വി​വി​ധ സ്ത്രീ​പീ​ഡ​ന​ക്കേ​സു​ക​ളി​ലെ നാ​ല് പ്ര​തി​ക​ൾ പി​ടി​യി​ൽ

11:04 AM
21/04/2017

നെടുമങ്ങാട്: നെടുമങ്ങാട് പൊലീസ് സബ്ഡിവിഷൻ പരിധിയിൽ നടന്ന നാല് സ്ത്രീപീഡനക്കേസുകളിലെ പ്രതികളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. നെയ്യാർഡാം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കെമ്പ ആദിവാസി സെറ്റിൽമെൻറിലെ പട്ടികവർഗ വിഭാഗത്തിൽപെട്ട സ്‌കൂൾ വിദ്യാർഥിനിയെ നടന്നുവരുന്ന സമയത്ത് മാനഭംഗപ്പെടുത്തിയ കേസിലെ പ്രതി അമ്പൂരി കാരിക്കുഴി തടത്തരികത്ത് വീട്ടിൽ ജോബി ജോസഫാണ് (39) അറസ്റ്റിലായ ഒരാൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മഞ്ച സ്വദേശി മുനീറാണ് (25) അറസ്റ്റിലായ രണ്ടാമത്തെയാൾ. ഇതേസ്വഭാവമുള്ള കേസിൽപെട്ട് കോടതി വ്യവസ്ഥകൾക്ക് വിധേയമായി ജാമ്യത്തിൽ കഴിഞ്ഞുവരവേയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ ബലമായി ഓട്ടോയിൽ പിടിച്ചുകയറ്റി ഇയാളുടെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. രണ്ട് മാസം മുമ്പ് ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നെയ്യാർഡാം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ കള്ളിക്കാട് കോലിയക്കോട് റോഡരികത്ത് വീട്ടിൽ നന്ദു ആശാരി (20) ആണ് അറസ്റ്റിലായ മൂന്നാമത്തെയാൾ. ഇയാളുടെ വീടിനടുത്ത് വാടകക്ക് താമസിച്ചിരുന്ന പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. പ്രതിയെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു. പനയമുട്ടം സ്വദേശിയും ഭിന്നശേഷിക്കാരിയുമായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നെടുമങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കോതകുളങ്ങര മുളമൂട് റിജിത്ത് കോട്ടേജിൽ റിജിത്ത് (40) നെടുമങ്ങാട് കോടതിയിൽ കീഴടങ്ങുകയായിരുന്നു. അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയ റിമാൻഡ് ചെയ്തു.റൂറൽ എസ്.പി പി. അശോക്കുമാറിെൻറ മേൽനോട്ടത്തിൽ നെടുമങ്ങാട് ഡിവൈ.എസ്.പി ഇ.എസ്. ബിജുമോൻ, സി.ഐമാരായ എം. അനിൽകുമാർ, എസ്. അനിൽകുമാർ, നെടുമങ്ങാട് എസ്.ഐ ഷിബു, നെയ്യാർഡാം എസ്.ഐ സതീഷ്‌കുമാർ, ശശീന്ദ്ര കൈമൾ, എ.എസ്.ഐ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് കേസുകൾ അന്വേഷിച്ചത്.

COMMENTS