Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2017 9:15 PM IST Updated On
date_range 18 April 2017 9:15 PM ISTകാപ്പിൽ ഹരിതതീരം പദ്ധതിയിലെ കാറ്റാടികൾ മുറിച്ചുകടത്തുന്നു
text_fieldsbookmark_border
വർക്കല: കാപ്പിൽ ഹരിതതീരം പദ്ധതിയെ നശിപ്പിക്കാൻ സാമൂഹികവിരുദ്ധ സംഘം വീണ്ടും രംഗത്ത്. തീരത്ത് സമൃദ്ധമായി വളർന്നുനിൽക്കുന്ന കാറ്റാടിമരങ്ങൾ കൂട്ടത്തോടെയാണ് മുറിച്ചുകടത്തുന്നത്. കായലിലും കടൽത്തീരത്തും വൻതോതിൽ മണലൂറ്റ് നടക്കുമ്പോഴും അധികൃതർ അനങ്ങുന്നില്ല. ലക്ഷങ്ങൾ ചെലവിട്ട് ലക്ഷ്യത്തിലെത്തിച്ച ഹരിതതീരം പദ്ധതി അകാലചരമം പ്രാപിക്കുകയാണ്. കടലാക്രമണം ചെറുക്കാനും തീരത്തെ പരിസ്ഥിതി സംരക്ഷിക്കാനുമാണ് വർഷങ്ങൾക്ക് മുമ്പ് സർക്കാർ പദ്ധതി നടപ്പാക്കിയത്. അന്നും സാമൂഹികവിരുദ്ധർ കാറ്റാടിത്തൈകൾ പിഴുതെറിഞ്ഞും തീയിട്ടും നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. നൂറു കണക്കിന് കാറ്റാടിമരങ്ങൾ അന്ന് അഗ്നിക്കിരയായി. ഇപ്പോൾ കായൽത്തീരത്ത് അനധികൃത നിർമാണങ്ങൾ നടത്തുന്നവർ ഭരണകർത്താക്കളെ സ്വാധീനിച്ചും മറ്റും വൻതോതിൽ കാറ്റാടി മുറിച്ചെടുക്കുകയാണ്. മരങ്ങൾ മുറിച്ചുവിൽക്കുന്ന സംഘങ്ങളും കാപ്പിൽതീരത്ത് സജീവം. കായലിൽ നിന്നും കടൽത്തീരത്ത് നിന്നും വൻതോതിൽ മണലൂറ്റുന്നതും പദ്ധതിക്ക് കനത്ത ഭീഷണിയാണ്. മണലൂറ്റ് വ്യാപകമായപ്പോൾ മൂടിളകിയ കാറ്റാടികൾ കൂട്ടത്തോടെ നിലം പൊത്തുന്നുണ്ട്. ഇങ്ങനെ വീഴുന്നവ പിന്നീട് മുറിച്ചെടുത്ത് വിൽക്കും. 11 വർഷം മുമ്പ് പതിനാറായിരത്തോളം കാറ്റാടി തൈകളാണ് തീരത്ത് മൂന്നിടങ്ങളിലായി െവച്ചു പിടിപ്പിച്ചത്. അതിെൻറ മൂന്നിലൊന്ന് പോലും അവശേഷിക്കുന്നില്ല. പരിസ്ഥിതിദുർബലപ്രദേശമെന്ന പ്രാധാന്യം കൂടി പരിഗണിച്ചാണ് ഹരിതതീരം പദ്ധതിയിൽ കാപ്പിൽമേഖലയും ഉൾപ്പെട്ടത്. കടലിനും കായലിനുമിടക്ക് ഇടനാഴി പോലെ നീണ്ടുനിവർന്നുകിടക്കുന്ന പ്രേദശത്താണ് തൈകൾ നട്ടത്. കരയിടിച്ചിൽ, മണ്ണൊലിപ്പ്, തീരശോഷണം, സൂനാമി സാധ്യതകൾ എന്നിവ തടയുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. കാറ്റാടിമരങ്ങൾ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നേരിട്ട നശീകരണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. തീരപരിപാലനനിയമങ്ങൾ ലംഘിച്ച്കായൽതീരത്ത് കെട്ടിപ്പൊക്കുന്ന റിസോർട്ടുകളുടെ നിർമാണപ്രവർത്തനങ്ങൾക്കും കാറ്റാടികൾ മുറിച്ചുകടത്തുന്നുണ്ട്. നിർമാണം പൂർത്തിയാക്കിയതും നിർമാണം നടന്നുകൊണ്ടിരിക്കുന്നതുമായ റിസോർട്ടുകളിലെല്ലാം തീരത്ത് നിന്ന് മുറിച്ചെടുത്ത കാറ്റാടിമരങ്ങളുണ്ട്. താൽക്കാലിക റിസോർട്ടുകളുടെ നിർമിതിയിലും ഇവയുടെ സാന്നിധ്യം കാണാം. ഇതിനെതിരെ നാട്ടുകാരിൽ നിന്നുതന്നെ പ്രതിഷേധം ശക്തമായിട്ടും പഞ്ചായത്ത് നടപടികൾക്ക് മുതിരാത്തത് സംശയത്തിന് ഇടനൽകുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story