Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:09 AM IST Updated On
date_range 23 May 2018 11:09 AM ISTവെട്ടിയിട്ട മരങ്ങള്‍ക്ക് വേണ്ടി വിലാപയാത്രയും റീത്ത് സമര്‍പ്പണവും
text_fieldsbookmark_border
ചാലക്കുടി: നഗരസഭ വികസനത്തിെൻറ പേരില്‍ ട്രാംവേയിലെ ചാലക്കുടി നഗരസഭ വിവേകമില്ലാതെ വെട്ടി നശിപ്പിച്ച മരങ്ങള്‍ക്ക് വേണ്ടി പരിസ്ഥിതി സാമൂഹിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിലാപയാത്രയും റീത്ത് സമര്‍പ്പണവും നടത്തി. ചൊവ്വാഴ്ച ഉച്ചക്ക് ചാലക്കുടിയിലെ സുരക്ഷാഭവനില്‍ ഇതിെൻറ ഭാഗമായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകർ പങ്കെടുത്ത കണ്‍വെന്‍ഷനും നടന്നു. വികസനത്തിെൻറ പേരില്‍ വൃക്ഷങ്ങള്‍ അനാവശ്യമായി വെട്ടിനശിപ്പിക്കുന്ന നിലവിലുള്ള രീതി മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇനിയൊരിക്കലും മരങ്ങള്‍ അനാവശ്യമായി മുറിച്ച് മാറ്റില്ലെന്ന് ഉറപ്പ് വരുത്തണം. അതിനായി പൊതുമനസ്സാക്ഷി ഉണരുകയും രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാവുകയും സമഗ്രമായ നിയമനിർമാണം നടത്തുകയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. കെ. വേണു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ പലയിടത്തും വികസനത്തിെൻറ പേരിൽ നടക്കുന്ന മരം നശിപ്പിക്കൽ നടക്കാൻ കാരണം നിയമങ്ങള്‍ നടപ്പാക്കുന്നതിലുള്ള ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണെന്ന് വേണു പറഞ്ഞു. ഡോ. ടി.വി. സജീവ്, ഡോ. സി.എം. ജോയി, കെ. ബിനു, കെ. വാസു, പ്രഫ. ഗോപാലകൃഷ്ണമൂര്‍ത്തി, പ്രഫ. കുസുമം ജോസഫ്, എസ്.പി. രവി, ഫാ. ജോണ്‍ കവലക്കാട്ട്, എം. മോഹന്‍ദാസ്, പി.എം. ജിഷ്ണു, പി.കെ. കിട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ബസ് സ്റ്റാൻഡ് ആരംഭിക്കുമ്പോള്‍ ബെല്‍മൗത്ത് നിർമിക്കാനെന്ന വ്യാജേന ചാലക്കുടി പുതിയ വടക്കേ ബസ് സ്റ്റാൻഡിനും സമീപമുള്ള ട്രാംവേ റോഡിെൻറ വശത്തുനിന്ന മരങ്ങള്‍ ഒരാഴ്ച മുമ്പാണ് നഗരസഭ വെട്ടിച്ചത്. ബെല്മൗത്തിെൻറ രൂപരേഖപോലും തയാറാക്കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും നടന്ന മരംവെട്ടലിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ അണിനിരന്നപ്പോൾ മരങ്ങളുടെ ചില്ലകള്‍ മാത്രമേ വെട്ടൂ എന്ന് നഗരസഭ അധികൃതര്‍ വാക്കുനല്‍കി. പിറ്റേന്ന് പുലര്‍ച്ചെ ആരുമറിയാതെ മരങ്ങള്‍ വെട്ടി. ട്രീ കമ്മിറ്റി കൂടിയാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് നഗരസഭ പിന്നീട് ന്യായീകരിച്ചു. ട്രീ കമ്മിറ്റികളെ നോക്കുകുത്തികളാക്കുകയായിരുന്നു എന്നതാണ് യാഥാർഥ്യം. അതോടെ സാമൂഹികപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി നഗരസഭ മാര്‍ച്ച് നടത്തി. ഇവര്‍ക്കെതിരെ നഗരസഭ ഓഫിസ് തല്ലിപ്പൊളിച്ചുവെന്ന് ആരോപിച്ച് പൊലീസിനെക്കൊണ്ട് കള്ളക്കേസുകള്‍ എടുപ്പിച്ച് നഗരസഭ പക വീട്ടി. പ്രതിഷേധം തുടരാനും മരം മുറിക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളാനുമാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെനീക്കം. ജനപ്രതിനിധികള്‍ നല്‍കിയ ഉറപ്പുപാലിക്കാതെ കൂട്ടത്തോടെ മരം വെട്ടാനുണ്ടായ അടിയന്തര സാഹചര്യം അന്വേഷിച്ച് വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും തങ്ങൾക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നുമാണ് അവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story