Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 10:48 AM IST Updated On
date_range 8 May 2018 10:48 AM ISTമുരിങ്ങൂര്‍ കവലയിലെ അപകടറോഡ് അടക്കണമെന്ന സർവകക്ഷിയോഗ തീരുമാനം നടപ്പായില്ല
text_fieldsbookmark_border
ചാലക്കുടി: ദേശീയപാതയില്‍ മുരിങ്ങൂര്‍ സിഗ്നല്‍ കവലയില്‍ അപകടങ്ങളൊഴിവാക്കാന്‍ സെൻറ് സെബാസ്റ്റ്യന്‍ പള്ളിയില്‍നിന്നുള്ള ഉപറോഡ് അടക്കണമെന്ന പ്രധാന നിര്‍ദേശം മാസങ്ങളായിട്ടും നടപ്പാക്കിയില്ല. അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഈ റോഡ് നേരിട്ട് ദേശീയപാതയിലേക്ക് പ്രവേശനം ഒഴിവാക്കണമെന്ന നിര്‍ദേശമാണ് അവഗണിക്കപ്പെടുന്നത്. ബൈക്കില്‍ ഇതുവഴി ദേശീയപാതയിലേക്ക് പ്രവേശിച്ച മൂന്നംഗകുടുംബം അപകടത്തില്‍ മരിച്ച സാഹചര്യത്തിൽ ചേർന്ന സര്‍വകക്ഷിയോഗമാണ് ഇൗ തീരുമാനം എടുത്തത്. ഇറക്കം ഇറങ്ങി വരുന്ന സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങള്‍ ദേശീയപാതയിലേക്ക് വന്നെത്തുന്നത് തടയാന്‍ വേണ്ടി എസ്.പിയാണ് ഈ നിര്‍ദേശം മുന്നോട്ടുെവച്ചത്. അതേസമയം, റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് ദേശീയപാതയുടെ സര്‍വിസ് റോഡിലേക്ക് പ്രവേശിക്കാന്‍ കഴിയുകയും ചെയ്യും. ദേശീയപാതയില്‍ മിക്കവാറും സ്ഥലങ്ങളില്‍ സര്‍വിസ് റോഡില്‍നിന്ന് നേരിട്ട് പ്രവേശിക്കാനുള്ള ഇത്തരം അപകടവഴികള്‍ സമീപകാലത്തായി അടച്ചിരുന്നു. അപകടത്തെത്തുടര്‍ന്ന് സര്‍വകക്ഷിയോഗത്തിലെ തീരുമാനങ്ങളില്‍ മിക്കവാറും നടപ്പായെങ്കിലും ഇത് മാത്രമാണ് നടപ്പാകാത്തത്. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ താല്‍ക്കാലികമായി പൊലീസ് ഇൗ റോഡ് അടച്ചിരുന്നു. മുരിങ്ങൂര്‍ ജങ്ഷന്‍ കിഴക്കോട്ട് മേലൂര്‍, അടിച്ചിലി ഭാഗത്തേക്ക് പോകുന്ന റോഡും എതിര്‍വശത്ത് മുരിങ്ങൂര്‍ ഭാഗത്തേക്ക് പോകുന്ന റോഡും സംഗമിക്കുന്ന ഇവിടെ തിരക്കേറിയ ഭാഗമാണ്. മേലൂര്‍ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ചാലക്കുടി ഭാഗത്തേക്കും കൊരട്ടി ഭാഗത്തേക്കും തിരിച്ചും പോകുന്നതാണ് ഗതാഗതത്തെ സങ്കീർണമാക്കുന്നത്. അതോടൊപ്പം ഇരുവശത്തെയും സര്‍വിസ് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ തിരക്കും ഇവിടം അപകടമേഖലയാക്കുന്നു. നാളുകള്‍ കടന്നുപോകുന്തോറും ഇവിടെ മരണമേഖലയായി മാറുകയാണ്. ബാസ്‌കറ്റ്ബാള്‍ പരിശീലകനായ ഭുവനചന്ദ്രന്‍മാഷടക്കം നിരവധി പേരാണ് ഇവിടെ മരിക്കുകയും അപകടത്തില്‍ ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story