Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2017 5:17 PM IST Updated On
date_range 5 Feb 2017 5:17 PM ISTഗ്രാമങ്ങളില്‍ കുടിവെള്ള പ്രശ്നം രൂക്ഷം അധികൃതര്‍ക്ക് നിസ്സംഗത; വ്യാപക പ്രതിഷേധം
text_fieldsbookmark_border
വെഞ്ഞാറമൂട്: ഗ്രാമങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും കാര്യമായ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ളെന്ന് ആക്ഷേപം. സംഭവത്തില്‍ വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തമായി. പ്രശ്നപരിഹാരത്തിന് നടപടികളെടുക്കുന്നതിന് വിളിച്ചുചേര്‍ത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗവും താലൂക്ക്സഭയും തര്‍ക്കം മൂലം തീരുമാനമെടുക്കാതെ പിരിഞ്ഞു. വാര്‍ഡുകളില്‍ ടാങ്കുകള്‍ സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കുന്ന തണ്ണീര്‍പന്തലുകള്‍ സ്ഥാപിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ടാങ്കര്‍ ലോറികളില്‍ വെള്ളമത്തെിക്കുന്നത് അഴിമതിക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, ഇത് നടപ്പാക്കുന്നതിലെ അപ്രായോഗികത ആദ്യം മുതലേ പഞ്ചായത്ത് പ്രസിഡന്‍റുമാരുള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയെങ്കിലും സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച കുടിവെള്ള പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഡെപ്യൂട്ടി കലക്ടര്‍ നെടുമങ്ങാട് താലൂക്ക് ഓഫിസില്‍ വിളിച്ചുചേര്‍ത്ത താലൂക്കിലെ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തില്‍, തണ്ണീര്‍പന്തലുകള്‍ സ്ഥാപിക്കുന്നതിനെ പ്രസിഡന്‍റുമാര്‍ ശക്തമായി എതിര്‍ത്തു. വാര്‍ഡില്‍ ഒരിടത്ത് മാത്രം ടാങ്ക് സ്ഥാപിച്ചാല്‍ പ്രശ്നങ്ങളുണ്ടാകുമെന്നും വാര്‍ഡുകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ചാല്‍ ഇത് അപ്രായോഗികമാണെന്നും പ്രസിഡന്‍റുമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഷയം കലക്ടറുടെ ശ്രദ്ധയില്‍പെടുത്തി. ശനിയാഴ്ച നടക്കുന്ന താലൂക്ക്സഭയില്‍ തീരുമാനമെടുക്കാമെന്ന ധാരണയില്‍ യോഗം പിരിഞ്ഞു. എന്നാല്‍, താലൂക്ക് സഭയില്‍ തീരുമാനത്തില്‍ മാറ്റമുണ്ടാകാത്തതിനത്തെുടര്‍ന്ന് യു.ഡി.എഫിന്‍െറ പഞ്ചായത്ത് പ്രസിഡന്‍റുമാരും പ്രതിനിധികളും ഇറങ്ങിപ്പോയി. 321 വാര്‍ഡുള്ള നെടുമങ്ങാട് താലൂക്കില്‍ നിലവില്‍ 16 ടാങ്കുകളാണ് ഉള്ളത്. ടാങ്കര്‍ ലോറിയില്‍ വെള്ളമത്തെിച്ചാല്‍ അഴിമതി നടക്കുമെങ്കില്‍ പുതിയ ടാങ്കുകള്‍ വാങ്ങുന്നതിലും അഴിമതി നടക്കാന്‍ സാധ്യതയുണ്ടെന്ന് പ്രസിഡന്‍റുമാര്‍ പറയുന്നു. അഴിമതി നടത്താന്‍ അനുവദിക്കാതെ കര്‍ശനമായ മേല്‍നോട്ടത്തില്‍ ടാങ്കര്‍ലോറികളില്‍ വെള്ളമത്തെിക്കുകയാണ് പ്രായോഗികപരിഹാരമെന്നും ഇവര്‍ പറയുന്നു. പ്രശ്നത്തില്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വാമനപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വില്ളേജ് ഓഫിസറെ തടഞ്ഞുവെച്ചു. തുടര്‍ന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍കുമാര്‍ സ്ഥലത്തത്തെി അടുത്തയാഴ്ച എല്ലാപ്രദേശങ്ങളിലും കുടിവെള്ളമത്തെിക്കാമെന്ന് ഉറപ്പുനല്‍കിയതിനെതുടര്‍ന്ന് സമരം അവസാനിപ്പിച്ചു. വാമനപുരം രവി, രാജീവ് പി. നായര്‍, മോഹനചന്ദ്രന്‍ നായര്‍, ദിനേശ് എന്നിവര്‍ നേതൃത്വം നല്‍കി. വിഴിഞ്ഞം: ടൗണ്‍ഷിപ് കോളനി, വടുവച്ചാല്‍ ഭാഗങ്ങളില്‍ ശുദ്ധജലക്ഷാമം രൂക്ഷമായി. നാട്ടുകാര്‍ ജല അതോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രദേശത്തെ പൈപ്പുവെള്ളത്തില്‍ ദുര്‍ഗന്ധമാണെന്ന പരാതി അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് തടഞ്ഞത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹാര്‍ബര്‍ വാര്‍ഡ് കൗണ്‍സിലര്‍ നിസാബീവി, വിഴിഞ്ഞം പൊലീസ് എന്നിവര്‍ എത്തി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണാമെന്ന ഉറപ്പിനെതുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു. കഴക്കൂട്ടം: വെമ്പായം പഞ്ചായത്തിന്‍െറ അനാസ്ഥകാരണം കുടിവെള്ളവും വെളിച്ചവും നഷ്ടപ്പെടുന്നതായി ആരോപിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കന്യാകുളങ്ങര ജങ്ഷനില്‍ സായാഹ്ന ധര്‍ണ നടത്തി. ജില്ല സെക്രട്ടറി കുന്നില്‍ ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. അജിം ചിറമുക്ക്, തൊളിക്കോട് പഞ്ചായത്തംഗം അഷ്ക്കര്‍, വെമ്പായം പഞ്ചായത്തംഗം ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആനാട് വില്ളേജ് ഓഫിസിന് മുന്നില്‍ സത്യഗ്രഹം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്‍റ് ആനക്കുഴി ഷാനവാസ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ആനാട് ജയന്‍, ആനാട് ജയചന്ദ്രന്‍, കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍റ് പുരുഷോത്തമന്‍നായര്‍, പഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. കുടിവെള്ളവിതരണം നടത്താന്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങള്‍ താലൂക്കുസഭായോഗം ബഹിഷ്കരിച്ചു. താലൂക്കില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളവിതരണം നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ താലൂക്കുസഭാ യോഗത്തില്‍ ഉറപ്പുനല്‍കിയിരുന്നു. ഡി.കെ. മുരളി എം.എല്‍.എയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കഴിഞ്ഞ താലൂക്ക് സഭയിലെ മിനിറ്റസ് വായിക്കുകയും ചര്‍ച്ച ആരംഭിക്കുകയും ചെയ്തപ്പോഴായിരുന്നു യു.ഡി.എഫ് അംഗങ്ങള്‍ കഴിഞ്ഞസഭയിലെ തീരുമാനം നടപ്പാക്കാത്തതിനെക്കുറിച്ച് ആരാഞ്ഞത്. ഇതിനെക്കുറിച്ച് വ്യക്തമായ മറുപടിലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയതെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റും നഗരസഭ പ്രതിപക്ഷനേതാവുമായ ടി. അര്‍ജുനന്‍ അറിയിച്ചു. വട്ടപ്പാറ ചന്ദ്രന്‍, വെള്ളനാട് ശശി, സുജിത്ത് എസ്. കുറുപ്പ്, ഷാമിലാ ബീഗം, ചീരാണിക്കര സുരേഷ്, ഇടവേലി മധു എന്നീ അംഗങ്ങളാണ് ഇറങ്ങിപ്പോയത്. കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ പറകുന്ന്, കൊടുവേലിക്കോണം, അമ്മാംകോണം, തയ്ക്കാവുമുക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതായി പരാതി. ഉയര്‍ന്നപ്രദേശമായതിനാല്‍ ഇവിടെയുള്ള കിണറുകളെല്ലാം വറ്റിവരണ്ടു. വല്ലപ്പോഴും മാത്രം ലഭിക്കുന്ന പൈപ്പ് വെള്ളമാകട്ടെ കുടിക്കാനുപയോഗിക്കാന്‍ കഴിയില്ലത്രേ. പശ്നപരിഹാരമുണ്ടാക്കുന്നതിന് എം.എല്‍.എ ഇടപെടണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story