പാവങ്ങൾക്ക് ഇത്തവണ സൗജന്യ ഓണക്കിറ്റില്ല; എം.എൽ.എമാർക്ക് സൂപ്പർ കിറ്റ്

04:59 AM
11/09/2019
തൃശൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ പതിവായി നൽകാറുള്ള സൗജന്യ ഓണക്കിറ്റ് ഇത്തവണ ഒഴിവാക്കി. ഖജനാവിൽ പണമില്ലെന്നാണ് കാരണമായി പറയുന്നത്. അതേസമയം, എം.എൽ.എമാർക്ക് 2000 രൂപയുടെ സാധനങ്ങളടങ്ങുന്ന ഓണക്കിറ്റ് നൽകാൻ സർക്കാർ ഉത്തരവിറക്കി. ധനവകുപ്പിൻെറ അനുമതിയില്ലാത്തതാണ് അന്ത്യോദയ വിഭാഗത്തിന് ഇത്തവണ കിറ്റ് മുടങ്ങാൻ കാരണം. ഖജനാവിൽ പണമില്ലാത്തതിനാൽ സബ്സിഡി ഇനത്തിൽ മുഴുവൻ റേഷൻകാർഡ് ഉടമകൾക്കും നൽകിയിരുന്ന പഞ്ചസാരയും ഇക്കുറി നൽകിയിട്ടില്ല. ഒപ്പം പ്രളയബാധിതർക്ക് നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ച 15 കിലോ അരിയും വിതരണം ചെയ്തില്ല. പകരം സെപ്റ്റംബറിലെ റേഷൻവിഹിതം സൗജന്യമായി നൽകുക മാത്രമാണ് ചെയ്തത്. രണ്ടു കിലോ അരിയും അരകിലോ പഞ്ചസാരയും കാൽകിലോ മുളകും ചായപ്പൊടിയും അടങ്ങുന്ന 100 രൂപയിൽ താഴെ വിലവരുന്ന കിറ്റാണ് വർഷങ്ങളായി വിതരണം ചെയ്യുന്നത്. പ്രളയത്തിൻെറ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം പോലും മുടക്കമില്ലാതെ നൽകിയ കിറ്റാണ് ഗുണഭോക്താക്കൾക്ക് ഇത്തവണ നഷ്ടമാവുന്നത്. സർക്കാറിൻെറ കൈയിൽ പണമില്ലെന്ന് പറയുമ്പോഴും എം.എൽ.എമാരുടെ ഓണാഘോഷത്തിന് ഇത്തവണയും ഒട്ടും മങ്ങലേൽക്കില്ല. രണ്ടായിരം രൂപയുടെ ഗുണനിലവാരമുള്ള വിവിധ സാധനങ്ങളടങ്ങിയ കിറ്റാണ് ഓരോരുത്തർക്കും സർക്കാർ വിതരണം ചെയ്യുക. അതേസമയം, മറ്റ് പല സൗജന്യങ്ങളും അനുവദിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് പാവങ്ങൾക്ക് ഓണക്കിറ്റ് ഇത്തവണ ഒഴിവാക്കിയതെന്ന് സര്‍ക്കാറും പറയുന്നു. പൊതുകാർഡുകൾക്കുള്ള അര ലിറ്റർ മണ്ണെണ്ണയും ഈമാസം മുതൽ നിർത്തലാക്കിയിരുന്നു.
Loading...