Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 1:50 PM IST Updated On
date_range 22 Aug 2017 1:50 PM ISTഓണത്തിരക്ക്: പുനലൂർ ടൗണിൽ ഗതാഗത നിയന്ത്രണം തുടങ്ങി
text_fieldsbookmark_border
പുനലൂർ: ഓണത്തോടനുബന്ധിച്ച് പുനലൂർ നഗരത്തിൽ ഉണ്ടാകാനിടയുള്ള ഗതാഗതക്കുരുക്കും അനുബന്ധ പ്രശ്നങ്ങളും ഒഴിവാക്കാൻ പൊലീസ് തിങ്കളാഴ്ച മുതൽ നടപടി തുടങ്ങി. തിരക്കേറിയ റോഡുകളിൽ വാഹനങ്ങൾ മറ്റ് റോഡുകളിലൂടെ തിരിച്ചുവിടൽ, അനധികൃത പാർക്കിങ്, ചരക്ക് കയറ്റിറക്കിന് സമയനിയന്ത്രണം തുടങ്ങിയവയാണ് പ്രധാനം. ഇതിനായി ട്രാഫിക് കൺട്രോൾ റൂമിൽനിന്നുള്ള വാഹനം ലഭ്യമാക്കി. എ.ആർ ക്യാമ്പിലെ പൊലീസുകാരെയും നിയമിച്ചിട്ടുണ്ട്. പ്രത്യേക ട്രാഫിക് യൂനിറ്റ് പുനലൂർ പൊലീസ് സ്റ്റേഷൻ കൺട്രോൾ റൂമായി പ്രവർത്തനം തുടങ്ങി. നിയന്ത്രണം ഫലപ്രദമാക്കാൻ ബൈക്ക് പട്രോൾ, രാവിലെയും വൈകീട്ടും കാൽനട പട്രോളിങ്, വനിത പൊലീസ് സേവനം എന്നിവ ഉണ്ടാകും. ഷാഡോ പൊലീസും എസ്.ഐയുടെ നേതൃത്വത്തിൽ മഫ്തി പൊലീസും ടൗണിൽ ഉണ്ടാകും. അനധികൃതമായി പാർക്ക് ചെയ്യുന്ന എല്ലാ വാഹനങ്ങളും റിക്കവറി വാഹനം ഉപയോഗിച്ച് നീക്കംചെയ്യും. ആവശ്യമായ പിഴയും ഇടാക്കും. അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാവൂ. ചെമ്മന്തൂർ- ചൗക്ക- മാർക്കറ്റ് റോഡിൽ വലതുഭാഗത്ത് പാർക്കിങ് അനുവദിക്കില്ല. പോസ്റ്റ് ഒാഫിസ് ജങ്ഷൻ- രാംരാജ് -ചെമ്മന്തൂർ റോഡിൽ ഇടതുവശത്താണ് പാർക്കിങ്. മറ്റു റോഡുകളിൽ പാർക്കിങ് ലൈനിനുള്ളിൽ വാഹനം പാർക്ക്ചെയ്യണം. പോസ്റ്റ് ഒാഫിസ് ജങ്ഷനിൽനിന്ന് പെർമിറ്റിന് വിരുദ്ധമായി സമാന്തര സർവിസ് നടത്തുന്ന വാഹനങ്ങൾ പിടികൂടി കോടതിയിൽ എത്തിക്കും. കുന്നിക്കോട് റോഡിൽനിന്ന് അഞ്ചൽ, കുളത്തുപ്പുഴക്ക് വരുന്ന ചെറിയ വാഹനങ്ങൾ ചെമ്മന്തൂരിൽനിന്ന് എം.എൽ.എ റോഡിലൂടെ വെട്ടിപ്പുഴ പാലത്തിന് തെക്കുവശത്തെത്തി അഞ്ചൽ പോകണം. അഞ്ചൽനിന്ന് കുന്നിക്കോട് ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങളും ഇതുവഴിയാണ് പോകേണ്ടത്. അഞ്ചൽനിന്ന് പുനലൂരിലേക്കും തിരിച്ചുമുള്ള സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ നിർത്താതെ വെട്ടിപ്പുഴയിലെ ബസ് ബേയിലാണ് നിർത്തേണ്ടത്. ടൗണിലെത്തുന്ന ചെറിയ വാഹനങ്ങൾ തൂക്കുപാലത്തിന് പടിഞ്ഞാറുനിന്ന് വടക്കോട്ടുള്ള റോഡിലൂടെ എം.എൽ.എ റോഡിലെത്തി ഗവ. എച്ച്.എസ്.എസിന് മുന്നിലെത്തി കൊട്ടാരക്കര ഭാഗത്തേക്കുപോകണം. വലിയ വാഹനങ്ങളിൽ സാധനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും രാവിലെ എട്ടിനുമുമ്പും രാത്രി എട്ടിന് ശേഷവും കുറച്ച് ദിവസത്തേക്ക് ക്രമീകരിച്ചു. ഗതാഗതനിയന്ത്രണം പാലിക്കുന്നതിന് ജനങ്ങൾ സഹകരിക്കണമെന്ന് പുനലൂർ ഡിവൈ.എസ്.പി ബി. കൃഷ്ണകുമാർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story