കുടുംബശ്രീ യോഗത്തിനിടെ ഹാളിൽ പുക കയറി; മുപ്പതോളം വീട്ടമ്മമാർ ആശുപത്രിയിൽ

05:01 AM
11/01/2019
ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് ഓഫിസ് പരിസരത്ത് കൂട്ടിയിട്ട ഫ്ലക്സ് ബോർഡുകൾക്ക് തീപിടിച്ച് കെട്ടിടത്തിനകത്തേക്ക് കയറിയ പുകയിൽ ശ്വാസംമുട്ടി കുടുംബശ്രീ ചെ‍യർപേഴ്സനുൾപ്പടെ മുപ്പതോളം പേർ ചികിത്സയിൽ. സംഭവത്തിനിടെ പരിഭ്രാന്തയായി ജനൽ വഴി പുറത്തേക്ക് ചാടിയ വീട്ടമ്മക്കും പരിക്ക്. കുടുംബശ്രീ ചെയർപേഴ്സൻ നസീമ മജീദ്, സി.ഡി.എസ് അംഗം കൂടിയായ മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രേമാവതി ബാലൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.വി. സുരേന്ദ്ര​െൻറ ഭാര്യ ബിന്ദു, സജിത (33), മകൾ ദക്ഷത്ര (എട്ട് മാസം), ജമീല (49), ഫാത്തിമ (48), സജിത (40), സൗമ്യ (30), നെസി (35), പ്രേമാവതി ബാലകൃഷ്ണൻ (53), പുഷ്പ (55), സഫിയ (55), സംഗീത (36), ഷെറീന (34) എന്നിവരാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിലുള്ളത്. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ പുന്നയൂർ പഞ്ചായത്തി​െൻറ മൂന്നാം നിലയിൽ 120 സ്ത്രീകൾ പങ്കെടുത്ത യോഗത്തിനിടയിലാണ് സംഭവം. പഞ്ചായത്ത് കുടുംബശ്രീയുടെ കീഴിൽ ലോൺ എടുത്ത അയൽക്കൂട്ടങ്ങൾക്കുള്ള പലിശ സബ്സിഡി വിതരണവും കുടുംബശ്രീ ക്ലാസി​െൻറ രണ്ടാം ഘട്ടവും നടക്കുകയായിരുന്നു. പഞ്ചായത്തിലെ കുടുംബശ്രീ യൂനിറ്റ് അക്കൗണ്ടൻറ് ടി.എസ്. സ്മിത സംസാരിക്കുന്നതിനിടെ തെക്കേ ഭാഗത്തെ ജനൽ വഴിയാണ് കറുത്ത പുക അകത്തേക്ക് എത്തിയത്. നിമിഷം കൊണ്ട് ആർക്കും കണ്ണ്തുറക്കാൻ കഴിയാത്ത ഇരുട്ടും ശ്വാസം വലിക്കാനാവാത്ത വായു തടസ്സവുമുണ്ടായി. എന്താണ് സംഭവിക്കുന്നതറിയാതെ എല്ലാവരും അലമുറയിടാൻ തുടങ്ങി. താഴേക്കുള്ള കോണിപ്പടികൾ കാണാതെ പലരും നാല് ഭാഗത്തേക്കും തപ്പിത്തടഞ്ഞു. കെട്ടിടത്തിന് തീ പിടിച്ചെന്ന് കരുതിയ എടക്കഴിയൂർ സ്വദേശി നാലകത്ത് ഷഹന (36) മൂന്നാം നിലയിൽനിന്ന് ചാടുകയായിരുന്നു. സമീപത്തെ ജനലിൽ ഒരു വശത്തെ കമ്പികൾ ദ്രവിച്ച ഭാഗം വഴിയാണ് അവർ ചാടിയത്. രണ്ടാം നിലയും കടന്ന് അവരെത്തിയത് ഓഫിസിന് പുറത്തുള്ള തകര ഷീറ്റിനു മുന്നിൽ. താഴേക്ക് വീഴാതെ അവിടെ തന്നെ ഇരുന്ന വീട്ടമ്മയെ കോണി വെച്ച് നാട്ടുകാരാണ് താഴേക്ക് ഇറക്കിയത്. സംഭവ സമയത്ത് പഞ്ചായത്തിലുണ്ടായിരുന്ന സ്ഥിരം സമിതി അധ്യക്ഷൻ ശിവാനന്ദൻ പെരുവഴിപ്പുറം, കൃഷി അസിസ്റ്റൻറ് ദീപക് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ശിവാനന്ദൻ ആദ്യം ഓടിക്കയറാൻ ശ്രമിച്ചത് ഇരുട്ട് പരന്നതിനാൽ പരാജയപ്പെട്ടു. പിന്നെയും ഒരു ശ്രമം നടത്തിയതായി അക്കൗണ്ടൻറ് സ്മിത പറഞ്ഞു. കണ്ണുതുറക്കാനാകാതെ നിലവിളിക്കുകയായിരുന്ന സ്ത്രീകളെ കൈ പിടിച്ചു താഴേക്ക് ഇറക്കാൻ തുടങ്ങിയതോടെ പഞ്ചായത്തിലെ മറ്റു ജീവനക്കാരും പുറത്തുണ്ടായിരുന്ന നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പഞ്ചായത്ത് ഓഫിസി​െൻറ കിഴക്ക് ഭാഗത്ത് മതിലിനോട് ചേർന്ന ഭാഗത്താണ് കടലാസുകളും മറ്റും കത്തിച്ചത്. പഞ്ചായത്ത് പിടികൂടിയ ഫ്ലക്സ് ബോർഡുകളും ഇവിടെയാണ് സൂക്ഷിക്കുന്നത്. എന്നാൽ തീ കത്താനും പടരാനുമുള്ള കാരണം അജ്ഞാതമാണ്. ചെറുതും വലുതുമായ ഇരുപതോളം ഫ്ലക്സ് ബോർഡുകളാണ് കത്തിയമർന്നത്. ഇതിൽ നിന്നുയർന്ന പുകയാണ് കിഴക്കു നിന്നുള്ള കാറ്റിൽ കെട്ടിടത്തി​െൻറ അകത്തേക്ക് കയറിയത്. എടക്കഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം ഉൾെപ്പടെ പ്രദേശത്തെ വിവിധ ചികിത്സ കേന്ദ്രങ്ങളിലാണ് വീട്ടമ്മമാർ ചികിത്സ തേടിയത്. ജില്ല പഞ്ചായത്തംഗങ്ങളായ ടി.എ. ഐഷ, ഹസീന താജുദ്ദീൻ, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. അഷിത, സ്ഥിരം സമിതി അധ്യക്ഷ ജാസിറ എന്നിവർ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ് ബുഷറ ഷംസുദ്ദീ​െൻറ നേതൃത്വത്തിൽ എല്ലാ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും താലൂക്ക് ആശുപത്രിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
Loading...
COMMENTS