Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:17 AM GMT Updated On
date_range 2018-04-27T10:47:57+05:30ചക്രക്കസേരകളില്‍ ജീവിക്കുന്നവര്‍ നഗരം കാണാനിറങ്ങുന്നു; നമുക്കവരെ സ്വീകരിക്കാം
text_fieldsതിരുവനന്തപുരം: രോഗമോ അപകടമോമൂലം ജീവിതത്തെ ചക്രക്കസേരയില്‍ ഒതുക്കിനിർത്തേണ്ടി വന്നവര്‍ പുറത്തേക്കിറങ്ങുകയാണ്. ചക്രക്കസേരകള്‍ കയറാത്ത പൊതുസ്ഥലങ്ങളും നടപ്പാതകളുമുള്ള നഗരത്തില്‍ അവര്‍ തങ്ങളുടെ പരിശ്രമം കൊണ്ട് അസൗകര്യങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ്. പുറംലോകത്തെ അസൗകര്യങ്ങള്‍മൂലം വീടിെൻറ നാല് ചുമരുകള്‍ക്കുള്ളില്‍ സ്വന്തം ജീവിതസൗകര്യങ്ങള്‍ കണ്ടെത്തുന്നവര്‍ക്കായി സാമൂഹികനീതി വകുപ്പിെൻറ സഹായത്തോടെ പാലിയം ഇന്ത്യയാണ് നഗരത്തില്‍ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്. പാലിയം ഇന്ത്യ വളൻറിയറും യൂത്ത് ഐക്കണ്‍ പുരസ്കാര ജേതാവുമായ ആഷ്ല റാണിയുടെ നേതൃത്വത്തില്‍ സിന്ധു, പ്രീത, ഗോപിക, ഷമീന, നോയല്‍ എന്നിവരടങ്ങുന്ന ആദ്യസംഘം വെള്ളിയാഴ്ച മ്യൂസിയം, മൃഗശാല, ശംഖുമുഖം, വെട്ടുകാട്, വേളി എന്നീ സ്ഥലങ്ങളില്‍ ഉല്ലാസയാത്രക്കായെത്തും. പാലിയം ഇന്ത്യക്ക് എസ്.ബി.ഐ സംഭാവന ചെയ്ത, പ്രത്യേകം രൂപകൽപന ചെയ്ത വീല്‍ചെയര്‍ സൗഹൃദ വാഹനത്തിലാണ് ഇവര്‍ ഈ സ്ഥലങ്ങളില്‍ എത്തിച്ചേരുക. ആഷ്ലാ റാണി വീല്‍ചെയറില്‍ കഴിയുന്നവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യവും വിനോദവും ആവശ്യമാണെന്നും അതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും ചൂണ്ടിക്കാട്ടി സാമൂഹികനീതി വകുപ്പിന് കത്തുനല്‍കിയിരുന്നു. ഈ കത്തിെൻറ അടിസ്ഥാനത്തിലാണ് വീല്‍ ചെയറില്‍ കഴിയുന്നവര്‍ക്കുള്ള ഉല്ലാസപരിപാടികള്ക്ക് പാലിയം ഇന്ത്യയെ സാമൂഹികനീതി വകുപ്പ് ചുമതലപ്പെടുത്തിയത്. അതിെൻറ ഭാഗമായുള്ള ആദ്യത്തെ യാത്രയാണ് ഇന്ന് നടക്കുക. രാവിലെ 9.45ന് പെരുന്താന്നിയിലെ പാലിയം ഇന്ത്യയില്‍ സാമൂഹികനീതി വകുപ്പ് സ്പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഫ്ലാഗ് ഓഫ് ചെയ്യും. പാലിയം ഇന്ത്യ ചെയര്മാന് ഡോ.എം.ആര്. രാജഗോപാല്‍, സാമൂഹിക സുരക്ഷാ മിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, കൗണ്‍സിലര്‍ ചിഞ്ചു എന്നിവര്‍ പങ്കെടുക്കും.
Next Story