Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 5:01 AM IST Updated On
date_range 23 Feb 2019 5:01 AM ISTകടലുണ്ടിയിൽ ഫുട്ബാൾ ഗാലറി തകർന്ന് നൂറോളം പേർക്ക് പരിക്ക്
text_fieldsbookmark_border
കടലുണ്ടിയിൽ ഫുട്ബാൾ ഗാലറി തകർന്ന് നൂറോളം പേർക്ക് പരിക്ക് കടലുണ്ടി: കടലുണ്ടിയിൽ ഫുട്ബാൾ ടൂർണമെൻറ് ഫൈനലിനിടെ താൽക്കാലിക ഗാലറി തകർന്ന് നൂറോളം പേർക്ക് പരിക്ക്. ആയിരത്തോളം പേർ ഇരുന്ന ഗാലറിയാണ് നിലംപൊത്തിയത്. പരിക്കേറ്റവരുടെ സംഖ്യ കൂടാനിടയുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രി, കല്ലമ്പാറ ശിഫ ആശുപത്രി എന്നിവിടങ്ങൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞു. സാരമായി പരിക്കേറ്റ 12 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി 9.20ഓടെയായിരുന്നു അപകടം. ഇടച്ചിറ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ടീം കടലുണ്ടി സംഘടിപ്പിച്ച ടൂർണമെൻറിെല ഫൈനൽ മത്സരത്തിെൻറ കിക്കോഫിന് തൊട്ടുമുമ്പായാണ് കിഴേക്ക ഗാലറി വീണത്. ഡയമണ്ട് പരപ്പനങ്ങാടിയും ഉദയ പറമ്പിൽപീടികയും തമ്മിലുള്ള മത്സരം കാണാൻ അയ്യായിരത്തോളം പേരെങ്കിലും എത്തിയിരുന്നു. സാധാരണ രാത്രി ഒമ്പതിന് തുടങ്ങുന്ന മത്സരം കാണികളുടെ തിരക്കു കാരണം 9.30ന് ആക്കുകയായിരുന്നു. മുളകൾകൊണ്ട് പണിത കിഴക്കേ ഗാലറിയിലേക്ക് ആളുകൾ കയറുമ്പോൾ തന്നെ ഇളക്കം അനുഭവപ്പെട്ടിരുന്നതായി പരിക്കേറ്റ ചിലർ പറഞ്ഞു. ഇതിനിടെ, ഗാലറിക്ക് ബലം നൽകാൻ വിളക്കുകാലിനോട് ചേർന്ന് കെട്ടിയ കയർ വെളിച്ചം ക്രമീകരിക്കുന്നതിെൻറ ഭാഗമായി അഴിച്ചതാണ് വീഴാൻ കാരണമായതെന്ന് ഗാലറിയിലുണ്ടായിരുന്നയാൾ പറഞ്ഞു. ഇദ്ദേഹത്തിെൻറ കൂടെയുള്ള കുട്ടിക്കും പരിക്കുണ്ട്. സംഭവം അറിഞ്ഞയുടൻ സമീപ പ്രദേശങ്ങളിലെ മുഴുവൻ ആംബുലൻസുകളും എത്തിച്ച് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരുന്നു. ഫറോക്ക്, നല്ലളം, ബേപ്പൂർ പൊലീസും നഗരത്തിലെയും മീഞ്ചന്തയിലെയും അഗ്നിരക്ഷാസേന, പൊലീസ് ട്രോമാകെയർ വളൻറിയർമാർ, ജനപ്രതിനിധികൾ എന്നിവരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്റ്റേഡിയത്തിലേക്കുള്ള വഴികളൊക്കെ ഒറ്റ വാഹനത്തിന് കടന്നുപോകാനുള്ള വീതിയിലായത് പരിക്കേറ്റവരെ കൊണ്ടുപോകാൻ പ്രയാസം സൃഷ്ടിച്ചു. രാത്രി 12 മണിക്കും ആംബുലൻസുകൾ ആശുപത്രികളിലേക്ക് ഓടിക്കൊണ്ടിരിക്കയാണ്. മലപ്പുറം ജില്ലയിലെ ടീമുകളുടെ മത്സരമായതിനാൽ വലിയ വിഭാഗം കാണികൾ യൂനിവേഴ്സിറ്റി, പരപ്പനങ്ങാടി മേഖലയിൽ നിന്നുള്ളവരായിരുന്നു. പരിക്കേറ്റവരിലും ഇവിടത്തുകാർ ധാരാളമുണ്ട്. വാർത്ത പരന്നതോടെ പരിഭ്രാന്തരായ നാട്ടുകാർ ആശുപത്രികളിൽ തടിച്ചുകൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story