Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2016 5:51 PM IST Updated On
date_range 21 Feb 2016 5:51 PM IST‘സാറേ വന്ധ്യംകരിച്ച നായ്ക്കള്‍ കടിക്കില്ളേ...’
text_fieldsbookmark_border
തിരുവനന്തപുരം: വന്ധ്യംകരിച്ച തെരുവുനായ്ക്കള്‍ കടിക്കില്ളേ എന്ന പ്രതിപക്ഷനേതാവിന്‍െറ ചോദ്യം മുഖ്യമന്ത്രിയെയും പരിസ്ഥിതി മന്ത്രിയെയും മാത്രമല്ല, ഭരണപക്ഷത്തെ ഒന്നടങ്കം വിഷണ്ണരാക്കി. കുടുംബശ്രീ പഴയ നിയമസഭാ ഹാളില്‍ സംഘടിപ്പിച്ച ബാലപാര്‍ലമെന്‍റിലായിരുന്നു പ്രതിപക്ഷ നേതാവിന്‍െറ കുറിക്കുകൊള്ളുന്ന ഉപചോദ്യം. തെരുവുനായ ശല്യം നേരിടാന്‍ അവയെ വന്ധ്യംകരിച്ച് അവിടത്തെന്നെ കൊണ്ടുവിടുകയാണെന്ന് പരിസ്ഥിതിമന്ത്രി മറുപടി പറഞ്ഞപ്പോഴായിരുന്നു ചോദ്യം ഉയര്‍ന്നത്. ഉപചോദ്യത്തിലെ നര്‍മം ഭരണപ്രതിപക്ഷ ബെഞ്ചുകള്‍ ഒന്നടങ്കം ആസ്വദിക്കുകയും ചെയ്തു. ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം മനുഷ്യര്‍ക്ക് മാത്രമല്ല മറ്റുള്ള ജീവജാലങ്ങള്‍ക്കും ഉണ്ടെന്നും അതിനാല്‍ അവയെ ഉന്മൂലനം ചെയ്യാനാവില്ളെന്നും മറുപടി നല്‍കി മന്ത്രി അവസരത്തിനൊത്ത് ഉയര്‍ന്നു. രാവിലെ 11 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബാലപാര്‍ലമെന്‍റ് ആരംഭിച്ചത്. കൃഷിയെ പ്രോത്സാഹിപ്പിക്കാത്തതും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കാത്തതും ആരോഗ്യമേഖലക്ക് പ്രാധാന്യം നല്‍കാത്തതുമാണ് നയപ്രഖ്യാപനമെന്ന് നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്‍െറ വിമര്‍ശമുയര്‍ന്നു. എന്നാല്‍, ട്രാഫിക് നിയമങ്ങള്‍ കാര്യക്ഷമമാക്കുന്നതും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതുമുള്‍പ്പെടെ ഒട്ടേറെ പ്രധാന പ്രഖ്യാപനങ്ങള്‍ നയപ്രഖ്യാപനത്തിലുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് 54നെതിരെ 84 വോട്ടോടെ നന്ദിപ്രമേയം സഭ പാസാക്കി. ചോദ്യോത്തരവേളയില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. ചൈല്‍ഡ് ലൈന്‍, ബാലാവകാശ കമീഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഭരണപക്ഷം എടുത്തുപറഞ്ഞു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളായിരുന്നു സാമൂഹികനീതി വകുപ്പ് സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ രീതി കടമെടുത്തുള്ള ബാലപാര്‍ലമെന്‍റിലെ മറുപടിയും കൗതുകകരമായി. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗവും കുട്ടികള്‍ ചോദ്യങ്ങളാക്കി. സ്കൂള്‍ പരിസരങ്ങളില്‍ ലഹരി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ഇനി നടപ്പാക്കേണ്ട നടപടികളും സംബന്ധിച്ച് ചര്‍ച്ചയായി. സര്‍ക്കാര്‍ സ്കൂളുകളില്‍നിന്ന് കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതു സംബന്ധിച്ചും ചോദ്യമുയര്‍ന്നു. ഇത് തടയുന്നതിന് ക്ളാസ് റൂമുകള്‍ മികച്ചതാക്കുകയും സമര്‍ഥരായ അധ്യാപകരെ നിയമിക്കുകയും കലാ-കായിക പരിശീലനങ്ങള്‍ സൗജന്യമായി നല്‍കുകയും ചെയ്യുന്നുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കി. പ്രതിപക്ഷ ബഹളവും സ്പീക്കറുടെ നിയന്ത്രണവും അടക്കം യഥാര്‍ഥ നിയമസഭയോട് കിടപിടിക്കുന്ന രീതിയിലായിരുന്നു കുട്ടിപാര്‍ലമെന്‍റ് അംഗങ്ങളുടെ പ്രകടനം. അടിമാലി എസ്.എന്‍.ഡി.പി സ്കൂളിലെ വിജീതായിരുന്നു ഗവര്‍ണര്‍. പത്തനംതിട്ട ചൂരക്കോട് എന്‍.എസ്.എസ്.എച്ച്.എസ്.എസ് സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിനി പ്രിയങ്ക പ്രതാപന്‍ മുഖ്യമന്ത്രിയും വയനാട് ജി.എച്ച്.എസ്.എസിലെ അബ്ദുസ്സമദ് പ്രതിപക്ഷ നേതാവുമായി. കൊല്ലം ശൂരനാട് ടി.കെ.ഡി.എം.യു.പി.എസിലെ ആറാം ക്ളാസ് വിദ്യാര്‍ഥിനി അബിത ശങ്കറായിരുന്നു ബാലസഭയിലെ പ്രായം കുറഞ്ഞ അംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story