ഗുരുമന്ദിരങ്ങള്‍ക്കുനേരെ ആക്രമണം

11:44 AM
21/02/2017

വര്‍ക്കല: ഗുരുമന്ദിരങ്ങള്‍ക്കുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. ജനതാമുക്കിന് സമീപം അരത്തന്‍െറവിള ജങ്ഷനിലും പുല്ലാന്നിക്കോട് എള്ളുവിള ജങ്ഷനിലുമുള്ള മന്ദിരങ്ങളാണ് ഞായറാഴ്ച അര്‍ധരാത്രിയില്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ജനതാമുക്കിന് സമീപത്തെ ഗുരുമന്ദിരത്തിന്‍െറ മൂന്നുവശങ്ങളിലെ കണ്ണാടികള്‍ തകര്‍ന്നു. എറിയാനുപയോഗിച്ച പാറക്കഷണവും മന്ദിരത്തിനുള്ളില്‍ വീണു. വലിയ ഗ്ളാസ് പാനലുകള്‍ തകര്‍ന്നുതരിപ്പണമായി. പുല്ലാന്നിക്കോട് എള്ളുവിള ജങ്ഷനിലെ ഗുരുമന്ദിരത്തിന്‍െറ മുന്‍വശത്തെ കണ്ണാടിയിലാണ് കല്ളേറുണ്ടായത്. കണ്ണാടി തകര്‍ന്നു. എറിയാനുപയോഗിച്ച പാറക്കഷണങ്ങളും പൊട്ടിത്തെറിച്ച കണ്ണാടിച്ചില്ലും ഗുരുമന്ദിരത്തിനുള്ളില്‍ ചിതറിക്കിടക്കുന്നുണ്ട്.
ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് പൊലീസിന്‍െറ നിഗമനം. ആദ്യം തകര്‍ക്കപ്പെട്ടത് ജനതാമുക്കിലെ ഗുരുമന്ദിരമാകാമെന്നും കരുതുന്നു. തിങ്കളാഴ്ച രാവിലെയാണ് ഗുരുമന്ദിരങ്ങള്‍ തകര്‍ക്കപ്പെട്ടത് പരിസരവാസികള്‍ കാണുന്നത്. വര്‍ക്കല സി.ഐ ബി.എസ്. സജിമോന്‍െറ നേതൃത്വത്തില്‍ തെളിവെടുത്തു. അഡ്വ. വി.ജോയി എം.എല്‍.എ, മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, എസ്.എന്‍.ഡി.പി യോഗം ശിവഗിരി യൂനിയന്‍ സെക്രട്ടറി അജി എസ്. ആര്‍.എം, പ്രസിഡന്‍റ് കല്ലമ്പലം നകുലന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ എസ്. അനിജോ എന്നിവരും സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
ലോക്സഭാംഗം റിച്ചാര്‍ഡ് ഹേ എം.പിയും ഗുരുമന്ദിരങ്ങള്‍ സന്ദര്‍ശിച്ചു.
 ജില്ല റൂറല്‍ എസ്.പി അശോക്കുമാര്‍, ആറ്റിങ്ങല്‍ എ.എസ്.പി ആദിത്യ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസിന്‍െറ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍, ഫോറന്‍സിക്, ഫിംഗര്‍പ്രിന്‍റ്, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ടും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച വര്‍ക്കല നഗരസഭ പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കും. എല്‍.ഡി.എഫ്, ബി.ജെ.പി, എസ്.എന്‍.ഡി.പി ശിവഗിരി യൂനിയന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയുള്ള ഹര്‍ത്താലില്‍നിന്ന് അവശ്യ സര്‍വിസുകളെ ഒഴിവാക്കിയിട്ടുണ്ട്.

Loading...
COMMENTS