Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2016 8:27 PM IST Updated On
date_range 27 Nov 2016 8:27 PM ISTകരമന-കളിയിക്കാവിള റോഡ് വികസനം: നഷ്ടപരിഹാരവിതരണം ജനുവരിയില്‍ പൂര്‍ത്തിയാക്കും
text_fieldsbookmark_border
തിരുവനന്തപുരം: കരമന-കളിയിക്കാവിള റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തവര്‍ക്കുള്ള നഷ്ടപരിഹാരവിതരണം ജനുവരിയോടെ പൂര്‍ത്തിയാകും. ജില്ല വികസനസമിതി യോഗത്തില്‍ കെ. ആന്‍സലന്‍ എം.എല്‍.എ യുടെ അന്വേഷണത്തിന് മറുപടിയായി ഉദ്യോഗസ്ഥര്‍ അറിയിച്ചതാണിത്. പ്രാവച്ചമ്പലം മുതല്‍ കൊടിനട വരെയുള്ള പ്രദേശത്തെ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തീകരിച്ചുവരുകയാണ്. റോഡരികിലെ താമസക്കാര്‍, വ്യാപാരികള്‍, തൊഴിലാളികള്‍ എന്നിവരുടെ പുനരധിവാസ ആനുകൂല്യങ്ങളും ഇതോടൊപ്പം വിതരണം ചെയ്യും. പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെയുള്ള സ്ഥലമേറ്റെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ജലസ്രോതസ്സുകളുടെ മാലിന്യം നീക്കല്‍, നവീകരണം, പുതിയ പദ്ധതികളുടെ കമീഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കിളിമാനൂര്‍, പഴയകുന്നുമ്മേല്‍, മടവൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതി ജനുവരിയോടെ കമീഷന്‍ ചെയ്യും. 35 കോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കിയിട്ടും സാങ്കേതികതയുടെ നൂലാമാലകള്‍ പറഞ്ഞ് പദ്ധതി കമീഷന്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തുകയാണെന്ന് ബി. സത്യന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. പദ്ധതി ജനുവരിയില്‍ പൂര്‍ത്തിയാക്കി ജലവിതരണം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മണ്ഡലത്തിലെ എസ്.സി കോളനികളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. കൃഷിക്കും കുടിവെള്ളത്തിനും ആശ്രയിക്കുന്ന ചാനലുകളിലെ മണ്ണും പാഴ്വസ്തുക്കളും നീക്കം ചെയ്യണമെന്ന് കെ. ആന്‍സലന്‍ ആവശ്യപ്പെട്ടു. നെടുമങ്ങാട് നഗരത്തിലെ ജലവിതരണത്തിനായി വിഭാവനം ചെയ്ത ജലശുദ്ധീകരണശാലയുടെ നിര്‍മാണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കിവരുകയാണെന്ന് സി. ദിവാകരന്‍ എം.എല്‍.എയുടെ പ്രതിനിധിയുടെ അന്വേഷണത്തിന് മറുപടിയായി ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അരുവിക്കര ഡാമിലെ മാലിന്യം നീക്കം ചെയ്യുന്ന നടപടികളുടെ രണ്ടാംഘട്ടം പുരോഗമിക്കുകയാണെന്നും സ്ഥിരമായി മാലിന്യം നീക്കം ചെയ്യുന്നതിന് ഇറിഗേഷന്‍ വകുപ്പിന്‍െറ വീഡ് കട്ടര്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്നും അധികൃതര്‍ പറഞ്ഞു. ശശി തരൂര്‍ എം.പിയുടെ പ്രതിനിധിയാണ് ഇക്കാര്യം സമിതിയുടെ ശ്രദ്ധയില്‍പെടുത്തിയത്. വെള്ളായണി കായല്‍ പ്രദേശത്തെ കൈയേറ്റക്കാര്‍ക്കും കായലില്‍ മാലിന്യം നിക്ഷേപിക്കുന്നതിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത്-റവന്യൂ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും സന്നദ്ധസംഘടനാപ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും കലക്ടര്‍ അറിയിച്ചു. മുതലപ്പൊഴി ഹാര്‍ബര്‍ ഡ്രെഡ്ജിങ് നടപടി ലാഘവത്തോടെ കാണരുതെന്ന് കലക്ടര്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ് പോളിടെക്നിക്കിന്‍െറ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും അല്ലാത്തപക്ഷം അടുത്ത അധ്യയനവര്‍ഷവും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കില്ളെന്നും മുരളീധരന്‍ എം.എല്‍.എയുടെ പ്രതിനിധി ചൂണ്ടിക്കാട്ടി. പൊന്മുടി ഫെസിലിറ്റേഷന്‍ സെന്‍റര്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിന് പുനരുദ്ധാരണപ്രവര്‍ത്തനങ്ങളടക്കമുള്ള നടപടി സ്വീകരിച്ചതായി ഡി.കെ. മുരളി എം.എല്‍.എയുടെ പ്രതിനിധിയുടെ അന്വേഷണത്തിന് മറുപടിയായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. കലക്ടര്‍ എസ്. വെങ്കിടേസപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ. ആന്‍സലന്‍, ബി. സത്യന്‍, മറ്റ് എം.എല്‍.എ മാരുടെയും എം.പിമാരുടെയും പ്രതിനിധികള്‍, സബ് കലക്ടര്‍ ദിവ്യാ എസ്. അയ്യര്‍, എ.ഡി.എം ജോണ്‍ വി. സാമുവല്‍, ജില്ല പ്ളാനിങ് ഓഫിസര്‍ വി.എസ്. ബിജു, മറ്റ് ജില്ലതല ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story