Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:36 AM IST Updated On
date_range 1 Feb 2018 10:36 AM ISTകണ്ണൂർ, കരുണ മെഡി. കോളജ്: മെറിറ്റ് അട്ടിമറിച്ചുള്ള 180 വിദ്യാർഥികളുടെ പ്രവേശനം വീണ്ടും നിയമവിധേയമാക്കാൻ ആലേചന
text_fieldsbookmark_border
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ 2016-17 വര്‍ഷം മെറിറ്റ് അട്ടിമറിച്ച് നൽകിയ 180ഓളം വിദ്യാര്‍ഥികളുടെ പ്രവേശനം നിയമവിധേയമാക്കാന്‍ വീണ്ടും ആലോചന. ഇതിനിടെ പ്രവേശനത്തില്‍ മെറിറ്റ് പാലിച്ചവ നിയമവിധേയമായി ക്രമപ്പെടുത്തി നൽകാന്‍ ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. മെറിറ്റ് അട്ടിമറിച്ച് നൽകിയ 180 വിദ്യാർഥികളുടെ കാര്യത്തിൽ നേരത്തേ ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ എതിർപ്പ് അറിയിച്ചതിനാല്‍ നടപടി നീളുകയായിരുന്നു. മറ്റു വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഒരിക്കല്‍കൂടി നിയമോപദേശം തേടി നടപടി സ്വീകരിക്കും. രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഇക്കാര്യം വീണ്ടും മന്ത്രിസഭ പരിഗണിച്ചത്. സര്‍ക്കാറുമായി കരാര്‍ ഒപ്പിടാതെ ഇരു കോളജുകളും നേരിട്ടാണ് 2016-17ല്‍ പ്രവേശനം നടത്തിയത്. പ്രവേശന നടപടി പരിശോധിച്ച ജയിംസ് കമ്മിറ്റി ക്രമക്കേട് കണ്ടെത്തുകയും പ്രവേശനം റദ്ദാക്കുകയും ചെയ്തിരുന്നു. അതിനെതിരെ വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചെങ്കിലും ജയിംസ് കമ്മിറ്റി ഉത്തരവ് ശരിവെക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ ഈ കോളജുകളില്‍ പഠനം തുടര്‍ന്നെങ്കിലും പരീക്ഷ എഴുതാനോ രജിസ്‌ട്രേഷനോ ആരോഗ്യ സര്‍വകലാശാല അനുവദിച്ചില്ല. ഇതോടെയാണ് രക്ഷിതാക്കളും കോളജ് അധികൃതരും സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുകയും ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ബന്ധിതമാവുകയും ചെയ്തത്. 75 ലക്ഷം മുതല്‍ ഒരുകോടി വരെ കോഴ വാങ്ങിയാണ് എന്‍.ആര്‍.ഐ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് മെറിറ്റ് നോക്കാതെ പ്രവേശനം നൽകിയതെന്നായിരുന്നു ഉയർന്ന ആക്ഷേപം. ഓര്‍ഡിനന്‍സ് ഇറക്കിയശേഷം പ്രവേശനം ക്രമപ്പെടുത്തേണ്ട വിദ്യാര്‍ഥികളുടെ മെറിറ്റ് പരിശോധിക്കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. പരിശോധനയില്‍ പകുതിയിലധികം വിദ്യാര്‍ഥികള്‍ക്കും മെറിറ്റ് പാലിക്കാതെയാണ് പ്രവേശനം നൽകിയതെന്ന് കണ്ടെത്തി. കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് ബുധനാഴ്ച മന്ത്രിസഭ ഇക്കാര്യം വീണ്ടും പരിഗണിച്ചത്. അതേസമയം, ധിറുതിപിടിച്ച് പ്രവേശനം ക്രമപ്പെടുത്തിയാലും ആരോഗ്യ സര്‍വകലാശാല പരീക്ഷ നടപടി പൂര്‍ത്തിയാക്കിയതിനാല്‍ ഈ വിദ്യാര്‍ഥികള്‍ക്ക് ഇക്കൊല്ലവും പരീക്ഷ എഴുതാനാവില്ല. സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്താലും മെഡിക്കല്‍ കൗണ്‍സിലിെൻറ അനുമതിക്ക് വിധേയമായിട്ടായിരിക്കും പരീക്ഷ എഴുതാന്‍ അനുമതി ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story