ശമ്പളപരിഷ്​കരണ ഉത്തരവ്​ ഉടൻ പുറത്തിറക്കുക; നഴ്​സുമാർ അനിശ്ചിതകാല സമരം തുടങ്ങി

05:44 AM
17/04/2018
തിരുവനന്തപുരം: നഴ്സുമാരുടെ ശമ്പളപരിഷ്കരണ ഉത്തരവ് ഉടൻ പുറത്തിറക്കുക, ചേർത്തല കെ.വി.എമ്മിലെ സമരം ഒത്തുതീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാലസമരം ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി സുജനപാൽ അച്യുതൻ ഉദ്ഘാടനം ചെയ്തു. നഴ്സുമാരുടെ സംഘടനകളുമായി ഉണ്ടാക്കിയ ഒത്തുതീർപ് വ്യവസ്ഥകൾ പാലിക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശമ്പളപരിഷ്കരണം സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നാണ് മുമ്പ് നടന്ന സമരങ്ങളെ തുടർന്ന് സർക്കാർ അറിയിച്ചത്. എന്നാൽ അതി​െൻറ നടപടിക്രമങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ചേർത്തല കെ.വി.എമ്മിലെ സമരം അവസാനിപ്പിക്കാൻ തയാറാകാത്തത് ഇരട്ടത്താപ്പാണെന്നും ആവശ്യങ്ങൾ നേടിയെടുക്കുംവരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് സിബി മുകേഷ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബി.എസ്. സുബി, ജില്ലാ വർക്കിങ് പ്രസിഡൻറ് മുഹമ്മദ് മുരുക്കുംപുഴ, വൈസ് പ്രസിഡൻറ് ഹാരിഷ്, കൊല്ലം ജില്ലാ പ്രസിഡൻറ് മുകേഷ് എന്നിവർ സംസാരിച്ചു.
Loading...
COMMENTS