Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2017 8:03 PM IST Updated On
date_range 7 Feb 2017 8:03 PM ISTആ ബാലചന്ദ്രന്‍ ചെന്ത്രാപ്പിന്നിയിലുണ്ട്...
text_fieldsbookmark_border
ചെന്ത്രാപ്പിന്നി: കൃഷിയെപ്പോലെ കലയും ജീവനാണ് ഈ കൃഷി ഓഫിസര്‍ക്ക്. അഭിനയത്തില്‍ പുതിയ വിളവെടുപ്പുകള്‍ നടത്തുന്ന എടത്തിരുത്തി കൃഷി ഓഫിസര്‍ എം.എച്ച്. മുഹമ്മദ് ഇസ്മായിലാണ് അഭിനയത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നത്. അടുത്തിടെ റിലീസായ ‘ജോമോന്‍െറ സുവിശേഷങ്ങളില്‍‘ ശ്രദ്ധേയമായ വേഷം ചെയ്യാനായതിന്‍െറ ത്രില്ലിലാണ് ഇദ്ദേഹം. ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍െറ വിശ്വസ്തനായ അക്കൗണ്ടന്‍റ് ബാലചന്ദ്രനായി നാലോളം സീനുകളില്‍ ഈ കൃഷി ഓഫിസര്‍ തിളങ്ങി. ജന്മം കൊണ്ട് കൊടുങ്ങല്ലൂര്‍കാരനാണെങ്കിലും പിതാവിന്‍െറ കച്ചവടാവശ്യാര്‍ഥം കണ്ണൂരില്‍ പയ്യന്നൂരിലായിരുന്നു ബാല്യകാലം. ഇവിടെ എല്‍.പി സ്കൂളില്‍ പഠിക്കവെ കഥപറയല്‍ മത്സരത്തില്‍ സമ്മാനം നേടിയാണ് ഇദ്ദേഹം കലാജീവിതം ആരംഭിച്ചത്. തുടര്‍ന്ന് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലക്ക് കീഴില്‍ വെള്ളാനിക്കരയില്‍ ബി.എസ്.സി ഫോര്‍ട്ടികള്‍ച്ചര്‍ പഠനം പൂര്‍ത്തിയാക്കുന്നത് വരെയും നാടകവും മിമിക്രിയുമായി കലയോടുള്ള ആത്മബന്ധം നിലനിര്‍ത്തി. പി.എസ്.സി പരീക്ഷ എഴുതി ജോലിക്ക് ശ്രമിച്ചെങ്കിലും അഭിനയവും സംവിധാനവും പഠിക്കണമെന്ന മോഹം കലശലായപ്പോള്‍ ഫലം കാത്തുനില്‍ക്കാതെ മദ്രാസിലേക്ക് വണ്ടി കയറി. നിര്‍മാതാവ് ഗീതാനാരായണന്‍െറ സഹായിയായി. ഈസമയത്താണ് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം, സിനിമാട്ടോഗ്രഫി എന്നിവ പഠിക്കാനായി അപേക്ഷ നല്‍കിയത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം ലഭിച്ചതോടെ സിനിമാ രംഗത്തെ ഉയരങ്ങള്‍ സ്വപ്നം കണ്ടു. പക്ഷെ, ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നതിന്‍െറ തലേ ദിവസം വിധി ഇസ്മായിലിന്‍െറ തലവര മാറ്റിയെഴുതുകയായിരുന്നു. നേരത്തെ എഴുതിയ പി.എസ്.സി പരീക്ഷ പ്രകാരം കോടശ്ശേരി സീഡ്ഫാമില്‍ കൃഷി ഓഫിസറായി നിയമിച്ചു കൊണ്ടുള്ള അറിയിപ്പ് എത്തി. ജോലി ഏറ്റെടുക്കുക എന്ന വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി 1989 ല്‍ കൃഷി ഓഫിസറായി. എങ്കിലും തന്‍െറ ശബ്ദത്തിന്‍െറ മികവ് ഉപയോഗപ്പെടുത്തി കൃഷി വകുപ്പിന്‍െറ പരിപാടികളില്‍ കോമ്പിയറിങ് ഏറ്റെടുത്തു. അന്നത്തെ കൃഷിമന്ത്രി പി.പി. ജോര്‍ജിന്‍െറ ആശീര്‍വാദപ്രകാരം സര്‍ക്കാര്‍ ജോലിക്കിടെ കള്‍ച്ചറല്‍ പ്രോഗ്രാമിന് അനുവാദം ലഭിച്ചു. പിന്നീട് തൃശൂരിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ സ്ഥിരം നാടക ആര്‍ട്ടിസ്റ്റായി. ആകാശവാണിയുടെ നാല്‍പതോളം നാടകങ്ങളില്‍ ഇദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിനിടെ ഇദ്ദേഹത്തിന്‍െറ ശബ്ദ ഗാംഭീര്യം തിരിച്ചറിഞ്ഞ് നിരവധി സിനിമാക്കാര്‍ ഡബ്ബിങ് നടത്താനായി അന്വേഷിച്ചത്തെി. കമലിന്‍െറ ‘നമ്മള്‍’ എന്ന സിനിമയില്‍ തന്നെ നാലോളം കഥാപാത്രങ്ങള്‍ക്ക് ഇസ്മായില്‍ ശബ്ദം നല്‍കിയിട്ടുണ്ട്. പ്രാദേശിക വാര്‍ത്താ ചാനലുകളില്‍ വാര്‍ത്തഅവതാരകനായും ഇസ്മായില്‍ കഴിവു തെളിയിച്ചു. ജീവന്‍ ടി.വിയുടെ ഹരിതകേരളം പരിപാടിയില്‍ രണ്ടു തവണ അവതാരകനായിരുന്നു. സലിം പടിയത്തിന്‍െറ ബാല ചിത്രമായ ഖരാക്ഷരങ്ങളില്‍ അധ്യാപകന്‍െറ റോളില്‍ അഭിനയിച്ചു കൊണ്ടാണ് സിനിമയിലുള്ള അരങ്ങേറ്റം. തുടര്‍ന്ന് കമലിന്‍െറ ഗ്രാമഫോണ്‍, നമ്മള്‍, പച്ചക്കുതിര തുടങ്ങിയ സിനിമകളില്‍ മുഖം കാണിച്ചു. ശ്രീജിത്ത് നന്ദകുമാറിന്‍െറ ‘മേഘജാലകം‘ ഷോര്‍ട്ട് ഫിലിമിലും സജി പാറമേലിന്‍െറ ‘ആറടി‘ ഫീച്ചര്‍ ഫിലിമിലും ഇസ്മായില്‍ പ്രധാന വേഷത്തിലത്തെി. സത്യന്‍ അന്തിക്കാടിന്‍െറ നേരിട്ടുള്ള ക്ഷണമാണ് ജോമോന്‍െറ സുവിശേഷത്തിലേക്കുള്ള വഴി തുറന്നത്. വേഷം ശ്രദ്ധേയമായതോടെ നിരവധി അവസരങ്ങള്‍ ഈ കൃഷി ഓഫിസറെ തേടിയത്തെുന്നുണ്ട്. ജോലിത്തിരക്കിനിടെ നേരത്തെ നിരവധി അവസരങ്ങള്‍ കൈവിട്ടു പോയ സങ്കടവുമുണ്ട്. എങ്കിലും കൃഷി പാഠങ്ങള്‍ക്ക് തന്നെയാണ് പ്രഥമ പരിഗണന ഇസ്മായില്‍ പറയുന്നു. നുസൈബയാണ് ഭാര്യ. മക്കള്‍: ജാസ്മിന്‍, ജസ്ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story