Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2018 6:23 AM GMT Updated On
date_range 8 Sep 2018 6:23 AM GMTരക്ഷാപ്രവര്‍ത്തനത്തിന് സ്വന്തം ഫൈബര്‍ വള്ളം
text_fieldsbookmark_border
കൊടകര: കുറുമാലിപ്പുഴക്ക് അക്കരെയുള്ള കൃഷിയിടത്തിലേക്ക് പോകാനായി പന്തല്ലൂര്‍ സ്വദേശി കാരണത്ത് അനിലന്‍ രണ്ടുവര്‍ഷം മുമ്പ് കൊച്ചിയില്‍നിന്ന് വാങ്ങിയ ഫൈബര്‍ വള്ളം പ്രളയകാലത്ത് 30 പേരുടെ രക്ഷാമാർഗമായി. തൃശൂരില്‍ ഫുഡ് സേഫ്റ്റി ഓഫിസറായ അനിലെൻറ വീട് കുറുമാലിപുഴയോരത്തെ പന്തല്ലൂര്‍ കുണ്ടുകടവിനു സമീപത്താണ്. പുഴക്ക് അക്കരെയുള്ള കൃഷിയിടത്തിലേക്കുപോകാൻ രണ്ടുവര്‍ഷം മുമ്പാണ് അനിലന്‍ 25,000 രൂപ മുടക്കി ഫൈബര്‍ വള്ളം വാങ്ങിയത്. പ്രളയത്തിൽ പ്രദേശം മുങ്ങിയപ്പോൾ വഞ്ചിയുള്ള അനിലനെ നിരവധിപേരാണ് രക്ഷക്കായി വിളിച്ചത്. ആഗസ്റ്റ് 16ന് പന്തല്ലൂര്‍ കുണ്ടുകടവിനരികെ കുടുങ്ങിപ്പോയ നിരവധിപേരെ അനിലന്‍ ഫൈബര്‍ വള്ളത്തിൽ രക്ഷപ്പെടുത്തി. ഒന്നോ രണ്ടോ പേരെ വീതം വള്ളത്തില്‍ കയറ്റി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുകയായിരുന്നു. 10 പശുക്കളെയും പ്രളയത്തില്‍നിന്ന് രക്ഷപ്പെടുത്തി. വരന്തരപ്പിള്ളി പഞ്ചായത്തിലെ മാഞ്ഞൂര്‍ പ്രദേശത്ത് ഒറ്റപ്പെട്ടുപോയവര്‍ക്ക് ഭക്ഷണമെത്തിക്കാനും സാധിച്ചു. പ്രളയം അതിരൂക്ഷമായ ആഗസ്റ്റ് 17നാണ് മാഞ്ഞൂരില്‍ കുടുങ്ങിയ കുടുംബങ്ങളെ രക്ഷിക്കുന്നതിനും അവര്‍ക്ക് ഭക്ഷണമെത്തിക്കാനുമായി സുഹൃത്ത് രാജീവന്‍ കരിമ്പനക്കല്‍ എന്നയാളെയും കൂട്ടി ഫൈബര്‍ വഞ്ചിയില്‍ പുറപ്പെട്ടത്. പന്തല്ലൂരില്‍നിന്ന് നാല് കിലോമീറ്ററോളം പുഴയുടെ മുകള്‍ഭാഗത്തേക്ക് തുഴഞ്ഞുപോയാലേ മാഞ്ഞൂരിലെത്തൂ. തൃക്കണ്ണാപുരം ക്ഷേത്രത്തിനു സമീപത്തുകൂടിയാണ് പുഴ കുറുകെ കടന്നത്. മണിക്കൂറുകള്‍ക്കുശേഷമാണ് വീടിെൻറ ടെറസില്‍ അഭയം നേടിയവരെ കണ്ടെത്തി ഭക്ഷണം കൈമാറിയത്.
Next Story