Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 1:29 PM IST Updated On
date_range 30 July 2017 1:29 PM ISTഗുജറാത്തിലെ 44 എം.എൽ.എമാർക്ക് ബംഗളൂരുവിൽ സുഖവാസം
text_fieldsbookmark_border
-ഇഖ്ബാൽ ചേന്നര ബംഗളൂരു: ഗുജറാത്തിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പിൽ അഹ്മദ് പേട്ടലിെൻറ വിജയമുറപ്പാക്കാൻ പഴുതടച്ച് കോൺഗ്രസ്. മുതിർന്ന നേതാവ് ശങ്കർ സിങ് വഗേലയടക്കം ആറു എം.എൽ.എമാർ കോൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പി പാളയത്തിലേക്ക് പോയതോടെ കൂടുതൽ കൊഴിഞ്ഞുപോക്ക് തടയാൻ 44 എം.എൽ.എമാരെ ബംഗളൂരുവിലെ വിവിധ ഹോട്ടലുകളിലും റിസോർട്ടുകളിലും പാർപ്പിച്ചിരിക്കുകയാണ് ഹൈകമാൻഡ്. മൈസൂരു റോഡിലെ ബിഡദി രാമനഗറിലെ ഇൗഗ്ൾടൺ ഗോൾഫ് റിസോർട്ടിലാണ് 30 എം.എൽ.എമാരുടെ വാസം. കർണാടക ഉൗർജമന്ത്രി ഡി.കെ. ശിവകുമാറിെൻറ ഉടമസ്ഥതയിലുള്ളതാണ് ഇൗ റിസോർട്ട്. 10 പേർ തുമകുരു റോഡിലെ ഗോൾഡൻ പാം ഹോട്ടലിലും നാലുപേർ ദേവനഹള്ളിയിലെ ക്ലാർക്ക് എക്സോട്ടിക്ക ഹോട്ടലിലുമാണ് താമസം. അതേസമയം, ഇൗഗ്ൾടൺ റിസോർട്ടിൽ തങ്ങുന്നവരിൽ മൂന്ന് എം.എൽ.എമാർ ഗുജറാത്തിലേക്ക് തിരിച്ചുപോകാനൊരുങ്ങുകയാണെന്ന് സൂചനയുണ്ട്. വെള്ളപ്പൊക്കം ബാധിച്ച കാങ്ക്രജ്, പാലൻപുർ, ദീസ മണ്ഡലങ്ങളിലെ എം.എൽ.എമാർ വിവരങ്ങൾ ആരായുന്നതിന് സെൽഫോൺ ആവശ്യപ്പെട്ടിട്ടും റിസോർട്ട് മാനേജർ നൽകാത്തതിനെതുടർന്ന് വാക്തർക്കം നടന്നതായും അറിയുന്നു. രണ്ടു സംഘങ്ങളായാണ് എം.എൽ.എമാർ ശനിയാഴ്ച പുലർച്ചെ ബംഗളൂരുവിലെത്തിയത്. അഹ്മദാബാദിൽനിന്ന് ഇൻഡിഗോയുടെ പ്രത്യേക വിമാനത്തിൽ വെള്ളിയാഴ്ച രാത്രി പുറപ്പെട്ട 32 എം.എൽ.എമാരടങ്ങുന്ന ആദ്യ സംഘം മുംബൈ വഴി ശനിയാഴ്ച പുലർച്ചെ രണ്ടിനാണ് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. പിന്നാലെ മറ്റൊരു വിമാനത്തിൽ 12 പേരടങ്ങുന്ന മറ്റൊരു സംഘവുമെത്തി. ബംഗളൂരു റൂറൽ എം.പിയും മന്ത്രി ഡി.കെ. ശിവകുമാറിെൻറ സഹോദരനുമായ ഡി.കെ. സുരേഷിനോടൊപ്പം വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ എം.എൽ.എമാർ മാധ്യമങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കാതെ നേെര താമസസ്ഥലങ്ങളിലേക്ക് നീങ്ങുകയായിരുന്നു. ഡി.കെ. ശിവകുമാർ കുടുംബസമേതം സിംഗപ്പൂർ യാത്രയിലാണ്. ശിവകുമാറിനും സുരേഷിനുമാണ് എം.എൽ.എമാരുടെ മേൽനോട്ട ചുമതല. എം.എൽ.എമാരെ നിരീക്ഷിക്കാൻ ഇവർക്ക് കീഴിൽ 30-40 പേരടങ്ങുന്ന സംഘം വേറെയുമുണ്ട്. ആഡംബര റിസോർട്ടിലും ഹോട്ടലുകളിലുമായി 35 ഡീലക്സ് മുറികളാണ് ഇവർക്കായി ബുക്ക് ചെയ്തിരിക്കുന്നത്. ഒരു മുറിക്ക് 8000 മുതൽ 10,000 രൂപയാണ് വരെ ദിവസവാടക. താമസം, ഭക്ഷണം എന്നിവക്കായി ദിവസവും ഏകദേശം അഞ്ചു ലക്ഷം രൂപയാണ് എം.എൽ.എമാരെ സംരക്ഷിക്കുന്നതിനായി കോൺഗ്രസ് ചെലവിടുന്നത്. ഗുജറാത്തി വിഭവങ്ങൾ ഇവർക്കായി പ്രത്യേകം ഒരുക്കും. ആഗസ്റ്റ് ഏഴുവരെ എം.എൽ.എമാർ ബംഗളൂരുവിലുണ്ടാകും. എട്ടിനാണ് ഗുജറാത്തിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. നിലവിൽ രാജ്യസഭാംഗമായ മുതിർന്ന കോൺഗ്രസ് നേതാവ് അഹ്മദ് പേട്ടലിെൻറ വിജയം തടയാൻ ബി.ജെ.പി തരംതാണ രാഷ്ട്രീയക്കളികൾ നടത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എൽ.എമാരെ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലേക്ക് മാറ്റിയത്. കോൺഗ്രസിെൻറ 57 എം.എൽ.എമാരിൽ ആറു പേർ കഴിഞ്ഞദിവസങ്ങളിൽ ബി.ജെ.പിയിലേക്ക് കൂടുമാറിയിരുന്നു. പേട്ടലിെൻറ വിജയമുറപ്പിക്കാൻ 47 വോട്ട് മതിയെങ്കിലും ഇനിയും അംഗങ്ങൾ മറുകണ്ടം ചാടുന്നത് തടയുകയാണ് കോൺഗ്രസ് റിസോർട്ട് വാസംകൊണ്ട് ലക്ഷ്യമിടുന്നത്. അതേസമയം, കൂടുതൽ എം.എൽ.എമാർ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിൽ ചേരുമെന്നും രാജ്യസഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽനിന്ന് ഒരു ബി.ജെ.പി പ്രതിനിധികൂടി വിജയിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ സംഭവത്തോട് പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story