Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2018 10:56 AM IST Updated On
date_range 6 Feb 2018 10:56 AM ISTഹയർ സെക്കൻഡറി സ്ഥലംമാറ്റം; റവന്യൂ ജില്ല മാനദണ്ഡം പുനഃസ്ഥാപിക്കുന്നു
text_fieldsbookmark_border
തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റ പട്ടിക അസാധുവാക്കിയ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ വേണ്ടെന്ന് സർക്കാർ തീരുമാനം. ട്രൈബ്യൂണൽ വിധി പ്രകാരം സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കാനും വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. സ്ഥലംമാറ്റത്തിന് റവന്യൂ ജില്ല എന്ന മാനദണ്ഡം വിദ്യാഭ്യാസ ജില്ലയാക്കിയാണ് നേരത്തേ ഭേദഗതി വരുത്തിയത്. ഇത് ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. റവന്യൂ ജില്ല എന്ന മാനദണ്ഡം പുനഃസ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചു. വിഭ്യാഭ്യാസജില്ലയുടെ 25 കിലോമീറ്റർ ചുറ്റളവിലെ സ്കൂളുകളിലെ സേവനവും ഹോം സ്റ്റേഷൻ സേവനമായി പരിഗണിക്കുമെന്ന ഉത്തരവിലെ വ്യവസ്ഥയും ട്രൈബ്യൂണൽ വിധി പ്രകാരം ഭേദഗതി ചെയ്യും. ഹോം സ്റ്റേഷനിൽ അഞ്ച് വർഷം സേവനം പൂർത്തിയാക്കിയവർക്ക് വീണ്ടും അവിടെ തുടരാൻ അപേക്ഷ നൽകാൻ കഴിയില്ലെന്ന ഉത്തരവിലെ വ്യവസ്ഥയും റദ്ദാക്കും. ഇൗ പ്രധാന മൂന്ന് മാറ്റങ്ങളോടെയുള്ള പുതുക്കിയ മാനദണ്ഡ ഉത്തരവ് ഏതാനും ദിവസങ്ങൾക്കകം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കും. കഴിഞ്ഞ ഏപ്രിലിൽ ആണ് ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കിയത്. റവന്യൂ ജില്ല പരിഗണനയിൽ സ്ഥലംമാറ്റം എന്ന മാനദണ്ഡം വിദ്യാഭ്യാസജില്ല എന്നാക്കി മാറ്റിയത് വിമർശനത്തിന് ഇടയാക്കിയിരുന്നു. പുതുക്കിയ മാനദണ്ഡ പ്രകാരം സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കുകയും രണ്ടുതവണ കരട് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പട്ടികക്കെതിരെയും മാനദണ്ഡ ഭേദഗതിക്കെതിരെയും ഒരു പറ്റം അധ്യാപകർ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. പുതുക്കിയ മാനദണ്ഡം പുറപ്പെടുവിക്കാനും അതുപ്രകാരം സ്ഥലംമാറ്റത്തിന് വീണ്ടും അപേക്ഷ ക്ഷണിക്കാനും ട്രൈബ്യൂണൽ നിർദേശിച്ചു. ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ പോകാനായിരുന്നു ഹയർസെക്കൻഡറി ഡയറക്ടറേറ്റിെൻറ ശിപാർശ. എന്നാൽ, ഇക്കാര്യത്തിൽ അപ്പീലിനുള്ള സാധ്യത സംബന്ധിച്ച് അഡ്വക്കറ്റ് ജനറൽ സംശയം പ്രകടിപ്പിച്ചതോടെയാണ് ട്രൈബ്യൂണൽ വിധി പ്രകാരം ഉത്തരവിറക്കി വീണ്ടും സ്ഥലംമാറ്റ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചത്. ഹയർ സെക്കൻഡറി തലത്തിൽ വിദ്യാഭ്യാസ ജില്ല സംവിധാനം നിലവിൽ ഇല്ലാത്തതിനാൽ സ്ഥലംമാറ്റത്തിന് മാത്രം ഇൗ പരിഗണന നൽകിയ നടപടി നിലനിൽക്കുമോ എന്നതിൽ എ.ജി സംശയം പ്രകടിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story