Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2016 6:34 PM IST Updated On
date_range 4 Feb 2016 6:34 PM ISTവക്കം സംഭവം: വില്ലന്‍ മദ്യ–മയക്കുമരുന്ന് ലോബി
text_fieldsbookmark_border
ആറ്റിങ്ങല്‍: വക്കത്തെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വളംവെക്കുന്നത് മദ്യ-മയക്കുമരുന്ന് ലോബി. ഇവര്‍ നിര്‍ബാധം സൈ്വരജീവിതം കെടുത്തുമ്പോള്‍ പൊലീസും എക്സൈസും കണ്ണടയ്ക്കുന്നതായി പരാതി. വക്കം പഞ്ചായത്തിലുടനീളം അനധികൃത മദ്യവില്‍പന സജീവമാണ്. പ്രധാന ജങ്ഷനുകളിലും തിരക്ക് കുറഞ്ഞ ക്ഷേത്രപ്പറമ്പുകള്‍ പോലെയുള്ള പൊതുസ്ഥലങ്ങളിലും കായലോര മേഖലകളിലുമാണ് സാമൂഹികവിരുദ്ധര്‍ തമ്പടിക്കുന്നത്. ഈ ഭാഗത്തെല്ലാം ആവശ്യാനുസരണം എല്ലാ ദിവസവും എല്ലാ സമയത്തും മദ്യവും ഇതര ലഹരി വസ്തുക്കളും സുലഭമാണ്. പൊതുനിരത്തുകളിലുള്‍പ്പെടെ രാപ്പകല്‍ വ്യത്യാസമില്ലാതെ മദ്യപരുടെ ശല്യമുണ്ട്. സ്കൂള്‍ കുട്ടികളും സ്ത്രീകളുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്. മദ്യവും മയക്കുമരുന്നും കഞ്ചാവും എത്തിച്ച് നല്‍കുന്ന ലോബികള്‍ പഞ്ചായത്തില്‍ സജീവമാണ്. ഇവരുടെ പ്രവര്‍ത്തനമാണ് യുവാക്കളെ അരാജകത്വത്തിലേക്ക് നയിക്കുന്നത്. ബൈക്കുകളിലാണ് മദ്യവും കഞ്ചാവും ഇതര ലഹരിവസ്തുക്കളും ലഭ്യമാക്കുന്നത്. ആവശ്യക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ യഥാസ്ഥാനത്ത് ഇവ എത്തും. മദ്യവില്‍പനശാലകളുടെ അവധിയും ഇവര്‍ക്ക് ബാധകമല്ല. അവധി ദിവസങ്ങളില്‍ വില കൂട്ടി വാങ്ങുമെന്ന് മാത്രം. മദ്യപിച്ചശേഷമാണ് യുവാക്കള്‍ അക്രമത്തിലേക്ക് തിരിയുന്നത്. ദൈവപ്പുര ഭാഗത്തെ സാമൂഹികവിരുദ്ധശല്യം സംബന്ധിച്ച് നിരവധി പരാതികള്‍ ഏറെ നാളായി നിലനില്‍ക്കുന്നുണ്ട്. പ്രദേശവാസികള്‍ക്കും മറ്റുള്ളവര്‍ക്കും ഇത് ദുരിതം സൃഷ്ടിക്കുന്നുണ്ട്. സമീപകാലത്താണ് ലഹരി ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചത്. ബാറുകള്‍ക്കെതിരായ സര്‍ക്കാര്‍ നടപടികളെ തുടര്‍ന്നാണ് ഇത്തരം മാഫിയകള്‍ യുവാക്കള്‍ക്കിടയില്‍ സ്ഥാനം പിടിച്ചത്. ലഹരി പദാര്‍ഥങ്ങള്‍ ഇവിടെ സുലഭമായി ലഭിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടും പൊലീസും എക്സൈസും അന്വേഷിക്കാനോ നടപടി സ്വീകരിക്കാനോ തയാറായിട്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന് പറഞ്ഞ് അവയെ ഒഴിവാക്കി വിടുകയാണ് ഉദ്യോഗസ്ഥ-നിയമപാലക സംഘം. പ്രദേശത്ത് തെരുവുവിളക്കുകള്‍ സ്ഥാപിച്ചാലുടന്‍ അവ സാമൂഹികവിരുദ്ധര്‍ അടിച്ചുതകര്‍ക്കും. സമീപകാലത്ത് സ്വകാര്യവ്യക്തി സ്വന്തമായി പണം മുടക്കി പ്രദേശത്ത് വ്യാപകമായി തെരുവു വിളക്കുകള്‍ സ്ഥാപിച്ചിരുന്നു. നിലവാരമുള്ള എല്‍.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിച്ചത്. ഇവ ദിവസങ്ങള്‍ക്കുള്ളിലാണ് തകര്‍ത്തത്. ഈ സംഭവത്തിലും പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ക്ഷേത്രോത്സവ ഘോഷയാത്രയില്‍ സംഘര്‍ഷം സൃഷ്ടിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ പൊലീസ് പ്രതികളെ രക്ഷിക്കുകയായിരുന്നെന്നാണ് ആക്ഷേപം. നിരവധി സാമൂഹികവിരുദ്ധ അക്രമക്കേസുകള്‍ കടയ്ക്കാവൂര്‍ പൊലീസിലത്തെിയെങ്കിലും അവയെല്ലാം മദ്യലഹരിയിലുണ്ടായ വിഷയങ്ങളാണെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കുകയായിരുന്നു. പ്രദേശത്തെ ഒരു ഭരണകക്ഷി പാര്‍ട്ടിയുടെ നേതാവ് സാമൂഹികവിരുദ്ധരുടെ സംരക്ഷകനാണെന്നാണ് ആക്ഷേപം. പല സംഭവങ്ങളിലും പൊലീസ് നടപടി സ്വീകരിച്ചാലും ഉന്നതങ്ങളില്‍നിന്നുള്ള രാഷ്ട്രീയ ഇടപെടല്‍ മൂലം തുടര്‍നടപടികള്‍ ഒഴിവാക്കപ്പെട്ടു. വരും ദിവസങ്ങളിലെങ്കിലും വക്കത്തെ മദ്യ-ലഹരി ലോബികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചാലേ ജനത്തിന് സ്വസ്ഥമായി ഉറങ്ങാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story