Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2017 5:55 PM IST Updated On
date_range 12 Jan 2017 5:55 PM ISTപൊതുഅവധികളിലും പബ്ളിക് ലൈബ്രറി തുറക്കണമെന്ന ഉത്തരവ് അട്ടിമറിക്കാന്‍ നീക്കം
text_fieldsbookmark_border
തിരുവനന്തപുരം: പൊതുഅവധികളിലടക്കം 365 ദിവസവും പബ്ളിക് ലൈബ്രറിയിലെ വായനമുറി തുറന്ന് പ്രവര്‍ത്തിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിക്കാന്‍ നീക്കം. അവധി ദിവസം ജോലിക്ക് കയറുന്ന ജീവനക്കാര്‍ക്ക് പ്രത്യേക അലവന്‍സ് അടക്കം പ്രഖ്യാപിച്ചിട്ടും ഒരു വിഭാഗം ഉത്തരവിനെതിരെ സജീവമായി രംഗത്തുണ്ടെന്നാണ് വിവരം. 2012ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് വീണ്ടും നടപ്പാക്കാനുള്ള നീക്കമാണ് ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടക്കുന്നത്. നിലവില്‍ രണ്ടാം ശനിയാഴ്ചകള്‍, മറ്റ് പൊതുഅവധികള്‍ എന്നീ ദിവസങ്ങളില്‍ ലൈബ്രറി പ്രവര്‍ത്തിക്കാറില്ല. അതേസമയം, ഞായറാഴ്ച ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെ വായനമുറി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ ജോലിക്ക് കയറുന്ന ജീവനക്കാര്‍ക്ക് പ്രതിപൂരക അവധി (കോമ്പന്‍സേറ്ററി ഓഫ്) നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍, വര്‍ഷത്തില്‍ 15 ദിവസത്തില്‍ കൂടുതല്‍ ചട്ടപ്രകാരം പ്രതിപൂരക അവധി അനുവദിക്കാന്‍ സാധിക്കാത്തതിനാല്‍ ജീവനക്കാരെ ഞായറാഴ്ചകളില്‍ ജോലിക്ക് നിയോഗിക്കുന്നതിനും തടസ്സമുണ്ടെന്നാണ് ലൈബ്രറി അധികൃതരുടെ വിശദീകരണം. പൊതുഅവധികളില്‍ മൂന്നും നാലും ദിവസം തുടര്‍ച്ചായി ലൈബ്രറി അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. വായനക്കാരുടെയും പബ്ളിക് ലൈബ്രറി സംരക്ഷണം സമിതിയുടെയും നിരന്തരമുള്ള ആവശ്യത്തെ തുടര്‍ന്ന് 2012 മാര്‍ച്ച് 22 നാണ് എല്ലാ പൊതുഅവധി ദിവസങ്ങളിലും ലൈബ്രറിയിലെ വായനമുറി തുറന്നുപ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അവധി ദിവസങ്ങളില്‍ ഒരു ഗ്രേഡ്-ഒന്ന് ലൈബ്രേറിയനെയും രണ്ട് ഗ്രേഡ്-നാല് ലൈബ്രറേറിയന്‍മാരെയും നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ. ചട്ടപ്രകാരമുള്ള തടസ്സമുള്ളതിനാല്‍ പ്രതിപൂരക അവധികള്‍ നല്‍കുന്നത് ഒഴിവാക്കി പകരം അതേ ദിവസങ്ങളില്‍ ജോലിക്ക് കയറുന്ന ഗ്രേഡ് ഒന്ന് ലൈബ്രേറിയന് 918 രൂപയും മറ്റുള്ള രണ്ട് പേര്‍ക്ക് 507 രൂപ വീതവും പ്രതിദിന അലവന്‍സായി നല്‍കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇത്രയധികം ആനുകൂല്യങ്ങളുണ്ടായിട്ടും ഒരു വിഭാഗം ഇടപെട്ട് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച അലവന്‍സ് പ്രകാരം അവധി ദിവസങ്ങളില്‍ ലൈബ്രറി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാര്‍ തയാറായാല്‍ മാത്രം ലൈബ്രറി പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്നും അല്ലാത്തപക്ഷം ഉത്തരവ് പിന്‍വലിക്കാമെന്നും ചൂണ്ടിക്കാട്ടി 2012 ഒക്ടോബര്‍ 15ന് മറ്റൊരു ഉത്തരവും ഇറങ്ങി. തുടര്‍ന്ന് പൊതുജനങ്ങളില്‍ നിന്നും ആവശ്യം വ്യാപകമായ സാഹചര്യത്തിലാണ് മന്ത്രി സി.രവീന്ദ്രനാഥ് ഉത്തരവ് പുന$സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനു മുന്നോടിയായി കഴിഞ്ഞ നവംബര്‍ 16ന് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നു. അതേസമയം, ലൈബ്രറി ഉപദേശക സമിതിയെ ഇല്ലാതാക്കാനും നീക്കം നടക്കുന്നുണ്ട്. മൂന്ന് മാസത്തിലൊരിക്കല്‍ ഉപദേശക സമിതി വിളിച്ചുചേര്‍ക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഇത് പ്രാവര്‍ത്തികമാകാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story