Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2019 5:02 AM IST Updated On
date_range 1 July 2019 5:02 AM ISTധീരതയുടെ പേരാണ് സുബിൻ
text_fieldsbookmark_border
തിരുവില്വാമല: നിലവിളി കേട്ടാണ് പത്താം ക്ലാസ് വിദ്യാർഥി സുബിൻ വീട്ടിൽനിന്ന് ഓടിയെത്തിയത്. അയൽക്കാരിയായ വയോധിക കിണറ്റിൽ മുങ്ങിത്താഴുന്നു. അടുത്തുണ്ടായിരുന്നവർക്ക് നീന്തലറിയില്ല. കിണറ്റിൽ ചാടാൻ ആർക്കും ധൈര്യമില്ല. പിന്നെ ഒന്നും ആലോചിച്ചില്ല. രണ്ടുമീറ്ററോളം കല്ലിൽ പിടിച്ചിറങ്ങി സുബിൻ കിണറ്റിലേക്ക് ചാടി. മുങ്ങിക്കൊണ്ടിരുന്ന വയോധികയെ പൊക്കിയെടുത്ത് അരികിലെ ചെറിയ പാറയിൽ ചേർത്ത് പിടിച്ച് നിലയില്ലാ വെള്ളത്തിൽ കാലിൽ തുഴഞ്ഞുനിന്നു. അരമണിക്കൂറോളം ഇതേ നിൽപ്പ് തുടർന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പഴയന്നൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബെന്നി, സി.പി.ഒ സുബിൻ സുധി എന്നിവർ എത്തി കിണറ്റിൽ ഇറങ്ങിയപ്പോഴാണ് സുബിന് ആശ്വാസമായത്. പൊലീസുകാരുടെ സഹായത്തോടെ വയോധികയെ കയറിൽ കെട്ടിയിറക്കിയ കസേരയിൽ ഇരുത്തി. തുടർന്ന് ആലത്തൂർ ഫയർഫോഴ്സെത്തിയാണ് ഇവരെ കരക്കെത്തിച്ചത്. വീഴ്ചയിൽ വയോധികക്ക് പരിക്കുകൾ ഇല്ല. തിരുവില്വാമല പട്ടിപ്പറമ്പ് കിഴക്കേക്കര ഉഷാകുമാരിയുടെ മകനാണ് പഴമ്പാലക്കോട് ജി.എസ്.എം.എം.എച്ച്.എസ്.എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ സുബിൻ (15). ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. പട്ടിപറമ്പ് ചക്കിങ്ങൽ രവീന്ദ്രൻെറ ഭാര്യാമാതാവ് ലീലാവതിഅമ്മയാണ് (80) കിണറ്റിൽ വീണത്. ഇവർക്ക് ചെറിയ മാനസിക അസ്വാസ്ഥ്യമുള്ളതായി വീട്ടുകാർ പറഞ്ഞു. സ്വന്തം ജീവൻ വകവെക്കാതെ വയോധികയെ രക്ഷിച്ച സുബിനെത്തേടി അഭിനന്ദന പ്രവാഹമാണിപ്പോൾ. നാട്ടുകാരും പൊലീസും സുബിനെ അഭിനന്ദിക്കാൻ മറന്നില്ല. വിപുലമായ അനുമോദന പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story