Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2016 5:46 PM IST Updated On
date_range 21 May 2016 5:46 PM ISTദുരിതം പെയ്തിറങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: തലസ്ഥാനത്തെ വെള്ളക്കെട്ടിലാക്കി പെരുമഴ. വ്യാഴാഴ്ച രാത്രി ആരംഭിച്ച മഴ വെള്ളിയാഴ്ച രാവിലെവരെ തുടര്‍ന്നതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ അടക്കം വെള്ളത്തിനടിയിലായി. കരമനയാറും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. ഓടകള്‍ വൃത്തിയാക്കാത്തതുമൂലം നഗരം പകര്‍ച്ചവ്യാധി ഭീഷണി നേരിടുകയാണ്. മണിക്കൂറുകള്‍ തോരാതെ പെയ്ത പെരുമഴയില്‍ പഴവങ്ങാടി, തമ്പാനൂര്‍ എസ്.എസ്.കോവില്‍ റോഡ്, ചാക്ക, കാരാളി, കണ്ണമ്മൂല പുത്തന്‍പാലം, കാലടി, കമലേശ്വരം ആര്യന്‍കുഴി, ത്രിമൂര്‍ത്തി നഗര്‍, കുര്യത്തി, വേളി, കരിക്കകം, ഇടപ്പഴിഞ്ഞി, ശ്രീകണ്ഠേശ്വരം, മുട്ടത്തറ, മുക്കോലക്കല്‍, ആറ്റുകാല്‍, ചാല തുടങ്ങി നിരവധി റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. ഇതുമൂലം രാവിലെതന്നെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. നഗരത്തെ വെള്ളക്കെട്ടില്‍നിന്ന് രക്ഷിക്കാന്‍ ആവിഷ്കരിച്ച ഓപറേഷന്‍ അനന്ത പദ്ധതി പാതിവഴി നിലച്ചതാണ് ഈ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ കാരണമെന്ന് വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. കരിയല്‍ തോടിന്‍െറ നവീകരണം നിലച്ചത് സമീപവാസികളെയും യാത്രക്കാരെയും വലച്ചു. തോടിന്‍െറ ഒഴുക്ക് പലയിടത്തും നിലച്ചതാണ് ദുരിതമായത്. തോട്ടിലെ മലിനജലം പലയിടത്തും കരകവിഞ്ഞൊഴുകി വീടുകളിലും റോഡിലും കയറി. അട്ടക്കുളങ്ങര ബൈപാസിലെ നിര്‍മാണപ്രവൃത്തി കാരണം കരിമഠം ഭാഗത്ത് വെള്ളം കയറുകയും റോഡ് വെള്ളക്കെട്ടിലാകുകയും ചെയ്തു. ആമയിഴഞ്ചാന്‍ തോട് നിറഞ്ഞുകവിഞ്ഞതും മറ്റൊരു ദുരിതമായി. ഗൗരീശപട്ടം ഭാഗത്ത് വെള്ളം കയറുന്നതിന് ഇത് ഇടയാക്കി. ചാക്ക-കോവളം ബൈപാസ് നിര്‍മാണവും പല ഭാഗത്തും ജനങ്ങളെ വലച്ചു. മുട്ടത്തറയില്‍ വടുവത്ത് നിര്‍മാണത്തിനായി കുഴിച്ച സ്ഥലത്ത് വെള്ളം കെട്ടിയത് സമീപവാസികളെയും സ്ഥാപനങ്ങളെയും ദുരിതത്തിലാക്കി. ചില സ്ഥലങ്ങളില്‍ മരങ്ങളും ഒടിഞ്ഞുവീണു. കുന്നുകുഴി, കിള്ളിപ്പാലം, കാലടി, വട്ടപ്പാറ, പൊട്ടക്കുഴി എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. തമ്പാനൂര്‍ കണ്ണേറ്റുമുക്ക്, കമലേശ്വരം, മീനാറ്റിന്‍കര, ശ്രീവരാഹം, കോസ്മോ, മുറിഞ്ഞപാലം എന്നിവിടങ്ങളില്‍ 500ഓളം വീടുകളിലാണ് വെള്ളം കയറിയത്. കണ്ണമൂല, നെല്ലിമൂട് പാലം, കരമന, സി.ഐ.ടി.യു ബണ്ട് റോഡ് തുടങ്ങിയ സ്ഥലങ്ങളിലും കനത്തമഴയില്‍ വെള്ളംകയറി. ഉപ്പിടാംമൂട് പാലത്തില്‍നിന്ന് റെയില്‍വേ ലൈനിന് സമാന്തരമായി തമ്പാനൂര്‍ ഓവര്‍ബ്രിഡ്ജ് ഭാഗത്തേക്കുള്ള റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലായി ആയിരത്തിലധികം പേരാണ് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. തിരുവനന്തപുരം താലൂക്കില്‍ മുട്ടത്തറ, പേട്ട, വഞ്ചിയൂര്‍, പട്ടം, മണക്കാട് എന്നിവിടങ്ങളിലായി 850ഓളം പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാമ്പാണ് പ്രവര്‍ത്തിക്കുന്നത്. കൊച്ചുതുറ സെന്‍റ് ആന്‍റണീസ് എല്‍.പി സ്കൂളില്‍ കരിങ്കുളം വില്ളേജിലെ 192 കുടുംബങ്ങളില്‍നിന്നായി 590 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. മഴ തുടര്‍ന്നാല്‍ ദുരിതം ഇരട്ടിക്കാനാണ് സാധ്യത. മാലിന്യം നിറഞ്ഞ തോടുകളും റോഡുകളും പകര്‍ച്ചവ്യാധി ഭീഷണിയുയര്‍ത്തുന്നു. കാലവര്‍ഷം എത്താന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേ പ്രതിരോധനടപടി ശക്തമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story