Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുതിയ...

പുതിയ അധ്യായങ്ങളിലേക്ക് ചുവടുവെച്ച് മാധ്യമത്തിന്‍െറ മറ്റൊരു കുതിപ്പ്

text_fields
bookmark_border
തിരുവനന്തപുരം: അച്ചടിമഷിയുടെ മൂര്‍ച്ച ചരിത്രസാക്ഷ്യങ്ങള്‍ തീര്‍ത്ത തലസ്ഥാനത്ത് നേരറിവിന്‍െറ പുതിയ അധ്യായങ്ങളിലേക്കുള്ള ആവേശം വിതറിയായിരുന്നു ആ തുടക്കം. പ്രത്യാശകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമൊപ്പം ദൗത്യസഞ്ചാരപാതയില്‍ വിശാലമായ സ്വപ്നങ്ങളുമായാണ് പ്രസ് ഓടിത്തുടങ്ങിയത്. ‘മാധ്യമ’ത്തിന്‍െറ ഗുണകാംക്ഷികളുടെ നിറസാന്നിധ്യത്തില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സ്വിച്ച് ഓണ്‍ നിര്‍വഹിക്കുമ്പോള്‍ ഗതിവേഗത്തില്‍ കുതിച്ചത് ഒരു വലിയ ജനസഞ്ചയത്തിന്‍െറ പ്രതീക്ഷകള്‍ കൂടിയാണ്. സുഗമമല്ലാത്ത യാത്രയില്‍ ഏറെ പ്രതിസന്ധികളും വൈതരണികളും തരണംചെയ്തതിന്‍െറ അനുഭവവഴക്കത്തിനൊപ്പം ദൗത്യനിര്‍വഹണത്തിന്‍െറ പുതിയ ഊര്‍ജം സംഭരിച്ചതിന്‍െറ സന്തോഷം കൂടിയായിരുന്നു മാധ്യമം കുടുംബത്തിന് ഈ അഭിമാനമുഹൂര്‍ത്തം. പ്രദേശവാസികളുടെ പൂര്‍ണ പിന്തുണ പത്രത്തിന് കരുത്തേകുന്നുവെന്ന് ഉദ്ഘാടനച്ചടങ്ങ് സാക്ഷ്യപ്പെടുത്തി. എല്ലാവിഭാഗം സുമനസ്സുകളുടെയും നിര്‍ലോഭ പിന്തുണയും ആത്മാര്‍ഥ സഹകരണവുമാണ് മാധ്യമത്തിന് മുന്നോട്ടുകുതിപ്പിന് കരുത്താകുന്നതെന്ന് ആമുഖ പ്രസംഗത്തില്‍ മാധ്യമം- മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. നേരും നന്മയും നഷ്ടപ്പെട്ട കാലത്ത്, സത്യസന്ധവും ആര്‍ജവവുമുള്ള നിലപാടുകള്‍ക്കൊപ്പം വാര്‍ത്തയും വീക്ഷണവും വേര്‍തിരിച്ച് അവതരിപ്പിച്ചതിലൂടെ ഏറെ സ്വീകാര്യതയാണ് നേടിയത്. നിലവിലെ സാഹചര്യത്തില്‍ ദേശീയതലത്തില്‍ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കിയും ശക്തിപകര്‍ന്നുമാണ് മാധ്യമം മുന്നോട്ടുപോകുന്നത്. പീഡിതരും അരികുവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരം കാണുകയെന്നതും ഇവരുടെ വിഷയങ്ങള്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയിലത്തെിക്കുക എന്നതും പത്രത്തിന്‍െറ പ്രധാന ദൗത്യങ്ങളിലൊന്നാണ്. സാമുദായികസൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ ‘മാധ്യമം’ തുടക്കം മുതലേ ശ്രദ്ധപുലര്‍ത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികസാഹചര്യങ്ങള്‍ മാറുന്ന കാലത്ത് നന്മയുടെ വിളക്ക് തെളിച്ച് മാധ്യമം മുന്നോട്ടുപോകുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ വൈസ് ചെയര്‍മാന്‍ എം.കെ. മുഹമ്മദലി പറഞ്ഞു. ഏത് പ്രതിസന്ധിയുണ്ടാകുമ്പോഴും അതിനെ തരണം ചെയ്യാന്‍ സഹായിക്കുന്നത് ജനപിന്തുണയാണ്. മഹത്തായ ദൗത്യനിര്‍വഹണത്തിന്‍െറ ഭാഗമാണെന്ന ബോധമാണ് വേറിട്ട ഇടപെടലുകളുടെ പ്രസക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിഭാവുകത്വത്തിന്‍െറയും പക്ഷപാതിത്വത്തിന്‍െറയും നിറം ചേര്‍ക്കാതെയും രാഷ്ട്രീയരംഗത്തെ പ്രബലരുടെ പിന്തുണ നഷ്ടപ്പെടുമെന്ന ഭയമില്ലാതെയും യാഥാര്‍ഥ്യങ്ങള്‍ വാര്‍ത്തകളായി ജനങ്ങളിലത്തെിക്കാന്‍ ‘മാധ്യമ’ത്തിന് കഴിയുന്നുണ്ടെന്ന് സപ്ളിമെന്‍റ് പ്രകാശനം ചെയ്ത ജമീലപ്രകാശം എം.എല്‍.എ ചൂണ്ടിക്കാട്ടി. ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ പുറത്തത്തെിക്കാനും സത്യസന്ധവും യുക്തിസഹവുമായി റിപ്പോര്‍ട്ട് ചെയ്യാനും കഴിയുന്നുവെന്നതില്‍ മാധ്യമം അഭിനന്ദനമര്‍ഹിക്കുന്നു. നേരായ മാര്‍ഗം പ്രതിസന്ധികള്‍ നിറഞ്ഞതും ദുസ്സഹവുമാണെന്ന് അവര്‍ ഓര്‍മിപ്പിച്ചു. വര്‍ത്തമാനകാലത്ത് ദൃശ്യമാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളും ഏറെ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും അതിന്‍െറ പേരില്‍ അച്ചടിമാധ്യമങ്ങള്‍ നിശ്ചലമാകില്ളെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എ അഭിപ്രായപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളുടെയടക്കം ജനക്ഷേമപദ്ധതികളെ പ്രാധാന്യത്തോടെ ജനങ്ങളിലത്തെിക്കാന്‍ മാധ്യമത്തിന് കഴിയുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്‍സജിത റസലും പറഞ്ഞു.
Show Full Article
TAGS:
Next Story