Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2018 12:11 PM IST Updated On
date_range 11 Aug 2018 12:11 PM ISTഫിഷറീസ്, കശുവണ്ടി മേഖലകളിലെ സഹകരണം; സാധ്യതാപഠനത്തിന് യു.എന്‍ സംഘമെത്തി
text_fieldsbookmark_border
കൊല്ലം: സംസ്ഥാനത്തെ ഫിഷറീസ്, കശുവണ്ടി വ്യവസായ മേഖലകളുടെ സുസ്ഥിര വികസനത്തിനുള്ള പദ്ധതികളിലെ പങ്കാളിത്ത സാധ്യതകള്‍ പരിശോധിക്കുന്നതിന് യു.എന്‍ ഏജന്‍സികളുടെ പ്രതിനിധികള്‍ സംസ്ഥാനത്തെത്തി. യുണിഡോ ഇന്ത്യ മേധാവി റെനെ വാന്‍ ബെര്‍ക്കല്‍, യു.എന്‍ വിമെന്‍ പ്രോഗ്രാം കോഓഡിനേറ്റര്‍ സുഹേല ഖാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ ക്ഷണപ്രകാരം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങൾ സന്ദര്‍ശിക്കുന്നത്. യു.എന്‍ സഹകരണത്തിനായി സമര്‍പ്പിച്ച വികസനപദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തിൽ കൊല്ലം ആശ്രാമം ഗെസ്റ്റ് ഹൗസില്‍ പ്രതിനിധിസംഘം മന്ത്രിയുമായി ചര്‍ച്ച നടത്തി. തോട്ടണ്ടി ഇറക്കുമതി, കശുമാവ് കൃഷി സാങ്കേതികവിദ്യ കൈമാറ്റം, കശുവണ്ടി പരിപ്പിന് രാജ്യാന്തര വിപണി ലഭ്യത ഉറപ്പുവരുത്തല്‍, കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണം, മത്സ്യ മാര്‍ക്കറ്റുകളുടെ ആധുനീകരണം, മൂല്യവര്‍ധിത ഉൽപന്നങ്ങളുടെ വിപണനം, മത്സ്യമേഖലയില്‍ വനിതാ സ്വയംസഹായ സംഘങ്ങളുടെ രൂപവത്കരണം, ഇരുമേഖലകളിലെയും സ്ത്രീകളുടെ ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. നേരത്തെ യു.എന്‍ ആസ്ഥാനത്തും ഡല്‍ഹിയിലും പദ്ധതിയുമായി ബന്ധപ്പെട്ട് യു.എന്‍ പ്രതിനിധികളുമായി മന്ത്രി ചര്‍ച്ചനടത്തിയിരുന്നു. പങ്കാളിത്ത പദ്ധതിയുടെ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും സര്‍ക്കാറില്‍നിന്നും വിശദമായ പദ്ധതി നിര്‍ദേശം ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും റെനെ വാന്‍ ബെര്‍ക്കല്‍ അറിയിച്ചു. ഫിഷറീസ്, കശുവണ്ടി മേഖലകളില്‍ തൊഴിലാളികള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുന്ന സമഗ്രപദ്ധതി നിര്‍ദേശം ഉടന്‍ യു.എന്നിന് സമര്‍പ്പിക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. എം. നൗഷാദ് എം.എല്‍.എ, ആസൂത്രണബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍, കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി, മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ലോറന്‍സ് ഹരോള്‍ഡ്, കശുമാവ് വികസന ഏജന്‍സി സ്‌പെഷല്‍ ഓഫിസര്‍ കെ. ശിരീഷ് എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു. കശുവണ്ടി ഫാക്ടറിയുടെ പ്രവര്‍ത്തനം കണ്ടറിഞ്ഞ് യു.എന്‍ പ്രതിനിധികള്‍ കൊല്ലം: കശുവണ്ടി മേഖലയിലെ സഹകരണ സാധ്യതകള്‍ പരിശോധിക്കാനെത്തിയ യു.എന്‍ സംഘം ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ നേരിട്ടുകാണാനും ഉൽപന്നങ്ങള്‍ പരിശോധിക്കാനും സമയം കണ്ടെത്തി. യുണിഡോ ഇന്ത്യ മേധാവി റെനെ വാന്‍ ബെര്‍ക്കല്‍, യു.എന്‍ വിമെന്‍ പ്രോഗ്രാം കോഓഡിനേറ്റര്‍ സുഹേല ഖാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കശുവണ്ടി വികസന കോപറേഷെൻറ കൊല്ലം അയത്തില്‍ ഫാക്ടറി സന്ദര്‍ശിച്ചത്. കോർപറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹനും കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനും ഇവരെ സ്വീകരിച്ചു. ഷെല്ലിങ്, പീലിങ്, ഗ്രേഡിങ് പ്രവര്‍ത്തനങ്ങള്‍ കണ്ട സംഘം ഉദ്യോഗസ്ഥരുമായും തൊഴിലാളികളുമായും സംവദിച്ചു. കോർപറേഷന്‍ വിപണനം നടത്തുന്ന വിവിധ ഇനം കശുവണ്ടി പരിപ്പുകളും കാഷ്യൂ സൂപ്പും ഇവര്‍ പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story