗ്രാമസഭായോഗത്തില്‍ പങ്കെടുത്തവര്‍ കെട്ടിടം പൊളിച്ചുമാറ്റി അപായ സാധ്യത ഒഴിവാക്കണമെന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. വികസനപദ്ധതികളോ ആനൂകൂല്യങ്ങളോ തന്നില്ലെങ്കിലും വേണ്ടില്ല, അപകടം ഒഴിവാക്കി തന്നാല്‍ മതിയെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കെട്ടിടം പൊളിച്ചുനീക്കാമെന്ന് അന്ന് പഞ്ചായത്തധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല. 88 ല്‍ ഇതേ കെട്ടിടത്തിനൊപ്പം സമീപത്ത് സ്വകാര്യവ്യക്തി പണിത ബഹുനില കെട്ടിടം ഇന്നും ഒരു കേടുപാടും കൂടാതെ നിലനില്‍ക്കുന്നുണ്ട്. ഇത് പ്രാദേശിക ഭരണകൂടം നടത്തിയ നിര്‍മാണ പ്രവര്‍ത്തനത്തിലെ അലംഭാവമോ അഴിമതിയോ ആണ് വ്യക്തമാക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പാര്‍വതിപുരം ഷോപ്പിങ് കോംപ്ലക്‌സിനൊപ്പം പഞ്ചായത്ത് നിര്‍മിച്ച വലിയകടയിലെ ലക്ഷ്മിപുരം മാര്‍ക്കറ്റ് അഞ്ച് വര്‍ഷം മുമ്പ് മത്സ്യവികസന കോര്‍പറേഷ‍​െൻറ സഹായത്തോടെ പൊളിച്ചുനീക്കി ആധുനിക രീതിയില്‍ പുതിയ കെട്ടിടം നിര്‍മിച്ചിരുന്നു. ഇന്ന് ലക്ഷ്മിപുരം മാര്‍ക്കറ്റ് സജീവമായ വിപണന കേന്ദ്രമാണ്. സമാനരീതിയില്‍ ഫണ്ട് കണ്ടെത്തി പണ്ടകശ്ശാലയിലെ പാര്‍വതിപുരം മാര്‍ക്കറ്റും നവീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നിലവില്‍ പണ്ടകശ്ശാല മാര്‍ക്കറ്റ് വര്‍ഷാവര്‍ഷം വരുമാനമെടുക്കല്‍ ലേലത്തിന് കൊടുക്കുന്നുണ്ട്. എന്നാല്‍ അപകടാവസ്ഥയിലായ കെട്ടിടം കാരണം ആരും മാര്‍ക്കറ്റില്‍ കയറാത്ത അവസ്ഥയാണ്. കച്ചവടക്കാരും വാങ്ങാനെത്തുന്നവരും ഉപേക്ഷിച്ചതോടെ മാര്‍ക്കറ്റ് കെട്ടിടം സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണ്. മദ്യപാനവും അനാശാസ്യപ്രവര്‍ത്തനങ്ങളും പ്രദേശവാസികളുടെ സ്വൈര ജീവിതത്തിന് തടസ്സമാകുന്നുണ്ട്. കെട്ടിടം പൊളിച്ചുനീക്കാമെന്ന് പഞ്ചായത്ത് നല്‍കിയ ഉറപ്പ് പാലിക്കണമെന്നും അല്ലെങ്കില്‍ സമരപരിപാടികൾ ആരംഭിക്കേണ്ടിവരുമെന്ന് വാര്‍ഡ് അംഗം മോനിശാര്‍ക്കര പറഞ്ഞു. ഫോട്ടോ- *ചിറയിന്‍കീഴ് പണ്ടകശ്ശാലയിലെ അപകടാവസ്ഥയിലായ പാർവതിപുരം ഷോപ്പിങ് കോംപ്ലക്‌സ് -*മാര്‍ക്കറ്റിനുള്ളില്‍ കച്ചവടക്കാര്‍ക്കിരിക്കുന്നതിനുള്ള ഷെഡ് തകര്‍ന്ന നിലയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story