Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2018 10:44 AM IST Updated On
date_range 6 Feb 2018 10:44 AM ISTപഞ്ചായത്ത് വക ഭൂമി സ്വകാര്യ വ്യക്തി കൈയേറി; നാട്ടുകാർ പഞ്ചായത്ത് ഒാഫിസ് ഉപരോധിച്ചു
text_fieldsbookmark_border
പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും അലംഭാവം കാരണം കൈയേറ്റക്കാരൻ നൽകിയ കേസിൽ നാട്ടുകാർ ഉൾപ്പെടെയുള്ളവർക്ക് കോടതി പിഴ ചവറ: പഞ്ചായത്ത് വക പൊതുവഴി സ്വകാര്യ വ്യക്തി കൈയേറി. ഇതുമായി ബന്ധപ്പെട്ട തർക്കത്തിൽ പഞ്ചായത്തിെൻറ അനാസ്ഥ കാരണം നാട്ടുകാർ ഉൾപ്പടെയുള്ളവർക്ക് പിഴയൊടുക്കാൻ കോടതി വിധിയായി. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ തേവലക്കര ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. പടിഞ്ഞാറ്റക്കര 22ാം വാർഡിലെ വെളുത്തമ്മാർ കാവിന് തെക്ക് ഭാഗെത്ത നാൽപതോളം കുടുംബങ്ങളിൽപെട്ട സ്ത്രീകളടക്കമുള്ളവരാണ് തിങ്കളാഴ്ച രാവിലെ ഉപരോധത്തിൽ പങ്കെടുത്തത്. വർഷങ്ങളായി ഈ കുടുംബങ്ങൾ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന ഏകവഴിയാണ് വെളുത്തമ്മാർ കാവ് -കടുക്കരത്തറ റോഡ്. ഇത് കോൺക്രീറ്റ് ചെയ്യുന്നതിനായി 2014ൽ നാലുലക്ഷം അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചിരുന്നു. ഇതിനിടെ റോഡ് ഉൾപ്പെടുന്ന വസ്തുവിൽ ഉടമസ്ഥാവകാശം ഉന്നയിച്ചു രംഗത്തുവന്ന സമീപം കട്ട നിർമാണ കമ്പനി നടത്തുന്ന വ്യക്തി കരുനാഗപ്പള്ളി മുൻസിഫ് കോടതി വഴി നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റേ ഓർഡർ വാങ്ങി. ഇതു നീക്കാൻ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി വക്കീലിനെ ഏർപ്പാടാക്കുകയും അനുകൂല തീരുമാനമുണ്ടാക്കുകയും ചെയ്തിരുന്നു. പിന്നീട് മാറി വന്ന ഭരണസമിതിയും ഉദ്യോഗസ്ഥരും കേസിെൻറ കാര്യത്തിൽ ഉദാസീനത കാണിച്ചു എന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിെൻറ ഫലമായി കഴിഞ്ഞ ദിവസം കേസിലെ പ്രതിപ്പട്ടികയിലുള്ള പഞ്ചായത്ത് സെക്രട്ടറി, അസി. എൻജിനീയർ, വാർഡ് അംഗം, പ്രദേശവാസികൾ എന്നിവർെക്കതിരെ സ്വകാര്യ ഭൂമി ൈകയേറിയതിനും അനധികൃതമായി ഭൂമിയിൽ ഉണ്ടായിരുന്ന മരങ്ങൾ മുറിച്ചുകടത്തിയ കുറ്റവും ചാർത്തി എതിർകക്ഷി കോടതിയെ സമീപിച്ചു. ഇതിനെതുടർന്ന് കോടതി പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെയുള്ളവർക്ക് 55,000 രൂപ പിഴ വിധിച്ചു. പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള വസ്തുവിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രസ്തുത വിധി ഉണ്ടാവാൻ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവണമെന്നും വിധിക്കെതിരെ അപ്പീലടക്കമുള്ള നിയമനടപടികൾക്ക് പഞ്ചായത്തധികൃതർ മുന്നിട്ടിറങ്ങണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചത്. ഇതിനിടയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കെതിരെ പഞ്ചായത്ത് ഓഫിസിലെ ഉദ്യോഗസ്ഥ കയർത്ത് സംസാരിച്ചതും പ്രതിഷേധത്തിന്നിടയാക്കി. പിന്നീട് പഞ്ചായത്ത് പ്രസിഡൻറ് ജോസ് ആൻറണിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഉപരോധസമരം അവസാനിപ്പിച്ചത്. സമരക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നും പഞ്ചായത്ത് ഭൂമി തിരികെ ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡൻറ് പറഞ്ഞു. ചർച്ചയിൽ നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് മുന്നിട്ടിറങ്ങുമെന്ന് സമരക്കാർ അറിയിച്ചു. പി.എച്ച്. റഷീദ്, ജലാലുദ്ദീൻ മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story