Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 5:00 AM IST Updated On
date_range 3 Aug 2019 5:00 AM ISTമതത്തെ മതേതരത്വവത്കരിക്കണം-സച്ചിദാനന്ദൻ
text_fieldsbookmark_border
തൃശൂർ: മതത്തെ മതേതരവത്കരിക്കണമെന്ന് കവി സച്ചിദാനന്ദൻ. മതം ഒരു യാഥാർഥ്യമാണെന്ന് അംഗീകരിക്കണം. ഇന്ത്യയിലെ മതനി രപേക്ഷത മതങ്ങളുടെയും മതവിശ്വാസം ഇല്ലാത്തവരുടെയും സൗഹാർദമാണ്. മതം നിലനിൽക്കട്ടെ, വർഗീയത അതിനെ വിഴുങ്ങുന്നതാണ് കരുതേണ്ടത്-. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗായിരുന്ന പ്രഫ. എം. മുരളീധരൻെറ ഒന്നാം ചരമ വാർഷിക ദിനത്തിൽ സംഘടിപ്പിച്ച 'ജനാധിപത്യത്തിൻെറ പ്രതിസന്ധിയും നവസമീപനത്തിൻെറ അനിവാര്യതയും' എന്ന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിൻെറ മതേതരത്ത കാഴ്ചപ്പാട് അതേപടി സിവിൽ സമൂഹത്തിൽ പ്രയോഗിക്കാനാവില്ല-അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസം വർഗീയതയല്ല, വ്യക്തിപരമായ ആത്മീയതയാണ്. അത് പ്രകടിപ്പിക്കാൻ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കണമെന്നില്ല. ജാതി വർഗത്തിൻെറ മറ്റൊരു രൂപമാണ്. ഗാന്ധി, അംബേദ്കർ, മാർക്സ് എന്നിവരുടെ വൈരുധ്യങ്ങളെക്കുറിച്ച് ഏറെ ചർച്ച നടന്നു. ഇവരുടെ സമാനതകളെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയം അതിക്രമിച്ചു. അടിമയെ പുനർനിർവചിക്കുകയും വർഗ സങ്കൽപം വിപുലീകരിക്കുകയും വേണം. ഇന്ന് കാണുന്ന ഹിന്ദുത്വത്തിൻെറ കോട്ട തകർക്കാൻ അടിത്തട്ടിലുള്ളവരെക്കൊണ്ടാണ് സാധിക്കുക. ഈ യാഥാർഥ്യം തിരിച്ചറിയാതെ ഇന്ത്യയിൽ മാർക്സിസത്തിന് ഇനി മുന്നോട്ട് പോകാനാവില്ല. പക്ഷെ, മാർക്സിസ്റ്റുകളും അംബേദ്കറിസ്റ്റുകളും വൈരുധ്യം വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഒരു നായാട്ടുകാരനും കാലാതീതനായിട്ടില്ല എന്നതാണ് ചരിത്രം. നായാട്ടുകാരുടെ ചരിത്രം ആത്യന്തികമായി നായാടപ്പെട്ടവരുടേത് കൂടിയാണ്. നായാടപ്പെട്ടവർ ഒരിക്കൽ ചരിത്രം മാറ്റും. ഇന്ന് ജയിൽ നിർമിക്കുകയല്ല, ദേശത്തെത്തന്നെ ജയിലാക്കുകയാണ്. എല്ലാവെരയും എല്ലാറ്റിനെയും നിരീക്ഷിക്കുന്ന ഒരു അദൃശ്യ മതിൽ ഉയരുകയും അതിൻെറ തടവറയിലാണെന്ന് ഓരോരുത്തർക്കും തോന്നുകയും ചെയ്യുന്നു. എഴുതാനും പറയാനും തുടങ്ങുന്നതിനു മുമ്പ് അത് വേണോ എന്ന് പല വട്ടം ചിന്തിക്കുന്ന ഭീതിയാണ് ഈ മതിൽ. ജനാധിപത്യത്തിൻെറ വിപരീതമാണ് ഫാഷിസം. ഒരു മതം, ഒരു പുസ്തകം, ഒരു നേതാവ്, ഒരു ഭാഷ എന്നിങ്ങനെ അത് ചുരുങ്ങിച്ചുരുങ്ങി വരും. അപര സൃഷ്ടിയും ഗൂഢാലോചനാ സിദ്ധാന്തവും മാത്രമല്ല, ജനത്തിലാകെ ആശ്രിതത്വ ബോധം വളർത്തുകയും ചെയ്യുന്നതാണ് ഫാഷിസത്തിൻെറ ലക്ഷണം. ജനാധിപത്യാധികാരത്തിലൂടെ ഭരണഘടന നിശബ്ദമാക്കപ്പെടുന്നത് ഇന്ത്യ കാണുകയാണ്. ഇന്ത്യൻ ജനത പുനരധിനിവേശത്തിന് അതിവേഗം ഇരകളാവുകയാണെന്ന് സച്ചിദാനന്ദൻ പറഞ്ഞു. അനുസ്മരണ സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അതിരൂപത സഹായമെത്രാൻ ടോണി നീലങ്കാവിലും ജയരാജ് വാര്യരും അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. എം. മുരളീധരൻ ഫൗണ്ടേഷൻെറ ലോഗോ പ്രകാശനം വൈശാഖൻ നിർവഹിച്ചു. സമിതി സെക്രട്ടറി ഡോ. കെ. പ്രദീപ്കുമാർ, ട്രഷറർ എം. ഹരിദാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story