Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2018 11:05 AM IST Updated On
date_range 2 Sept 2018 11:05 AM ISTപ്രളയത്തിൽ മുങ്ങി താലൂക്ക് യോഗം
text_fieldsbookmark_border
ചാവക്കാട്: പ്രളയം കാരണം ജലസ്രോതസ്സിൽ മാലിന്യം കയറിയ വിവിധ മേഖലകളിൽ ശുദ്ധജലമെത്തിക്കുന്നതിന് അടിയന്തര യോഗം വിളിക്കാൻ ചാവക്കാട് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. വിവിധ പ്രദേശങ്ങളിൽ ഉപ്പുവെള്ളവും മാലിന്യവും കലർന്ന് ജലസ്രോതസ്സുകൾ ഉപയോഗശൂന്യമായിരിക്കുകയാണ്. ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തരമായി കുടിവെള്ളമെത്തിക്കണമെന്ന് നഗരസഭ ചെയർമാൻ എൻ.കെ. അക്ബറാണ് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് കൂടുതൽ ചർച്ച ചെയ്യാൻ വാട്ടർ അതോറിറ്റി പ്രതിനിധിയില്ലാത്തതിനാലാണ് അടിയന്തര യോഗം വിളിക്കാൻ തീരുമാനിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ യോഗം വിളിക്കണമെന്ന് അക്ബർ ആവശ്യപ്പെട്ടു. പ്രളയ ദുരിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശനിയാഴ്ച വികസന സമിതി യോഗത്തിൽ വിഷയമായതെങ്കിലും പല വകുപ്പുകളുടെയും പ്രതിനിധികൾ എത്താതിരുന്നതിനാൽ തീരുമാനവും വിശദീകരണവുമുണ്ടായില്ല. കൃഷി, മൃഗ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളാണ് എവിടെയുമെത്താതിരുന്നത്. മേഖലയിൽ മത്സ്യകൃഷിയുമായി ബന്ധപ്പെട്ട 12 പരാതികളെത്തിയതായി ഫിഷറീസ് വകുപ്പ് പ്രതിനിധി അറിയിച്ചു. മുല്ലത്തറ മുതൽ കാപ്പിരിക്കാട് വരെയുള്ള ദേശീയപാതയിലെ വലിയ കുഴികൾ നികത്താത്തത് സംബന്ധിച്ച് ചെയർമാൻ ശക്തമായി പ്രതിഷേധം അറിയിച്ചു. അടുത്ത ബുധനാഴ്ച ടാറിങ് ആരംഭിക്കുമെന്ന് ദേശീയപാത പ്രതിനിധി അറിയിച്ചു. മാസങ്ങളായി കരാർ നടന്ന ദേശീയപാതയിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ തയാറാകാത്ത കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയപാതയിലെ വിവിധ പ്രദേശത്തെ കുഴികളെക്കുറിച്ച് ജനതാദൾ പ്രതിനിധി കെ.എം. ഹൈദരലിയും വിശദീകരിച്ചു. ഗുരുവായൂരിൽ നിന്ന് ഒഴുക്കി വിടുന്ന കക്കൂസ് മാലിന്യം ചക്കംകണ്ടം കായൽ വഴി പ്രളയമുണ്ടായതോടെ പാവറട്ടി, ഒരുമനയൂർ പഞ്ചായത്തുകളിലെ വിവിധയിടങ്ങളിലേക്ക് വ്യാപിച്ചതായും ഇത് ഗുരുതര ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്നും പാവറട്ടി പഞ്ചായത്ത് പ്രസിഡൻറ് അബു വടക്കയിൽ ചൂണ്ടിക്കാട്ടി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനില്ലാതിരുന്നതിനാൽ ഈ വിഷയവും ചർച്ച ചെയ്യാനായില്ല. തഹസിൽദാർ കെ. പ്രേംചന്ദ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.എ. അബൂബക്കർ ഹാജി, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഉദയ് തോട്ടപ്പള്ളി, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ്, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻറ് ആഷിത, കേരള കോൺഗ്രസ് എം. പ്രതിനിധി തോമസ് ചിറമ്മൽ, കേരള കോൺഗ്രസ് ബി പ്രതിനിധി ടി.പി. ഷാഹു. എൻ.സി.പി പ്രതിനിധി എം.കെ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story