Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 11:17 AM IST Updated On
date_range 21 Aug 2018 11:17 AM ISTമത്സ്യത്തൊഴിലാളികളെ തിരുവോണദിനത്തിൽ നഗരസഭ ആദരിക്കും -മേയർ
text_fieldsbookmark_border
കൊല്ലം: പ്രളയദുരന്തത്തിൽ അകപ്പെട്ട ആയിരങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച മത്സ്യത്തൊഴിലാളികളെ തിരുവോണദിനത്തിൽ കൊല്ലം നഗരസഭ ആദരിക്കുമെന്ന് മേയർ വി. രാജേന്ദ്രബാബു വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് കടപ്പുറത്താണ് ആദരിക്കൽസമ്മേളനം നടത്തുക. നഗരസഭപരിധിയിലെ 456 മത്സ്യത്തൊഴിലാളികൾ സംസ്ഥാനത്താകെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തെന്നാണ് ഔദ്യോഗിക കണക്ക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നഗരസഭ 25 ലക്ഷം രൂപ നൽകും. കൗൺസിൽ അംഗങ്ങൾ, ജീവനക്കാർ, തൊഴിലാളികൾ, കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ എന്നിവർ ചേർന്നാണ് തുക നൽകുന്നത്. ഇത്തവണത്തെ ഓണാഘോഷത്തിനായി സ്വരൂപിച്ച തുകയും ദുരിതാശ്വാസനിധിയിലേക്ക് നൽകും. പ്രളയ ബാധിതരെ പുനരധിവസിപ്പിക്കാൻ നഗരസഭപരിധിയിൽ 11 ക്യാമ്പുകളാണ് പ്രവർത്തിച്ചത്. പ്രളയജലം ഇറങ്ങിയ വീടുകൾ ശുചീകരിച്ച് വാസയോഗ്യമാക്കാൻ നഗരസഭയുടെ കാർഷിക കർമസേന അംഗങ്ങൾ, നഗരസഭ തൊഴിലാളികൾ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ ഒന്നിച്ചിറങ്ങും. ദുരിതാശ്വാസക്യാമ്പുകളിലേക്ക് നഗരസഭയുടെ നേതൃത്വത്തിൽ മൂന്ന് ലോഡ് അവശ്യസാധനങ്ങൾ കയറ്റി അയച്ചു. പ്രധാന ഓഫിസിലും സോണൽ ഓഫിസുകളിലുമായി പ്രവർത്തിക്കുന്ന കലക്ഷൻ സെൻററുകളിൽ പൊതുജനങ്ങൾക്ക് വസ്‌ത്രങ്ങളും അവശ്യസാധനങ്ങളുമെത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. 50 ലക്ഷം മുടക്കി നഗരസഭയിലെ ഓടകൾ വൃത്തിയാക്കിയതിനാലാണ് നഗരപരിധിയിലെ വെള്ളക്കെട്ട് ഒഴിവാക്കാനായതെന്ന് സ്ഥിരം സമിതി അധ്യക്ഷൻ എം.എ.സത്താർ പറഞ്ഞു. ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ എ.കെ. ഹഫീസ്, സെക്രട്ടറി വി.ആർ. രാജു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story