Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാഷ്ട്രീയക്യാമ്പുകള്‍...

രാഷ്ട്രീയക്യാമ്പുകള്‍ സജീവം; സ്ഥാനാര്‍ഥികളെ തേടി നെട്ടോട്ടം

text_fields
bookmark_border
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് തിയതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ ക്യാമ്പുകള്‍ സജീവം. പ്രാദേശികസമവാക്യങ്ങളും സവിശേഷതകളും നിര്‍ണായകമാവുന്ന ത്രിതല തെരഞ്ഞെടുപ്പില്‍ യോഗ്യരായ സ്ഥാനാര്‍ഥികളെ കണ്ടത്തൊനാണ് പാര്‍ട്ടികള്‍ ബുദ്ധിമുട്ട് നേരിടുന്നത്. പ്രാദേശികമായി ഗുണകരമാവുന്ന ഘടകങ്ങള്‍ക്ക് പരിഗണന നല്‍കി തലനാഴിര കീറിയുള്ള വിലയിരുത്തലുകള്‍ക്കുശേഷമാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ നീക്കം നടക്കുന്നത്. നവംബര്‍ മധ്യത്തില്‍ പ്രതീക്ഷിച്ചിരുന്ന തെരഞ്ഞെടുപ്പ് പറഞ്ഞുതീരും മുമ്പേ തൊട്ടുമുന്നിലത്തെിയതിന്‍െറ വെപ്രാളം എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ട്. പ്രതീക്ഷിച്ചിരുന്ന വാര്‍ഡുകള്‍ സംവരണമായതോടെ മറ്റ് വാര്‍ഡുകളിലേക്ക് കുടിയേറാന്‍ കുപ്പായവും തയാറാക്കിയിരിക്കുന്നവരും ഏറെയാണ്. സംവരണമില്ലാത്ത പകുതിയില്‍ താഴെ വരുന്ന വാര്‍ഡുകളില്‍ പുരുഷകേസരികള്‍ ഇടി തുടങ്ങി. അതേസമയം പ്രദേശിക നേതൃത്വങ്ങളെ വലയ്ക്കുന്നത് വനിതാ സംവരണവാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കണ്ടത്തെുന്നതിലാണ്. അങ്കണവാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, സാക്ഷരതാ പ്രേരക്മാര്‍ എന്നിവര്‍ക്ക് മത്സരിക്കാമെന്ന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിപ്പ് പാര്‍ട്ടികള്‍ക്ക് അല്‍പം ആശ്വാസം നല്‍കുന്നുണ്ട്. ഘടകകക്ഷികളും ഗ്രൂപ് യാഥാര്‍ഥ്യങ്ങളും നിര്‍ണായകമാവുന്ന മുന്നണി സംവിധാനത്തില്‍ തര്‍ക്കങ്ങളും പിണക്കങ്ങളുമില്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം തീര്‍ക്കാനായില്ളെങ്കില്‍ തെരഞ്ഞെടുപ്പ് കടുക്കുമെന്ന് എല്ലാ രാഷ്ട്രീയ ക്യാമ്പുകള്‍ക്കും ബോധ്യമുണ്ട്. സമയപരിമിതിക്കിടയില്‍ പരാതിക്ക് ഇടനല്‍കാതെ പരമാവധി സമവായത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുനീക്കാനാണ് നേതാക്കളുടെ ശ്രമം. സ്വതന്ത്രന്മാരും വിമതന്മാരുമുയര്‍ത്തിയേക്കാവുന്ന വെല്ലുവിളികളെ നേരിടാനുള്ള രാഷ്ട്രീയ ആയുധങ്ങള്‍ കണ്ടത്തെലും ഈ സമയപരിധിക്കുള്ളില്‍ വേണം. പ്രതിബന്ധങ്ങള്‍ ഏറെയുണ്ടായിട്ടും അരുവിക്കര കൈയിലൊതുക്കാനായതിന്‍െറ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനിറങ്ങുന്നത്. ഒപ്പം കോര്‍പറേഷന്‍കൂടി പിടിച്ചടക്കാമെന്നതും യു.ഡി.എഫ് ക്യാമ്പിലെ പ്രതീക്ഷയാണ്. ആകെ നൂറ് സീറ്റുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ 42 സീറ്റാണ് യു.ഡി.എഫിനുള്ളത്. എല്‍.ഡി.എഫ് ഭരണം കൈയാളുന്ന കോര്‍പറേഷനില്‍ ഭരണവിരുദ്ധവികാരമുണ്ടായാല്‍ അത് തങ്ങള്‍ക്ക് തുണയാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ജില്ലാ പഞ്ചായത്തിന് പുറമെ 11 ബ്ളോക്കുകളുള്ളതില്‍ ആറും യു.ഡി.എഫിന്‍െറ കൈയിലാണ്. പാറശാല, അതിയന്നൂര്‍, വെള്ളനാട്, വാമനപുരം, നേമം, പോത്തന്‍കോട് എന്നീ ബ്ളോക്കുകളാണ് യു.ഡി.എഫിനുള്ളത്. ഇടതുമുന്നണിക്ക് പെരുങ്കടവിള, നെടുമങ്ങാട്, ചിറയിന്‍കീഴ്, വര്‍ക്കല, കിളിമാനൂര്‍ ബ്ളോക്കുകളും. 73 പഞ്ചായത്തുകളില്‍ ഒന്നിന്‍െറ വ്യത്യാസത്തില്‍ 37ലും യു.ഡി.എഫിനാണ് ഭരണം. 36ല്‍ എല്‍.ഡി.എഫും. രണ്ട് പഞ്ചായത്തുകളിലാകട്ടെ ഇരുമുന്നണികള്‍ക്കും തുല്യ പ്രാതിനിധ്യം മൂലം നറുക്കെടുപ്പാണ് അധ്യക്ഷപദവി നിര്‍ണയിച്ചത്. നാല് മുനിസിപ്പാലിറ്റികളില്‍ രണ്ട് വീതമാണ് ഇരുമുന്നണികള്‍ക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലും നെടുമങ്ങാടും ഇടതിനെ തുണച്ചപ്പോള്‍ വര്‍ക്കലയും നെയ്യാറ്റിന്‍കരയും വലതിനൊപ്പമായിരുന്നു. സ്വന്തം തട്ടകങ്ങള്‍ നിലനിര്‍ത്തുന്നതിനൊപ്പം യു.ഡി.എഫ് ഭരണം കൈയാളുന്ന തദ്ദേശസ്ഥാപനങ്ങളിലെ ഭരണവിരുദ്ധവികാരം വോട്ടാക്കി മറുപടി നല്‍കാനാണ് ഇടതുമുന്നണി നീക്കം. അടിത്തട്ട് ഭദ്രമാക്കിയുള്ള രാഷ്ട്രീയനീക്കത്തിനാണ് ഇടതുമുന്നണി കോപ്പുകൂട്ടുന്നത്. പുതുമുഖങ്ങളെയടക്കം രംഗത്തിറക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സാധ്യമാകുംവിധത്തില്‍ നേട്ടം കൊയ്യാന്‍ ബി.ജെ.പിയും തക്കംപാര്‍ക്കുന്നുണ്ട്. 1219917 പുരുഷന്മാരും 1370545 വനിതകളും എട്ട് ഭിന്നലിംഗക്കാരും ഉള്‍പ്പെടെ 2590470 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
Show Full Article
TAGS:
Next Story