Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓണം വാരാഘോഷത്തിന്...

ഓണം വാരാഘോഷത്തിന് 25ന് തിരിതെളിയും

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്‍െറ ഓണം വാരാഘോഷ പരിപാടികള്‍ 25 മുതല്‍ 31 വരെ നടക്കും. ഏഴ് ദിവസം 29 വേദികളിലായി പരിപാടികള്‍ അരങ്ങേറുമെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തലസ്ഥാന നഗരിയില്‍ 25 മുതല്‍ ദീപാലങ്കാരവുമുണ്ടാകും. 24ന് വൈകീട്ട് സ്പോര്‍ട്സ് കൗണ്‍സില്‍ ആസ്ഥാനത്ത് നിന്നാരംഭിക്കുന്ന വിളംബര ഘോഷയാത്ര കനകക്കുന്ന് കൊട്ടാരവളപ്പില്‍ അവസാനിക്കും. തുടര്‍ന്ന് മന്ത്രി രമേശ് ചെന്നിത്തല പതാക ഉയര്‍ത്തും. മന്ത്രി വി.എസ്. ശിവകുമാര്‍ വൈദ്യുതി ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ നിര്‍വഹിക്കും. 25ന് വൈകീട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാരാഘോഷത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും ഓണഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനതല ഓണാഘോഷത്തിന് പുറമെ തിരുവനന്തപുരത്ത് ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തില്‍ വര്‍ക്കല, ചിറയിന്‍കീഴ്, അരുവിക്കര, നെയ്യാര്‍ഡാം, കോവളം എന്നീ കേന്ദ്രങ്ങളിലും പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. തലസ്ഥാനത്ത് നിശാഗന്ധി ഓഡിറ്റോറിയം, സെന്‍ട്രല്‍ സ്റ്റേഡിയം തുടങ്ങിയ പതിവ് വേദികള്‍ക്ക് പുറമെ ഇത്തവണ ശംഖുംമുഖത്തും പരിപാടികള്‍ നടക്കും. പ്രധാന വേദിയായ നിശാഗന്ധിയില്‍ കെ.എസ്. ചിത്രയും സുദീപും സംഘവും അവതരിപ്പിക്കുന്ന ‘മാജിക്കല്‍ മെലഡീസ്’ എന്ന പരിപാടിയോടെയാണ് ആഘോഷം തുടങ്ങുക. 26ന് ശിവമണിയും കാരുണ്യമൂര്‍ത്തിയും അവതരിപ്പിക്കുന്ന താളസ്വര മേളവും 27ന് ശ്വേത മോഹനും സംഘത്തിന്‍െറയും മ്യൂസിക്കല്‍ നൈറ്റും 28 ന് അഫ്സലും സംഘത്തിന്‍െറയും ഇശല്‍ രാവുകളും ഉണ്ടായിരിക്കും. 30ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും ഉള്ളേരി പ്രകാശും അവതരിപ്പിക്കുന്ന രാഗരസവും 31ന് നടന്‍ മുകേഷും മേതില്‍ ദേവികയും അവതരിപ്പിക്കുന്ന നാടകം ‘നാഗ’വും അരങ്ങേറും. ജി. വേണുഗോപാല്‍, വിധു പ്രതാപ്, ഉണ്ണിമേനോന്‍, സയനോര എന്നിവരുടെ ഗാനമേളകളും ഗോപിനാഥ് മുതുകാടിന്‍െറ ജാലവിദ്യയും ഉണ്ടായിരിക്കും. ശംഖുംമുഖത്ത് ദിവസവും രാത്രി 7.30നാണ് പരിപാടികള്‍. 26ന് മന്നാര്‍കുടി വാസുദേവനും സംഘത്തിന്‍െറയും ലയതരംഗ്, 27ന് സിയഉള്‍ഹക്ക്, ജനാര്‍ദനന്‍ പുതുശേരി, ആറ്റുകാല്‍ ബാലസുബ്രഹ്മണ്യം എന്നിവരുടെ നാദലയതാളം, 28ന് സാമ്രാജിന്‍െറ ജാലവിദ്യ, 29ന് കാവ്യരംഗ ശില്‍പം, 30ന് മെലഡി നൈറ്റ് എന്നിവയാണ് പ്രധാന പരിപാടികള്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ മെഗാഷോ നടക്കും. പബ്ളിക് ഓഫിസ് പരിസരത്തും പൂജപ്പുര മൈതാനത്തും ഗാനമേളയും ഭാരത്ഭവനില്‍ നാടന്‍ കലാരൂപവും വൈലോപ്പിള്ളി സംസ്കൃതിഭവനിലെ തുറന്ന വേദിയിലും കൂത്തമ്പലത്തിലും ശാസ്ത്രീയ സംഘനൃത്തങ്ങളും നടക്കും. കനകക്കുന്നിലെ സംഗീതികയില്‍ ശാസ്ത്രീയ സംഗീതവും സത്യന്‍ സ്മാരക ഹാളില്‍ മാജിക്കും ഹാസ്യപരിപാടിയും സംഘടിപ്പിക്കും. ഗാന്ധിപാര്‍ക്ക് കഥാപ്രസംഗത്തിന് വേദിയാവും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്സ് ഹാളില്‍ നാടകവും വി.ജെ.ടി ഹാളില്‍ കവിയരങ്ങും നടക്കും. പുരാതന-നവ വാദ്യോപകരണങ്ങളുടെ പ്രദര്‍ശനം മ്യൂസിയം ഹാളില്‍ നടക്കും. നഗരത്തില്‍ ഊഞ്ഞാലുകള്‍ ഒരുക്കുന്നതിനൊപ്പം പ്രസ്ക്ളബിന്‍െറ സഹകരണത്തോടെ ഗവണ്‍മെന്‍റ് വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ 26ന് അത്തപ്പൂക്കള മത്സരവും വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ 27ന് തിരുവാതിരകളി മത്സരവും സംഘടിപ്പിക്കും. 31ന് വൈകീട്ട് അഞ്ചിന് വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ടവരെയുള്ള ഘോഷയാത്രയോടെ വാരാഘോഷം സമാപിക്കും. കനകക്കുന്നില്‍ നടക്കുന്ന സൗന്ദര്യവത്കരണം ഒന്നാം ഘട്ടത്തിന്‍െറ ഉദ്ഘാടനം 25ന് മുഖ്യമന്ത്രി നിര്‍വഹിക്കും.
Show Full Article
TAGS:
Next Story