Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവനശ്രീ മണൽ...

വനശ്രീ മണൽ വിതരണകേന്ദ്രം: അപേക്ഷകൾ തിങ്കളാഴ്ച മുതൽ ഓൺലൈനായി സ്വീകരിക്കും

text_fields
bookmark_border
കുളത്തൂപ്പുഴ: വനംവകുപ്പിന് കീഴിൽ കുളത്തൂപ്പുഴയിൽ പ്രവർത്തിക്കുന്ന വനശ്രീ കേന്ദ്രത്തിൽനിന്ന് ന്യായവിലയ്ക്ക് മണൽ വിതരണത്തിനുള്ള അപേക്ഷ തിങ്കളാഴ്ച മുതൽ ഓൺലൈനായി സ്വീകരിച്ചുതുടങ്ങുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് മണലിനായി അപേക്ഷ സമർപ്പണം ആരംഭിക്കുന്നത്. നിർമാണ സാമഗ്രികൾക്ക് പൊതുവിപണിയിൽ വില ക്രമാതീതമായി ഉയരുകയും സാധാരണ ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് മണലും മറ്റും ലഭ്യമാകാതെവരികയും ചെയ്തതോടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിനായി മുൻ ഇടതുസർക്കാറി​െൻറ കാലത്ത് ന്യായവിലയ്ക്ക് മണൽ വിപണനം നടത്തുന്നതിനായി കുളത്തൂപ്പുഴയിൽ ആരംഭിച്ചതായിരുന്നു മണൽ കലവറ. കുളത്തൂപ്പുഴയാറിലെ കടവുകളിൽനിന്ന് വനസംരക്ഷണ സമിതികൾ വഴി ശേഖരിച്ചെത്തിക്കുന്ന മണൽ സർക്കാർ നിരക്കിൽ ഇവിടെനിന്ന് എ.പി.എൽ, ബി.പി.എൽ ക്രമത്തിൽ വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. നാളുകൾ കഴിയവെ പ്രാദേശിക വാദത്തി​െൻറയും പാറപ്പൊടി മാഫിയകളുടെ സമ്മർദത്തി​െൻറയും ഫലമായി തുടർന്നുവന്ന യു.ഡി.എഫ് സർക്കാർ കലവറ കേന്ദ്രം അടച്ചുപൂട്ടുകയായിരുന്നു. പരിസ്ഥിതിലോല പ്രദേശങ്ങളിൽനിന്ന് മണൽഖനനം നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവുമെത്തിയതോടെ മണൽ ശേഖരണം എന്നെന്നേക്കുമായി നിലക്കുകയും ചെയ്തു. ഇതോടെ പ്രദേശത്തെ സാധാരണ ജനങ്ങൾ കൊള്ളവില നൽകി പുറമെനിന്ന് കായൽ മണൽ വാങ്ങേണ്ട അവസ്ഥയെത്തുകയും ഈ അവസരം മുതലെടുത്ത് പാറപ്പൊടി മാഫിയ നിർമാണമേഖല കൈയടക്കി കൊള്ളലാഭം കൊയ്യുകയുമായിരുന്നു. പുതിയതായി അധികാരത്തിലെത്തിയ ഇടതുസർക്കാർ വനംവകുപ്പിന് കീഴിൽ വനശ്രീ കേന്ദ്രം സ്ഥാപിച്ച് പുഴയിൽനിന്ന് മണൽ ശേഖരിച്ച് ന്യായവിലയ്ക്ക് വിൽപന നടത്തുന്നതിന് പദ്ധതി തയാറാക്കുകയും സർക്കാറി​െൻറ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. എന്നാൽ, ഉദ്യോഗസ്ഥർക്കിടയിലെ പാറപ്പൊടി മാഫിയയുടെ ശക്തമായ സ്വാധീനവും ഇടപെടലുകളും മണൽ വിപണന കേന്ദ്രത്തി​െൻറ പ്രാരംഭ പ്രവർത്തനങ്ങളെ ഒന്നൊന്നായി തടസ്സപ്പെടുത്തുകയും അനന്തമായി നീട്ടുകയും ചെയ്തു. ഇതിനിടെ പുഴയിൽനിന്ന് മണൽ ശേഖരിക്കുന്നതിന് ജിയോളജി വകുപ്പി​െൻറ അംഗീകാരം ലഭിക്കുകയും ഇതി​െൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം മണൽ ശേഖരിക്കുകയും ചെയ്തുവെങ്കിലും തുടർനടപടികളിൽ കാലതാമസമുണ്ടാക്കുകയും വിലനിശ്ചയിക്കുന്നതിൽ വകുപ്പുകൾ തമ്മിലുണ്ടായ തർക്കവും ഉദ്യോഗസ്ഥ ഇടപെടലുകളും നിമിത്തം മാർച്ച് എത്തിയിട്ടും മണൽ വിതരണം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് സി.പി.എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മണൽ വിതരണം അടിയന്തരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് റേഞ്ച് ഓഫിസിന് മുന്നിൽ രണ്ടാഴ്ചക്കാലം നിരാഹാരസമരം സംഘടിപ്പിക്കുകയും നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് സർക്കാർ അനുമതി ലഭ്യമായത്. ഏപ്രിൽ 23 തിങ്കളാഴ്ച രാവിലെ 11 മുതൽ വനംവകുപ്പി​െൻറ വെബ്സൈറ്റ് മുഖേനെ അപേക്ഷ സമർപ്പിക്കാമെന്നും അപേക്ഷകർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, കെട്ടിട നിർമാണ അനുമതി പത്രം, വീടി​െൻറ അംഗീകൃത പ്ലാൻ, എൻജിനീയർ സാക്ഷ്യപ്പെടുത്തിയ മണലി​െൻറ ആവശ്യകതാ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് എന്നീ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണമെന്നും ബി.പി.എൽ വിഭാഗത്തിൽപെട്ടവർ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സാമ്പത്തിക സഹായം ലഭിച്ച രേഖകളുടെ പകർപ്പുകൾ കൂടി സമർപ്പിക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു. അഞ്ച് ഘനമീറ്റർ അടങ്ങുന്ന ഒരു ലോഡ് മണലിന് എല്ലാ നികുതികളും ഉൾപ്പെടെ എ.പി.എൽ വിഭാഗത്തിന് 22,225 രൂപയും ബി.പി.എൽ വിഭാഗത്തിന് 12,425 രൂപയുമാണ് വില ഈടാക്കുന്നതെന്നും ഒരാൾക്ക് പരമാവധി 10 ഘനമീറ്റർ (രണ്ട് ലോഡ്) എന്നു നിജപ്പെടുത്തിയിട്ടുള്ളതായും തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലുള്ളവർക്കും കൊല്ലം ജില്ലയിലെ നിവാസികൾക്കും മാത്രമായിരിക്കും ഇപ്പോൾ മണൽ വിതരണം ചെയ്യുന്നതെന്നും പത്രക്കുറിപ്പിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പേപ്പട്ടികളുടെ ആക്രമണം: വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി ചിത്രം - കുളത്തൂപ്പുഴ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുളത്തൂപ്പുഴയിലും പരിസരപ്രദേശങ്ങളിലും പേപ്പട്ടികളുടെ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം കടമാൻകോട് മരുതിമൂട് കോളനി പ്രദേശത്തെത്തിയ പേപ്പട്ടി കുഴവിയോട് വരെയുള്ള പ്രദേശത്തെ നിരവധി നായ്ക്കളെയും വളർത്തുമൃഗങ്ങളെയും കടിച്ചതായാണ് സൂചന. ഇതേ തുടർന്ന് കുളത്തൂപ്പുഴ മൃഗാശുപത്രിയിൽനിന്ന് അധികൃതർ വീടുകളിലെത്തി കടിയേറ്റ വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെെപ്പടുത്തു. എന്നാൽ, വളർത്തുമൃഗങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിച്ച പേപ്പട്ടികളിൽ ഒന്നിനെ നാട്ടുകാർ വകവരുത്തിയെങ്കിലും മറ്റൊന്നിനെ പിടികൂടാനായില്ല. ആദിവാസി കോളനി പ്രദേശത്ത് അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ ഏറെയുണ്ട്. ഇവയിൽ എത്രയെണ്ണത്തിന് പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ടെന്നു കണ്ടെത്തുന്നതിന് കഴിഞ്ഞിട്ടില്ലാത്തതിനാൽ ഇവക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ല. അതിനാൽ തെന്ന ഈ മൃഗങ്ങൾക്ക് പേയിളകുന്നതിനും ആക്രമണമുണ്ടാകുന്നതിനുമുള്ള സാധ്യതകൾ നിലനിൽക്കുന്നതായി നാട്ടുകാർ ഭയപ്പെടുന്നു. ഒരാഴ്ച മുമ്പ് കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രത്തിലെ വിഷു ആഘോഷങ്ങൾക്കായെത്തിയവർക്കിടയിൽ കടന്നെത്തിയ പേപ്പട്ടി അഞ്ചുപേരെ കടിച്ചുപരിക്കേൽപ്പിച്ചിരുന്നു. ഇവിടെയും പേപിടിച്ച നായെ കണ്ടെത്തി പിടികൂടുന്നതിന് കഴിഞ്ഞിരുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story