ഒന്നര കിലോ കഞ്ചാവുമായി സ്ത്രീ പിടിയിൽ

05:44 AM
17/04/2018
കൊല്ലം:- ജില്ലയിലെ കോളജ് വിദ്യാർഥികൾക്കും നിർമാണ, മത്സ്യ ബന്ധന തൊഴിലാളികൾക്കും വ്യാപകമായി കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ സ്ത്രീ ഷാഡോ പൊലീസ് സംഘത്തി​െൻറ പിടിയിൽ. കൊല്ലം ശക്തികുളങ്ങര സരള ഭവനിൽ രാഗിലത (32) ആണ് പിടിയിലായത്. ഇവര്‍ രണ്ടു മാസം മുമ്പ് അഞ്ചു കിലോ കഞ്ചാവുമായി കരുനാഗപ്പള്ളി എക്സൈസ് സംഘത്തി​െൻറ പിടിയിലായിരുന്നു. തുടർന്ന്, ‍കഴിഞ്ഞ മാസം ജയിൽ മോചിതയായ ഇവ൪ വീണ്ടും തൊഴില്‍ തുടരുകയായിരുന്നു. തമിഴ്നാട്ടിൽനിന്ന് ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിക്കുന്നത്. ഫോണിലൂടെ ആവശ്യപ്പെടുന്നവർക്ക് സന്ധ്യാസമയത്ത് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതാണ് ഇവരുടെ രീതി. ഇവരുടെ ഭർത്താവ് എഴുകോണ്‍ സ്വദേശി സ്റ്റീഫൻ കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരുകയാണ്‌. സിറ്റി പോലീസ് കമീഷണ൪ ശ്രീനിവാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഈസ്റ്റ് സി.ഐ. മഞ്ചുലാൽ, വനിതാ എസ്.ഐ. അനിത കുമാരി, ഈസ്റ്റ് എസ്.ഐ അബ്ദുൽ റഹ്മാൻ, ഷാഡോ എസ്.ഐ വിപിൻ കുമാ൪, എ.സി.പി ഒ. ശ്രീനിവാസന്‍, ഷാഡോ പൊലീസുകാരായ ഹരിലാല്‍, സജു, സീനു, മനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
COMMENTS