തൃശൂരിന്​ ഇനി ആഘോഷത്തി​െൻറ രാവുകൾ

04:59 AM
11/09/2019
തൃശൂരിന് ഇനി ആഘോഷത്തിൻെറ രാവുകൾ തൃശൂർ: ജില്ലയിലെ ഓണാഘോഷ പരിപാടികൾക്ക് തേക്കിൻകാട് മൈതാനിയിൽ തുടക്കം. ഇനി അഞ്ചുനാൾ സി.എം.എസ് സ്കൂളിനു എതിർവശത്തെ പൂരപ്പറമ്പിൽ വിവിധ പരിപാടികൾ അരങ്ങേറും. സംസ്ഥാന ടൂറിസം വകുപ്പും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ജില്ല ഭരണകൂടവും കോർപറേഷനും സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എല്ലാ ദിവസവും വൈകീട്ട് അഞ്ചുമുതൽ പത്തുവരെ വൈവിധ്യങ്ങളായ കലാപരിപാടികളാണ് പ്രത്യേകം തയാറാക്കിയ വേദിയിൽ അരങ്ങേറുക. ആദ്യദിനത്തിൽതന്നെ കലാപരിപാടികൾ കാണാൻ ജനം ഒഴുകിയെത്തി. പനങ്ങാട്ടുകര പുരുഷോത്തമനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യത്തോടെയാണ് ഇത്തവണത്തെ ഓണഘോഷത്തിന് തുടക്കമായത്. ചീഫ് വിപ്പ് കെ. രാജൻ മുഖ്യതിഥിയായി. എം.എൽ.എമാരായ മുരളി പെരുനെല്ലി, കെ.വി. അബ്ദുൽ ഖാദർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, മേയർ അജിതാ വിജയൻ, കലക്ടർ എസ്. ഷാനവാസ് എന്നിവർ സംസാരിച്ചു. തുടർന്ന് രംഗപൂജ അരങ്ങേറി. കേരളീയം എന്ന പേരിൽ പ്രത്യേക നാടൻകലാപരിപാടി ഗിരി ക്രിയേഷൻസ് വേദിയിൽ അവതരിപ്പിച്ചത് ഹർഷാരവത്തോടെയാണ് ജനം ഏറ്റുവാങ്ങിയത്. രാത്രി എട്ടോടെ ജയരാജ് വാര്യരും സംഘവും അവതരിപ്പിച്ച ഗീതം സംഗീതം പരിപാടി ആസ്വദിക്കാൻ വൻ ജനത്തിരക്കായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ മാത്രം ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള ജയരാജ് വാര്യരാണ് അവതരിപ്പിച്ചത്. ബുധനാഴ്ച വൈകീട്ട് ആറിന് നടൻ നന്ദകിഷോർ അവതരിപ്പിക്കുന്ന ഹാസ്യ കാരിക്കേച്ചർ. എട്ടിന് സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റും ഉണ്ടാകും. ശനിയാഴ്ചത്തെ പുലിക്കളിയോടെയാണ് കലാമാമാങ്കം സമാപിക്കുക.
Loading...