Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2016 6:12 PM IST Updated On
date_range 7 Oct 2016 6:12 PM ISTപുനര്‍നിര്‍മാണത്തിനിടെ ഓഡിറ്റോറിയം തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്ക്
text_fieldsbookmark_border
കിളിമാനൂര്‍: കിളിമാനൂര്‍ ബ്ളോക്കിന് കീഴില്‍ പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂര്‍ പൊയ്കക്കടയില്‍ പുനര്‍നിര്‍മാണത്തിനിടെ ഓപണ്‍എയര്‍ ഓഡിറ്റോറിയം തകര്‍ന്നുവീണു. ബീമിനടിയില്‍ അകപ്പെട്ട രണ്ട് തൊഴിലാളികള്‍ക്ക് സാരമായി പരിക്കേറ്റു. ഒരാളുടെനില ഗുരുതരം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. ഓഡിറ്റോറിയത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ കുരുന്നുകള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. നെടുമങ്ങാട് ചുള്ളിമാനൂര്‍ വാഴപ്പള്ളി തടത്തരികത്ത് വീട്ടില്‍ സന്തോഷ് (35), അയല്‍വാസി തടത്തരികത്ത് വീട്ടില്‍ അക്ഷയ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ സന്തോഷിന്‍െറ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം. പുളിമാത്ത് പഞ്ചായത്തില്‍ 1988ലാണ് ഓപണ്‍എയര്‍ ഓഡിറ്റോറിയം നിര്‍മിച്ചത്. അന്നത്തെ സംസ്ഥാന സര്‍ക്കാറിന്‍െറ 11ഇന പരിപാടിയുടെ ഭാഗമായിരുന്നു നിര്‍മാണം. കാലപ്പഴക്കത്താല്‍ കെട്ടിടത്തിന് തകര്‍ച്ച നേരിട്ടതോടെ അഡ്വ. ബി. സത്യന്‍ എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് കെട്ടിടത്തിന്‍െറ പുനര്‍നിര്‍മാണത്തിനായി 25 ലക്ഷംരൂപ അനുവദിക്കുകയായിരുന്നു. എന്നാല്‍ പുതിയകെട്ടിടം നിര്‍മിക്കാന്‍ തക്ക പണം ഉണ്ടായിരുന്നിട്ടും കെട്ടിടത്തിന്‍െറ മേല്‍ക്കൂര മാറ്റി ഷീറ്റ് സ്ഥാപിക്കാനുള്ള നടപടി അഴിമതിയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇതിനിടെയാണ് കെട്ടിടം നിലംപൊത്തിയത്.ഒരാഴ്ചയോളമായി ഇവിടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ സന്തോഷും അക്ഷയും കെട്ടിടത്തിന് മുകളിലിരുന്ന് ജാക്ക് ഹാമര്‍ ഉപയോഗിച്ച് ബീം പൊട്ടിച്ചുകൊണ്ടിരിക്കെയാണ് താഴെക്ക് നിലംപൊത്തിയത്. 20അടിയിലേറെ ഉയരമുണ്ട് കെട്ടിടത്തിന്. ആദ്യം തെറിച്ചുവീണ ഇരുവര്‍ക്കും മുകളിലേക്ക് ബീമിന്‍െറ ഒരുഭാഗം വീഴുകയായിരുന്നു. സന്തോഷിന്‍െറ തലയിലേക്കും കാലിലേക്കുമാണ് 20 അടിയോളം നീളമുള്ള ബീം വീണത്. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരും കോണ്‍ട്രാക്ടറും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്ത് വാര്‍ഡ് അംഗം ശ്രീകലയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. കെട്ടിടത്തോട് ചേര്‍ന്നാണ് പഞ്ചായത്തിലെ 16ാം വാര്‍ഡിലെ അരിനെല്ലൂര്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ഏഴ് കുട്ടികളാണ് ഇവിടെയുള്ളത്. കെട്ടിടം പൊളിക്കുന്നതിന് മുമ്പ് എല്ലാദിവസവും ഇതിനുള്ളിലായിരുന്നത്രേ കുട്ടികളുടെ പഠനം. വ്യാഴാഴ്ചയും രാവിലെ അങ്കണവാടിക്ക് മുന്നില്‍ കുട്ടികള്‍ ഉണ്ടായിരുന്നു. ക്ളാസിലേക്ക് കയറി 10 മിന്നിറ്റുകള്‍ക്കുശേഷമാണ് അപകടം സംഭവിച്ചത്. എല്ലാദിവസവും പ്രദേശത്തെ ഒരുസംഘം ചെറുപ്പക്കാര്‍ ഓഡിറ്റോറിയത്തിനുമുന്നിലെ ഗ്രൗണ്ടിലാണ് വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ് കളിക്കാനത്തെുന്നത്. ഇനി കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റിയ ശേഷമേ നിര്‍മാണം നടത്താന്‍ അനുവദിക്കൂവെന്നും നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story