Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2016 6:23 PM IST Updated On
date_range 14 Jun 2016 6:23 PM IST‘ജൈവ സമൃദ്ധിയില്‍’ നിറഞ്ഞ ബജറ്റ്
text_fieldsbookmark_border
തിരുവനന്തപുരം: ജില്ലയെ ജൈവസമൃദ്ധിയിലേക്ക് ഉയര്‍ത്താന്‍ പ്രാധാന്യം നല്‍കിയും വിദ്യാഭ്യാസ-ആരോഗ്യമേഖലക്ക് പരിഗണന പ്രഖ്യാപിച്ചും ഉല്‍പാദനമേഖലക്ക് പ്രത്യേകം ഊന്നല്‍ നല്‍കിയും 156.74 കോടിയുടെ വരവും 156.01 കോടിയുടെ ചെലവും 72.95 ലക്ഷത്തിന്‍െറ മിച്ചവും പ്രതീക്ഷിക്കുന്ന ആദ്യ സമ്പൂര്‍ണ ബജറ്റ് ജില്ലാ പഞ്ചായത്തില്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയുമായ അഡ്വ.എ. ഷൈലജാ ബീഗം 2016- 17 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം നടത്തി. കാര്‍ഷിക മേഖലയുമായി ബന്ധപ്പെടുത്തി നടപ്പാക്കുന്ന ജൈവസമൃദ്ധി വഴി ജില്ലയില്‍ 20 സെന്‍റ് വീതമുള്ള 5000 പച്ചക്കറി കൃഷിയൂനിറ്റുകള്‍ സ്ഥാപിക്കാനും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് തണല്‍, അക്ഷരമാല എന്നിവക്കും ബജറ്റില്‍ പ്രധാന്യം നല്‍കിയിട്ടുണ്ട്. മണ്ണും ജലവും ജൈവ സമ്പത്തും നിലനിര്‍ത്താന്‍ മഴത്താവളം, ആത്മാഭിമാനമുള്ള സ്ത്രീസമൂഹം വാര്‍ത്തെടുക്കാന്‍ വിദ്യാര്‍ഥിനികള്‍ക്ക് കരാട്ടേ പരിശീലനം നല്‍കുന്നതിന് ‘രക്ഷ’പദ്ധതി എന്നിവക്കും ബജറ്റ് പ്രത്യേകം ഊന്നല്‍ നല്‍കുന്നു. മാനസിക പിരിമുറുക്കത്തില്‍നിന്ന് വിദ്യാര്‍ഥികളെ രക്ഷിക്കുന്നതിന് ദിശ എന്ന പേരില്‍ യോഗ പരിശീലനം, ജലാശയങ്ങളുടെ സംരക്ഷണത്തിന് എന്‍െറ പുഴ എന്‍െറ ജലാശയം പദ്ധതി, രോഗികള്‍ക്ക് സാന്ത്വന ചികിത്സക്കും പരിചരണത്തിനുമായി സ്നേഹം, ജില്ലാ പഞ്ചായത്തിനുകീഴില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍, ലാബുകള്‍ എന്നിവ സംയോജിപ്പിച്ച് മെഡിക്കല്‍ പാലിയേറ്റിവ് സര്‍വിസ് സൊസൈറ്റി, പൊതുവഴിയോര വിശ്രമ സങ്കേതങ്ങളായ വഴിയമ്പല നിര്‍മാണം, സര്‍ക്കാര്‍ ഫണ്ട് കൂടി പ്രയോജനപ്പെടുത്തി ആധുനിക സൗകര്യങ്ങളോടുകൂടിയ ശ്മശാന നിര്‍മാണം എന്നിവക്ക് ബജറ്റ് പ്രധാന പരിഗണന നല്‍കുന്നു. കേരളീയ സംസ്കാരവും തനിമയും നിലനിര്‍ത്താന്‍ കൂത്തമ്പല നിര്‍മാണം, കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കുമായി പ്രാതല്‍- പാഥേയം പദ്ധതി, തനത് കലകളുടെയും നാടന്‍ കലാരൂപങ്ങളുടെയും ആചാര്യന്മാരെ ആരിക്കുന്ന ഗുരുകുലം പദ്ധതി, ഗ്രന്ഥശാലകളുടെ നവീകരണം ലക്ഷ്യമിടുന്ന വായനശാല പദ്ധതി, മാനസിക- ശാരീരിക ആരോഗ്യ മുന്നേറ്റത്തിന് ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ സ്പോര്‍ട്സ് ഹബ്ബുകള്‍, തെരുവുനായ്ക്കളുടെ വംശവര്‍ധന തടയാന്‍ എ.ബി.സി പ്രജനന നിയന്ത്രണം, മാലിന്യമുക്തമായ ജില്ല വാര്‍ത്തെടുക്കാന്‍ ക്ളീന്‍ വില്ളേജ് പദ്ധതി, ജില്ലയില്‍ 100 ശതമാനം വിജയം നേടുന്ന വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് പ്രതിഭാ സംഗമം എന്നിവക്കും ബജറ്റ് ഉന്നല്‍ നല്‍കുന്നു. കാര്‍ഷിക മേഖല ജനകീയമാക്കുന്നതിന്‍െറ ഭാഗമായി കാര്‍ഷിക സേവന കേന്ദ്രം (അഗ്രോ സര്‍വിസ് സൊസൈറ്റി) ആരംഭിക്കാന്‍ 30 ലക്ഷം ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിനു കീഴിലെ 78 ഹൈസ്കൂളുകളുടെ നവീകരണത്തിനും നൂതനമായ മാതൃകാ പദ്ധതികള്‍ കൊണ്ടുവരാനുമടക്കം വിദ്യാഭ്യാസ മേഖലക്ക് 31.70 കോടിയും ജില്ലാ പഞ്ചായത്തിനു കീഴിലെ സര്‍ക്കാര്‍ ആശപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 16.09 കോടിയും ബജറ്റില്‍ വകയിരുത്തി. പട്ടിക- ജാതി വര്‍ഗ മേഖലയുടെ വികസനത്തിന് 25.45 കോടിയും സാമൂഹികസുരക്ഷിതത്വത്തിനും ക്ഷേമത്തിനും 3.61 കോടിയും ജൈവപച്ചക്കറി, ഫലവൃക്ഷ തൈകളുടെ വിതരണം അടക്കം കാര്‍ഷികമേഖലക്കായി 4.75 കോടിയും ബജറ്റില്‍ തുക നീക്കിവെച്ചു. മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനുമായി 1.52 കോടിയും പൊതുമരാമത്തിന് 36.17 കോടിയും ചെറുകിട വ്യവസായങ്ങള്‍ക്ക് 1.72 കോടിയും ബജറ്റില്‍ തുക മാറ്റിയിട്ടുണ്ട്. കൂടാതെ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ 96.07 തൊഴില്‍ ദിനങ്ങള്‍ക്കായി 366.69 കോടിയുടെ ലേബര്‍ ബജറ്റും യോഗത്തില്‍ അവതരിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ദൈ നംദിന കാര്യങ്ങള്‍ക്കായി 151.53 കോടി രൂപയുടെ വരവുചെലവ് കണക്ക് ജില്ലാ പഞ്ചായത്ത് യോഗം അംഗീകരിച്ചിരുന്നു. അതിന് ശേഷമാണ് സമ്പൂര്‍ണ ബജറ്റ് ഇന്നലെ അവതരിപ്പിച്ചത്. ജില്ലയില്‍ ഇതാദ്യമായി സ്ഥാപിച്ച നിര്‍ദേശപ്പെട്ടികളില്‍ പൊതുജനങ്ങളില്‍നിന്ന് ലഭിച്ച 600 ഓളം നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന 100 നിര്‍ദേശങ്ങള്‍ തെരഞ്ഞെടുത്ത് അതുകൂടി ഉള്‍പ്പെടുത്തിയാണ് ബജറ്റ് തയാറാക്കിയതെന്ന് ആമുഖപ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story