ദേവസ്വം ഭരണ സമിതിയിൽ ഭിന്നതയെന്ന് സമ്മതിച്ച് ചെയർമാൻ

05:00 AM
09/11/2019
ഗുരുവായൂർ: ദേവസ്വം ഭരണത്തിൽ കാര്യങ്ങൾ കുഴഞ്ഞു മറിയുന്നുവെന്ന് വെളിപ്പെടുത്തി ചെയർമാൻ. പത്രവാർത്തകൾക്ക് മറുപടിയായി ചെയർമാൻ നൽകിയ വാർത്തക്കുറിപ്പിലാണ് ഭരണസമിതിയിലെ ജീവനക്കാരുടെ പ്രതിനിധി എ.വി. പ്രശാന്ത് ഇടഞ്ഞു നിൽക്കുകയാണെന്ന് വ്യക്തമാകുന്നത്. ഭരണസമിതിയിൽ പ്രശാന്ത് നൽകിയ വിയോജന കുറിപ്പുകളുടെ ഉള്ളടക്കം പരസ്യപ്പെടുത്തിയാണ് ചെയർമാൻെറ വിശദീകരണങ്ങൾ. സി.പി.എം അനുകൂല യൂനിയൻെറ നോമിനിയായി ഭരണ സമിതിയിൽ ഇടം നേടിയ ആളാണ് പ്രശാന്ത്. കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് മോഷണം പോയതിൽ യൂനിയനിലെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്യുന്നതിനെയും ചിലരുടെ പ്രമോഷൻ തടഞ്ഞുവെച്ചതിനെയും പ്രശാന്ത് എതിർത്തിരുന്നതായി വാർത്തക്കുറിപ്പിൽ പറയുന്നു. കുറ്റാരോപിതരെ സസ്പെൻഡ് ചെയ്യാൻ ഈ മാസം ആറിന് ചേർന്ന യോഗത്തിൽ തീരുമാനിച്ചപ്പോൾ പ്രശാന്ത് എതിർത്തിരുന്നുവെന്ന് ചെയർമാൻ വ്യക്തമാക്കി. എന്നാൽ ഏഴിന് ചേർന്ന യോഗത്തിലാണ് പ്രശാന്ത് വിയോജന കുറിപ്പ് എഴുതി നൽകിയത്. മറ്റ് അംഗങ്ങൾ നടപടിയെ അംഗീകരിച്ചു. ക്ലർക്കുമാരുടെ പ്രമോഷൻ കാര്യത്തിലും പ്രശാന്ത് വിയോജനം രേഖപ്പെടുത്തിയതായി ചെയർമാൻ വ്യക്തമാക്കി. യു.ഡി.സി. തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിനായി അപേക്ഷിച്ച നാല് പേരിൽ മൂന്ന് പേർക്കും സ്ഥാനക്കയറ്റം നൽകി. ക്ലാസ് ഫോർ തസ്തികയിൽ നിന്ന് പ്രമോഷൻ വഴി ക്ലർക്കുമാരായ ചില ജീവനക്കാർക്ക് മലയാളം എഴുതാൻ പോലും അറിയില്ലെന്ന പരാതി നിലവിലുണ്ടായിരുന്നു. അത്തരം ജീവനക്കാരെ ഭരണസമിതി യോഗത്തിലേക്ക് വിളിച്ച് ആക്ഷേപത്തിൽ കഴമ്പുണ്ടോ എന്ന് അന്വേഷിക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂ. ആക്ഷേപം ശരിയല്ലെന്നും തങ്ങൾക്ക് മലയാളം എഴുതാൻ അറിയാമെന്നും പറഞ്ഞ കെ.ആർ.രാമചന്ദ്രൻ, പി.സി.രാജീവ് എന്നിവർക്ക് സ്ഥാനക്കയറ്റം നൽകി. നേരിട്ട് എൽ.ഡി.സിയായി നിയമനം ലഭിച്ച ജീവനക്കാരിക്ക് ഒക്ടോബർ 23ന് സ്ഥാനക്കയറ്റം നൽകിയിരുന്നു. എന്നാൽ ഇല്ലാത്ത തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് അപേക്ഷിച്ച ടി.എസ്. മോഹൻദാസിന് പ്രമോഷൻ നൽകിയില്ലെന്ന് പറഞ്ഞാണ് പ്രശാന്ത് വിയോജനക്കുറിപ്പ് നൽകിയിട്ടുള്ളതെന്ന് ചെയർമാൻ വിശദീകരിച്ചു. കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് മോഷണ കേസിൽ വ്യക്തമായ പ്രാഥമിക തെളിവുകൾ ഉണ്ടായിട്ടും ഉത്തരവാദികൾക്കെതിരായ നടപടിയെ പ്രശാന്ത് എതിർത്തുവെന്നും ചെയർമാൻ പറഞ്ഞു. ഹാർഡ് ഡിസ്ക് മോഷണക്കേസിൻെറ അന്തർനാടകങ്ങളിലേക്ക് വിരൽ ചൂണ്ടി ദേവസ്വം ചെയർമാൻ പൊലീസ് അന്വേഷത്തിന് വാർത്തക്കുറിപ്പ് വഴികാട്ടിയാകും ഗുരുവായൂർ: പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഹാർഡ് ഡിസ്ക് മോഷണ കേസിൻെറ പ്രതികളിലേക്ക് വിരൽ ചൂണ്ടി ദേവസ്വം ചെയർമാൻെറ വാർത്തക്കുറിപ്പ്. ഹാർഡ് ഡിസ്ക് മോഷണം പോയതായി കാണിച്ച് അഡ്മിനിസ്ട്രേറ്റർ ടെമ്പിൾ പൊലീസിന് പരാതി നൽകിയിട്ടും ഇതുവരെയായിട്ടും പ്രതികളെ കണ്ടെത്താനായിരുന്നില്ല. എന്നാൽ ഭരണ സമിതിയിലെ സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടി ദേവസ്വം ചെയർമാൻ ഇറക്കിയ വാർത്തക്കുറിപ്പ് പൊലീസിൻെറ അന്വേഷണത്തിന് പിടിവള്ളിയാകും. ദേവസ്വം ഇലക്ട്രിസിറ്റി വിഭാഗത്തിലെ ജീവനക്കാർ കമ്പ്യൂട്ടർ ദുരുപയോഗം ചെയ്തതായി ലഭിച്ച പരാതിയിൻമേൽ ദേവസ്വം ഐ.ടി. വിഭാഗം അന്വേഷണം ആരംഭിച്ചപ്പോഴാണ് കമ്പ്യൂട്ടറിലെ ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടതെന്ന് പ്രസ്താവനയിൽ പറയുന്നു. വകുപ്പുതല അന്വേഷണത്തിൽ ഇലക്ട്രിസിറ്റി വിഭാഗത്തിലെയും ഐ.ടി.വിഭാഗത്തിലെയും കൂടി 12 ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. ദേവസ്വം കമ്പ്യൂട്ടർ ദുരുപയോഗം ചെയ്ത് അയച്ചതായി പറയുന്ന പരാതി താൻ തയാറാക്കിയതാണെന്ന് സസ്പെൻഷനിലായ സതീഷ് കുമാറിൻെറ മൊഴിയിലും, പരാതി സതീഷ് കുമാറിനുവേണ്ടി എഴുതി കൊടുത്തതാണെന്ന് സസ്പെൻഷനിലായ രാജേഷ് കുമാറിൻെറ മൊഴിയിലും സമ്മതിച്ചിട്ടുണ്ടെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി. കമ്പ്യൂട്ടർ മുറിയുടെ ചുമതലക്കാരനായിരുന്ന പ്രജീഷ് അറിയാതെ ആർക്കും കമ്പ്യൂട്ടർ മുറിയിൽ പ്രവേശിക്കാൻ പോലും പറ്റില്ലെന്നും വകുപ്പുതല അന്വേഷണ റിപ്പോർട്ടിലുണ്ടെന്നും വിശദീകരിച്ചു. ദേവസ്വം ഇലക്ട്രിക്കൽ വിഭാഗം തലവൻ വിനോദ് കുമാറിൻെറ ഭാഗത്ത് കൃത്യവിലോപം ഉണ്ടാതായി റിപ്പോർട്ടിലുള്ളതായി ചെയർമാൻ വെളിപ്പെടുത്തി. ഇത്രയും കാര്യങ്ങൾ ചെയർമാൻ വിശദീകരിച്ചതോടെ പൊലീസിന് നടപടിയെടുക്കാൻ കഴിയാത്ത സാഹചര്യമാണ്.
Loading...