Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 2:08 PM IST Updated On
date_range 24 July 2017 2:08 PM ISTഎൻഡോസൾഫാൻ ദുരിതബാധിതർക്ക് സാമ്പത്തികസഹായം; സുപ്രീംകോടതി നിർദേശം കടലാസിലൊതുങ്ങി
text_fieldsbookmark_border
* ഇരകളുടെ ബി.പി.എൽ റേഷൻ കാർഡുകൾ എ.പി.എല്ലായി * കടം എഴുതിത്തള്ളാൻ നീക്കിവെച്ച 10 കോടിയിൽ ചെലവഴിച്ചത് 1.6 കോടി മാത്രം തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിലുള്ള മുഴുവൻപേർക്കും സാമ്പത്തികസഹായം നൽകണമെന്ന സുപ്രീംകോടതി നിർദേശം കടലാസിലൊതുങ്ങിയെന്ന് ആക്ഷേപം. എൽ.ഡി.എഫ് സർക്കാർ പുതിയ റേഷൻ കാർഡുകൾ വിതരണംചെയ്തപ്പോൾ ദുരിതബാധിതരുടെ ബി.പി.എൽ കാർഡുകൾ എ.പി.എല്ലായി മാറിയിരുന്നു. ഇത് മാറ്റിലഭിക്കാൻ മന്ത്രി പി. തിലോത്തമനെ കണ്ടിട്ടും ഫലമുണ്ടായില്ല. ദുരിതബാധിതർക്കായി കഴിഞ്ഞ ഏപ്രിലിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ 2000ത്തോളം കുട്ടികളും യുവജനങ്ങളുമടക്കം പുതുതായി 4000ത്തോളം പേർ എത്തിയിരുന്നു. എന്നാൽ ഇവരിലെ ഇരകളുടെ പട്ടിക ഇതുവരെ തയാറാക്കിയിട്ടില്ലാത്തതിനാൽ ആനുകൂല്യങ്ങൾ ലഭിക്കാത്ത അവസ്ഥയാണ്. ഉമ്മൻ ചാണ്ടി സർക്കാർ ഉണ്ടാക്കിയ കരാറിൽ ദുരിതബാധിതർക്ക് സാമ്പത്തികസഹായം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. മരിച്ചവരുടെയും കിടപ്പിലായവരുടെയും മാനസികപ്രശ്നം നേരിടുന്നവരുടെയും കുടുംബത്തിന് അഞ്ച് ലക്ഷവും മറ്റുള്ളവർക്ക് മൂന്ന് ലക്ഷവും നൽകുമെന്നായിരുന്നു ഉറപ്പ്. ഇത്പ്രകാരം ആദ്യപട്ടികയിൽ ഉണ്ടായിരുന്ന 4128 പേരിൽ 2820 പേർക്ക് മാത്രമാണ് സഹായംലഭിച്ചത്. മാത്രമല്ല, 3000ത്തോളം കുട്ടികളടക്കം 6000 പേർ പങ്കെടുത്ത 2013ലെ ക്യാമ്പിൽനിന്ന് ഇരകളുടെ പട്ടികയിൽ എത്തിയത് വെറും 337പേർ മാത്രവുമാണ്. 2014ൽ ദുരിതബാധിതരുടെ കടം എഴുതിത്തള്ളാനും തീരുമാനിച്ചിരുന്നു. 25 കോടിയുടെ കടബാധ്യതയാണ് അന്ന് കണക്കാക്കിയത്. പിന്നീട് കടം എഴുതിത്തള്ളുന്നതിനുള്ള മാനദണ്ഡം 2011 ജൂൺ 30ന് മുമ്പ് കടം എടുത്തവർക്ക് മാത്രം എന്നായി മാറ്റി. 2011ന്ശേഷം സൗജന്യ ചികിത്സ നൽകിയെന്നതാണ് ഇതിന് കാരണമായി പറഞ്ഞത്. തുടർന്ന് കടംതീർക്കാൻ 10 കോടി മാത്രമാണ് കഴിഞ്ഞ സർക്കാർ നീക്കിവെച്ചത്. ഇതിൽ ഇതുവരെ ചെലവഴിച്ചത് 1.6 കോടിയാണ്. ബാക്കിയുള്ള 8.40 കോടി നൽകാൻ ഇതുവരെ നടപടിയെടുത്തിട്ടില്ല. എൻഡോസൾഫാൻ ദുരിതബാധിതർക്ക് വിദഗ്ധചികിത്സ നൽകുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല. പഠന റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിച്ചതുപോലെ ന്യൂറോളജിസ്റ്റിനെ നിയമിക്കാൻ പോലുമായില്ല. പുനരധിവാസവും എങ്ങുമെത്തിയിട്ടില്ല. സ്റ്റോക്കുള്ള എൻഡോസൾഫാൻ നിർവീര്യമാക്കുമെന്ന ഉറപ്പും പാലിച്ചില്ല. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ട്രൈബ്യൂണലിനുവേണ്ടി നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച ഇപ്പോഴത്തെ മന്ത്രി ഇ. ചന്ദ്രശേഖരനും വിഷയത്തിൽ നിശബ്ദത പാലിക്കുകയാണെന്ന് തലസ്ഥാനത്തെത്തിയ സമരസമിതി നേതാക്കൾ പറഞ്ഞു. ആർ. സുനിൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story